വായിച്ചാലും വളരും ...
പ്രദീപ് പുറവങ്കര
ഇന്ന് വായനാദിനമാണ്. വായനയിലൂടെ മാത്രമേ അറിവ് ലഭിക്കൂ എന്ന് പൂർണ്ണമായും പറയാൻ സാധിക്കില്ലെങ്കിലും നല്ലൊരു വായനാസംസ്കാരം വളർത്തിയെടുക്കേണ്ടത് ഏതൊരു തലമുറയുടെയും മാനസിക പുരോഗതിക്ക് അത്യാവശ്യമായ ഒരു കാര്യമാണ്. വായന ഒരു ശീലമാകുന്പോൾ മനുഷ്യബന്ധങ്ങൾ പോലും ശക്തമാകും എന്നാണ് എന്റെ അനുഭവം. വായനയിൽ ഗുണമുള്ള വായനയെന്നും ഇല്ലാത്ത വായനയെന്നും തരം തിരിച്ചു കാണേണ്ട ആവശ്യമില്ല. കിട്ടുന്നതെല്ലാം വായിക്കാനാണ് ബാല്യം മുതൽ കുട്ടികളെപരിശീലിപ്പിക്കേണ്ടത്. പിന്നീട് അവർ തന്നെ ഇതിലെ നെല്ലും പതിരും സ്വയം തിരിച്ചറിയുമന്നതാണ് അനുഭവം. മുന്പ് നമ്മുടെ നാട്ടിൽ വളരെ സജീവമായിരുന്ന ഗ്രന്ഥശാല പ്രവർത്തനം ഇലട്രോകിണിക് മാധ്യമങ്ങളുടെ കുത്തൊഴുക്കിൽ ഏറെക്കാലം അൽപ്പം മന്ദഗതിയിൽ ആയിരുന്നു. പല വായനശാലകളും പൊടിപിടിച്ചും ചിതലരിച്ചും ഇല്ലാതായി മാറി. ചിലർ വായനശാലയുടെ വരാന്തയിൽ ഒരു ടെലിവിഷൻ വെച്ച് ആളെ കൂട്ടാൻ ശ്രമിച്ചു. അലമാരയിൽ പൊടിപിടിച്ചു കിട്ടുന്ന പുസ്തകങ്ങൾക്ക് കണക്കുപോലുമില്ലാതായി. എന്നാൽ ഇന്ന് ഈ സ്ഥിതിഗതികൾ മാറി വരികയാണ്. ഇന്റർനെറ്റ് അടക്കമുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓൺലൈൻ ലൈബ്രറികൾ ഇന്ന് സജീവമായികൊണ്ടിരിക്കുന്നു. പുസ്തക പേജുകളുടെ അച്ചടിമണമൊന്നും ലഭിക്കില്ലെങ്കിലും അറിവുകൾ നേടാൻ ഇ-വായനയും ഏറെ സഹായിക്കുന്നുണ്ട്.
അതേസമയം ഇലട്രോണിക് മാധ്യമങ്ങളോടും ചാനലുകളോടുമുള്ള സർവ്വവിധ ബഹുമാനവും വെച്ചുകൊണ്ട് തന്നെ വായനദിനവുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയട്ടെ. വീട്ടിൽ ടെലിവിഷൻ ചാനലുകളോട് വിടപറഞ്ഞിട്ട് ഇപ്പോൾ കുറേ കാലമായിരിക്കുന്നു. വാർത്തകളുടെയും അറിവുകളുടെ വെള്ളചാട്ടത്തിൽ കുളിച്ച് സ്വയം ഇല്ലാതാകേണ്ട എന്ന വിചാരത്തോടെയാണ് ഈ ഒരു പിൻവാങ്ങൽ നടത്തിയത്. വൈഫൈ എന്ന വലയും വീട്ടിൽ വെക്കാതായതോടെ ആവശ്യമില്ലാതെ നെറ്റ് ഉപയോഗിക്കുന്ന പ്രവണതയും കുറഞ്ഞു. കുട്ടികൾക്ക് വേണ്ട ചില കാർട്ടൂൺ മൂവികളും, സിനിമകളും ഹാർഡ് ഡിസ്കിലാക്കി കൊടുത്തതോടെ അവർക്കും സമാധാനമായി. ഇതോടൊപ്പം ധാരാളം വെള്ള കടലാസുകളും കളർ പെൻസിലുകളും അവർക്ക് കൊടുത്തു. ഇന്ന് അവർ അതിൽ വരച്ചും കളിച്ചും സമയം മുന്പോട്ട് നീക്കാൻ പഠിച്ചിരിക്കുന്നു. ഒപ്പം പുസ്തകങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ എഴുത്തും വായനയും വർദ്ധിച്ചതോടെ ഏറ്റവും വലിയ ഗുണം കുട്ടികളും ഞങ്ങളും തമ്മിലുള്ള ആശയവിനിമയം ഏറെ വർദ്ധിച്ചിരിക്കുന്നു എന്നതാണ്. ഇന്നത്തെ ലോകത്ത് എത്രമാത്രം പ്രാക്ടിക്കൽ ആണിതെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ ആളല്ല. പക്ഷെ അൽപ്പമൊക്കെ ഒന്ന് ശ്രമിക്കുന്നതിൽ തെറ്റില്ല എന്നാണ് അഭിപ്രായം. കുട്ടി കരയുന്പോൾ ഉടനെ മൊബൈൽ ഫോൺ നൽകി ആ കരച്ചിൽ നിർത്തുന്നതിലും ഭേദം കരയുകയാണെങ്കിൽ പോലും ഒരു പുസ്തകം ആ കുഞ്ഞിന്റെ മുന്പിൽ വെയ്ക്കുന്നതാണെന്ന് തന്നെ ഞാൻ പറയും. അൽപ്പമെങ്കിലും വായനയുടെ ലോകത്തേയ്ക്ക് ഇത്തരത്തിൽ ചിറകടിക്കാൻ ശ്രമിച്ചാൽ ജീവിതം വ്യത്യസ്തമാകും, അതുറപ്പ്!