ലജ്ജാകരം ഈ ദാസ്യപണി...
പ്രദീപ് പുറവങ്കര
നമ്മുടെ പോലീസ് സേനയിൽ വീണ്ടും വിവാദങ്ങളുടെ മഴ പെയ്യുകയാണ്. കീഴുദ്യോഗസ്ഥരെ കൊണ്ട് ദാസ്യവേല ചെയ്യിക്കുക എന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ കർമ്മമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തികച്ചും നിന്ദ്യവും ഹീനവുമായ പ്രവർത്തിയാണ് ഇതെന്നതിന് യാതൊരു വിധ സംശയവുമില്ല. ചുരുക്കം ചില കീഴുദ്യോഗസ്ഥർ ഇത്തരം ജോലികൾ സ്വമനസാലെ ചെയ്തുകൊടുക്കുന്നതിൽ താത്പര്യമുള്ളവരായിരിക്കാമെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെയുള്ളവരല്ല. നിവൃത്തികേടുകൊണ്ടുമാത്രം യജമാനന്മാരുടെ ദാസ്യവേലയ്ക്കു നിന്നുകൊടുക്കേണ്ടിവരുന്നവരാണിവർ. ആ സാഹചര്യം മുതലെടുത്ത് യജമാനന്മാർ സുഖിക്കുകയും ഈ പ്രവണത വളർത്തുകയും ചെയ്യുന്നു. ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയുടെ വാഹനമോടിച്ചിരുന്ന പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദിച്ച കേസാണ് ഇപ്പോൾ പോലീസിലെ കീഴുദ്യോഗസ്ഥർ നേരിടുന്ന തൊഴിൽ പീഡനങ്ങളിൽ ചിലതെങ്കിലും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഉന്നതോദ്യോഗസ്ഥർക്കു ഭീമമായ ശന്പളവും പലതരം ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. വീട്ടുജോലിക്ക് ആളെ വേണമെന്നുണ്ടെങ്കിൽ അവർ ശന്പളംകൊടുത്ത് ആളെ നിർത്തുകയാണ് വേണ്ടത്. പക്ഷെ പല ഉന്നതോദ്യോഗസ്ഥരും തങ്ങളുടെ കീഴ്ജീവനക്കാരെ വീട്ടുപണിക്കും സ്വകാര്യ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. പോലീസിൽ ഇത്തരം ജോലികൾക്കായി നിയോഗിക്കപ്പെട്ട ആറായിരത്തോളം ജീവനക്കാരുണ്ടെന്നു വർഷങ്ങൾക്കു മുന്പ് ഒരു ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. സത്യത്തിൽ ഇങ്ങനെ ജോലിചെയ്യുന്ന പോലീസുകാരെ തിരിച്ചു ഫീൽഡിലേക്കു നിയോഗിച്ചാൽ സേനാംഗങ്ങളുടെ കുറവു കാര്യമായി അനുഭവിക്കുന്ന പോലീസ് വകുപ്പിനു കുറെ ആശ്വാസമാകും. നാട്ടിൽ സംഘർഷാന്തരീക്ഷമുള്ളപ്പോഴും മറ്റും പോലീസിൽ ആവശ്യത്തിനു സേനാംഗങ്ങളില്ലാതെ വരുന്നതു വലിയ പ്രശ്നമാകുന്ന സാഹചര്യത്തിൽ ഇത് ഏറെ ഗുണം ചെയ്യും.
കേരള കേഡറിൽ പ്രവർത്തിക്കുന്ന ഉത്തരേന്ത്യൻ ഐ.പി.എസ്. ഓഫീസർമാരെപ്പറ്റിയാണ് ദാസ്യപ്പണി ചെയ്യിക്കുന്നു എന്ന ആരോപണം കൂടുതലായും ഉയർന്നിരിക്കുന്നത്. ഉത്തരേന്ത്യൻ സാഹചര്യങ്ങളിൽനിന്നും വ്യത്യസ്തമാണ് കേരളത്തിലെ രീതികളെന്ന് അവർ മനസ്സിലാക്കാത്തതോ, മനസിലാക്കിയിട്ടും അറിയാത്ത പോലെ അഭിനയിക്കുന്നതോ ആണ് കീഴ്ജീവനക്കാരെ ഭൃത്യരായി കണക്കാക്കുന്ന മനോഭാവത്തിനു കാരണം. ഐപിഎസ്സും ഐഎഎസ്സുമൊക്കെ കിട്ടിക്കഴിഞ്ഞാൽ തങ്ങൾക്ക് എന്തും ചെയ്യാൻ അധികാരമുണ്ടെന്നൊരു തോന്നൽ ചിലർക്കെങ്കിലുമുണ്ട്. അവരുടെ ആ തെറ്റിദ്ധാരണ സർക്കാർ മാറ്റണം. ദാസ്യവൃത്തി ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കു പോലീസ് ആക്ട് പ്രകാരം ആറുമാസത്തെ തടവുശിക്ഷ ലഭിക്കാം. പോലീസിൽ മാത്രമല്ല, സർക്കാർ സർവീസിലെ പല ഉന്നതോദ്യോഗസ്ഥരും നിയമവിരുദ്ധ ആനുകൂല്യങ്ങൾ അനുഭവിക്കുന്നുണ്ട്. എത്ര വലിയ ഉദ്യോഗസ്ഥനോ നേതാവോ ആയിരുന്നാലും നിയമവിരുദ്ധ ആനുകൂല്യങ്ങൾ അനുഭവിക്കാനോ നിയമവിരുദ്ധമായി പെരുമാറാനോ ഇടയാവരുത്. മനുഷ്യസമത്വത്തെയും തൊഴിൽസംസ്കാരത്തെയും കുറിച്ചുള്ള ലോക തത്ത്വങ്ങൾക്കും മൂല്യഭാവനകൾക്കും കേരളത്തിന്റെ സാമൂഹികസങ്കൽപ്പത്തിനും വിലകൽപ്പിക്കാത്ത ഏതാനും പ്രമാണിമാർക്ക് അവരുടെ തെമ്മാടിത്തം കാണിക്കാനുള്ള മേച്ചിൽപുറങ്ങളായി കീഴുദ്യോഗസ്ഥർ മാറരുത് എന്നാഗ്രഹത്തോടെ...