സിൽമേൽ എടുക്കുന്ന ആശാൻമാർ...
പ്രദീപ് പുറവങ്കര
സിനിമാ ലോകം എന്നത് തട്ടിപ്പിന്റെയും വഞ്ചനയുടെയും കൂടി ലോകമാണെന്ന് അതുമായി ചേർന്ന് പ്രവർത്തിക്കുന്നവർ എന്നും പറയാറുള്ള കാര്യമാണ്. സ്ക്രീനിന് പുറത്തും അഭിനയിക്കാൻ അറിയുന്നവരുടെ മായാലോകമാണിതെന്നും, ഇതറിയാതെ കടന്നുവരുന്നവർക്ക് ഉണ്ടാകുന്ന പല അബദ്ധങ്ങളും പുറത്ത് അധികം ആരും അറിയാറില്ലെന്നതുമാണ് സത്യം. സിനിമ നിർമ്മാണത്തിൽ പങ്കാളിത്തവും അഭിനയ വാഗ്ദാനവും നൽകി നമ്മുടെ നാട്ടിൽ വ്യാപകമായി പണം തട്ടുന്ന ഏർപ്പാട് ആരംഭിച്ചിട്ടുണ്ടെന്ന വാർത്തയുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. നക്ഷത്ര ഹോട്ടലുകളിൽ വെച്ച് ആഡംബരപൂർവ്വം പൂജ നടത്തിയാണ് ഇരകളെ വീഴ്ത്തുന്നതത്രെ. ഇതിൽ ഏറ്റവും അധികം പെട്ടുപോകുന്നത് പ്രവാസികളായ മലയാളികളാണ്. സിനിമാ കേന്ദ്രമായ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വെച്ചാണ് ഏറ്റവുമധികം പൂജകൾ നടന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിൽ പൂജയും ഒന്നോ രണ്ടോ ദിവസത്തെ ഷൂട്ടിങ്ങുമൊക്കെയായി ആരംഭിച്ച ഇരുപ്പത്തിയഞ്ചോളം സിനിമകളാണ് ആരുമറിയാതെ നിലച്ചിരിക്കുന്നത്. നിർമ്മാണത്തിന് വേണ്ടി പണം മുടക്കിയവരിൽ പലരും നാണക്കേട് കാരണം പുറത്ത് പറയാൻ മടി കാണിക്കുന്നു. ഇതുകൊണ്ട് തന്നെ തട്ടിപ്പുക്കാർ യഥേഷ്ടം പുതിയ ഇരകളിലേയ്ക്ക് വല എറിഞ്ഞുകൊണ്ടേയിരിക്കുന്നു.
പത്ത് ലക്ഷം മുടക്കിയാൽ കോടികളുടെ ലാഭമെന്നാണ് വാഗ്ദാനമായി നൽകുന്നത്. പത്രങ്ങളിലും ചാനലുകളിലും ഇതിന് ശേഷം വരുന്ന പൂജയുടെ വാർത്തയോടെ സിനിമ നിർമ്മാണം അവസാനിക്കുന്നു. ഇതിനിടയിൽ സഹനിർമ്മാതാവാൻ വന്നയാളുടെ ലക്ഷങ്ങൾ ഇടനിലക്കാരൻ ഊറ്റിയിരിക്കും. ചിലപ്പോഴൊക്കെ വിദേശത്തുവെച്ചും സിനിമയുടെ പൂജ നടക്കാറുണ്ട്. ഇത്തരത്തിൽ അനൗൺസ് ചെയ്യുകയും ഷൂട്ടിംഗ് നടക്കാതിരിക്കുകയും ചെയ്ത ചിത്രങ്ങളുടെ കണക്കെടുത്താൽ വലിയൊരു തട്ടിപ്പിന്റെ ഭീകരാവസ്ഥ മനസ്സിലാകും. ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി ഓഡീഷൻ എന്ന പേരിലും കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ ഹോട്ടലുകളിൽ ക്യാന്പുകൾ നടക്കുന്നുണ്ട്. ഇതിനായി വരുന്നവരോട് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നറിയിക്കുകയും നിർമ്മാണ ചെലവിലേക്കായി പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. അഭിനയ മോഹം തലയ്ക്ക് പിടിച്ചവർ ആവശ്യപ്പെട്ട പണം നൽകുന്നു. പിന്നെ ഇവരെ പറ്റി പതിയെ പതിയെ യാതൊരു വിവരവും ഇല്ലാതെയാകും. ഇത്തരത്തിൽ സിനിമയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഓരോ നാൾ കഴിയുന്പോഴും വർദ്ധിക്കുകയാണെന്ന് പോലീസ് തന്നെ പറയുന്നു. ഈ തട്ടിപ്പുകൾ തുടരുന്പോഴും സിനിമാ സംഘടനകൾ മൗനം പാലിച്ച് വരികയാണ്.
പ്രവാസികളായ സഹൃദയർ എത്രയോ പേർ സിനിമയുടെ മായാലോകത്ത് കാലിടറി വീണിട്ടുണ്ട്. പലരും അവരുടെ മക്കൾക്ക് വേണ്ടിയാണ് അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം മുടക്കാറുള്ളത്. ഗൾഫിൽ േസ്റ്റജ് ഷോകൾക്ക് വേണ്ടി വരുന്ന സിനിമ രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഇത്തരം ആളുകളെ പറ്റിക്കുന്ന ഇടനിലക്കാർ. അഭിനയകുലപതികളുടെ മുന്പിൽ തങ്ങളുടെ മക്കൾ നൃത്തം ചെയ്താലോ, പാട്ട് പാടിയാലോ, ചെറിയ കലാപ്രകടനങ്ങൾ നടത്തിയാലോ ഉടനെ സിനിമയിലെടുക്കുമെന്ന് വിചാരിക്കുന്ന പാവങ്ങളായ പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ നിന്ന് മാറി നിൽക്കണമെന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ... !!