യോഗദിനത്തിന്റെ പ്രസക്തി...
പ്രദീപ് പുറവങ്കര
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനമായി ലോകമെന്പാടും കൊണ്ടാടുകയാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര തലത്തിൽ ഈ ദിനം നൽകുന്നത് വലിയ അഭിമാനമാണ്. യോഗ എന്നത് വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ലെന്നും മറിച്ച് ക്രിയാത്മകമായി മനസ്സിനെയും ശരീരത്തിനെയും ഒരു പോലെ പ്രാപ്തമാക്കുവാൻ സഹായിക്കുന്ന പ്രക്രിയ കൂടിയാണെന്നും ലോകസമൂഹം അംഗീകരിച്ചതിന്റെ തെളിവാണ് ഇന്ന് ഈ ദിനം. ഭാരതീയ ദർശനങ്ങളിൽ നിന്ന് ഉടലെടുത്ത ഈ ഒരു വ്യായമ മുറയെ ലോകം ആദരിക്കുന്നതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ തന്നെ മുൻകെയെടുത്ത് യോഗാ ദിനത്തിന് രൂപം കൊടുത്തത്. അറബ് മേഖല ഉൾപ്പെടയുള്ള നിരവധി രാജ്യങ്ങളിൽ ഇന്ന് യോഗ ഇവിടെയുള്ള സ്വദേശികളുടെ പോലും ദിനചര്യയുടെ ഭാഗമായിരിക്കുന്നു. ഓരോ വർഷവും യോഗാദിനാചരണം വരുന്പോൾ അതോടനുബന്ധിച്ച ചർച്ചകളും നമ്മുടെ ഇടയിൽ സജീവമാകും. ഇത്തവണ അത്തരം ചർച്ചകളിൽ വിവിധ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ആസനങ്ങളും, ക്രിയകളും യോഗയിലുണ്ട് എന്നുള്ള ധ്വനി ഏറെ കുറഞ്ഞിട്ടുണ്ട്. യോഗാ സ്നേഹികൾക്ക് അത് ആശ്വസിക്കാവുന്ന കാര്യമാണ്.
യോഗ ചെയ്യുന്പോൾ മിക്കവരും നടത്താറുള്ള സൂര്യനമസ്കാരത്തെ ആദ്യകാലങ്ങളിൽ ഇത്തരം ഒരു കണ്ണിലൂടെ നോക്കി കാണുന്നവരുണ്ടായിരുന്നു. അതേസമയം ആ തെറ്റിദ്ധാരണ ഇന്ന് ഏറെ മാറിയിട്ടുണ്ട്. സൂര്യൻ ഉദിക്കുന്പോഴും അസ്തമിക്കുന്പോഴും ശരീരത്തിന് ധാരാളം വിറ്റമിൻ ഡി ലഭിക്കുന്നു എന്നത് ശാസ്ത്രം തെളിയിച്ച ഒരു കാര്യമാണ്. മിക്ക മതങ്ങളും സൂര്യോദയത്തിന് മുന്പ് ഒരാൾ ഉണരണമെന്ന് ആഹ്വാനം ചെയ്യുന്നതും ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാകണം. സൂര്യൻ എന്നത് എനർജി അഥവാ ഊർജ്ജം തരുന്ന ഒരു കേന്ദ്രമാണ്. അത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ തന്നെ ഇല്ലാതാകുമെന്ന് വിദഗ്ധർ തന്നെ പറയുന്നു. ഇങ്ങിനെ ശാസ്ത്രീയമായ നിരവധി തെളിവുകളുടെ പിൻബലത്തോടെ യോഗ പുനരവതരിപ്പിച്ച്പ്പോഴാണ് ലോകം അതിനെ ഏറ്റെടുത്ത് തുടങ്ങിയത്. ലോകം തന്നെ വലിയ കന്പോളമായി മാറിയപ്പോൾ ഓരോ രാജ്യവും അവരുടെ ബ്രാൻഡിങ്ങാണ് നടത്തി വരുന്നത്. അങ്ങിനെ നോക്കുന്പോൾ ഭാരത്തിന്റെ ഒരു പ്രധാനപ്പെട്ട ബ്രാന്റായി യോഗ മാറിയിരിക്കുന്നു എന്നതും സത്യമാണ്.
യോഗ എന്ന ക്രിയ ചെയ്യുന്നത് തന്നെ അവനവന്റെ ആരോഗ്യം മെച്ചപ്പെടുത്താനാണെന്ന തിരിച്ചറിവും ഓരോ യോഗദിനവും നമുക്ക് നൽകണം. ആരോഗ്യമുള്ള ഒരു ജനതയ്ക്ക് മാത്രമേ പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്നത് സത്യമാണ്. അതിന് യോഗയോ, ജിംനാസ്റ്റിക്സോ, ആയോധന കലകളോ, നൃത്തമോ ഒക്കെ സഹായിക്കുമെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് അത് പകർന്ന് നൽകണം. മറ്റ് രാജ്യങ്ങൾ ഭാരതത്തിന്റെ പൗരാണികമായ പല സംസ്കാരങ്ങളെയും ശാസ്ത്രീയമായി പഠിച്ച് അത് കാലാനുസ-ൃതമായി പുതുക്കി അവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്പോൾ നമ്മൾ ഭാരതീയർ അതിൽ നിന്നൊക്കെ മാറി എന്താണോ മറ്റു രാജ്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നത്, അത് സ്വാശീകരിക്കാൻ പരക്കം പായുന്നത് സങ്കടകരമാണ്. അതിന് ഒരു മറുമരുന്നാകണം ഓരോ യോഗദിനവും എന്ന ഓർമ്മപ്പെടുത്തലോടെ..