ഈദ് മുബാറക്ക്..
ഒരിക്കൽ കൂടി വ്രതശുദ്ധിയുടെ, ആത്മനിയന്ത്രണത്തിന്റെ ചിട്ടയായ പരിശീലനത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് വീണ്ടും ഒരു പെരുന്നാൾ ദിനം എത്തിയിരിക്കുന്നു. സോഷ്യൽ നെറ്റ്്വർക്കുകളിലെ ചങ്ങലകളിൽ കുടുങ്ങി കിടക്കാതെ സ്വന്തം വീടിന്റെ ഉമ്മറത്തേയേക്ക് മനസ് കൊണ്ടെങ്കിലും ഒരു ഓട്ടപ്രദക്ഷിണം നടത്താൻ ഈ പെരുന്നാൾ ദിനത്തിൽ നമുക്ക് സാധിക്കട്ടെ! പരസ്പരം ആശംസിക്കുന്പോൾ അതു കേവലം ഫോർമ്മാലിറ്റി ആകാതെ ഹൃദയം തുറന്ന് സമയം എടുത്തു കൊണ്ട് സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും നമുക്ക് സാധിക്കട്ടെ!!
ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന രോഗികളെയോ, തിളങ്ങുന്ന കുപ്പായങ്ങൾ വാങ്ങിക്കാനോ, നല്ല ഭക്ഷണം കഴിക്കാൻ പറ്റാതെയോ വിഷമിക്കുന്ന പാവപ്പെട്ടവന്റെയോ വീടുകളിൽ പോകാനും സമാശ്വാസം നൽകാനും ഈ ദിനങ്ങളിൽ നമുക്ക് സാധിക്കട്ടെ!!!
കുടുംബത്തിന്റെ സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ച് നിൽക്കുന്പോൾ, ഒളിമറയില്ലാതെ ഹൃദയം തുറന്ന് മനസ് പങ്ക് വെക്കുന്പോൾ, അന്യന്റെ സങ്കടങ്ങളെ ഒപ്പിയെടുത്ത് അവന് ആശ്വാസം പകരുന്പോൾ ഒക്കെ നമുക്ക് അനുഭവപ്പെടുന്നത് സർവ്വശക്തനായ ദൈവത്തിന്റെ സാന്നിദ്ധ്യമായിരിക്കും. ആ അനുഭവത്തിന് വേണ്ടിയാണ് എല്ലാ വ്രതങ്ങളും, ആചാരങ്ങളും, ആചരണങ്ങളും മനുഷ്യനുണ്ടാക്കിയിരിക്കുന്നത്.
വിശുദ്ധ ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന ‘ഹേ മനുഷ്യരേ’ എന്നാണ്. നമ്മളൊക്കെ കേവലം മനുഷ്യരാണെന്ന ഓർമ്മപ്പെടുത്തൽ ആണ് ഇത് നൽകുന്നത്. ഈശ്വരസാന്നിദ്ധ്യം അനുഭവിക്കാനുള്ള നന്മ നിറഞ്ഞ അവസരങ്ങളെ കാത്തിരിക്കുന്ന കേവലം മനുഷ്യർ.
എല്ലാം ഒന്ന് തന്നെ എന്ന തിരിച്ചറിവിൽ വിശ്വസാഹോദര്യത്തിന്റെ വാക്താക്കളെന്ന നിലയ്ക്ക് പരസ്പരമുള്ള കൊടുക്കൽ വാങ്ങലിലൂടെ സ്നേഹവും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കാൻ സാധിക്കുന്ന ദിനമായി ഈ പെരുന്നാൾ ദിനവും മാറട്ടെ. ഫോർ പി.എമ്മിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഒരിക്കൽ കൂടി സ്നേഹോഷ്മളമായ പെരുന്നാൾ ആശംസകൾ.
സസ്നേഹം
പ്രദീപ് പുറവങ്കര
മാനേജിംഗ് എഡിറ്റർ, ഫോർ പി.എം ന്യൂസ്