ഫോണിലെ പോൺ...
പ്രദീപ് പുറവങ്കര
‘‘മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കരുത്. അവരന്തെങ്കിലും കണ്ടാലോ.. ഈ കുന്ത്രാണ്ടങ്ങൾ വന്നതോടെ കുഴിയിലേയ്ക്ക് കാല് നീട്ടി ഇരിക്കുന്നവർ വരെ മുറിയടച്ച് വേണ്ടത്തത് കണ്ടുകൊണ്ടിരിക്കുന്ന കാലമാ. അതുകൊണ്ടാ പറഞ്ഞേ...’’ വീട്ടിൽ വിരുന്നിന് വന്ന ബന്ധു തന്റെ ആശങ്കകൾ പങ്ക് വെച്ചു കൊണ്ടേയിരുന്നു. എന്റെ ചെറിയ മകൾ ഫോണെടുത്ത് കളിക്കുന്നത് കണ്ടാണ് അവർ വിഷയം എടുത്തിട്ടത്. പറഞ്ഞു വന്നപ്പോൾ കുറച്ച് കാര്യമുള്ള കാര്യം തന്നെയാണെന്ന് ഇതെന്ന് മനസിലായി.
പീഢനങ്ങൾക്ക് വലിയൊരളവിൽ കാരണമാകുന്നത് മദ്യവും, നീലചിത്രങ്ങളുമാണെന്ന് ബഹുമാനപ്പെട്ട കോടതി തന്നെ മുന്പൊരിക്കൽ പറഞ്ഞിരുന്നു. ലൈംഗികാരോഗ്യം തകരാറിലായിട്ടുള്ളവർക്ക് സ്വസ്ഥമായി മേയാൻ പറ്റിയ ഏറ്റവും വലിയ മേച്ചിൽപ്പുറങ്ങളാണ് ഇന്ന് ഇന്റർനെറ്റിലെ പോണോഗ്രാഫി സൈറ്റുകൾ. നിരവധി പേർ കയറിയിറങ്ങുന്ന പോണോഗ്രാഫി സൈറ്റുകളിൽ കൂടുതലായി ഉപയോഗിക്കുന്ന കീവേഡുകളായ ചൈൽഡ് സെക്സ്, ഗ്രൂപ്പ് സെക്സ്, പബ്ലിക് സെക്സ്, ടീച്ചർ സെക്സ്, ആനിമൽ സെക്സ് തുടങ്ങിയവയിൽ നിന്നുതന്നെ ഇത് കാണുന്നവരുടെ ലൈംഗികമായ മാനസികാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നമുക്ക് മനസിലാകും.
മുന്പൊക്കെ കൗമാരം യൗവ്വനത്തിലേയ്ക്ക് പിച്ചവെയ്ക്കുന്പോൾ രഹസ്യമായോ പരസ്യമായോ ലഭിച്ചിരുന്ന കൊച്ചുപുസ്തകങ്ങളായിരുന്നു ലൈംഗികതയുടെ നിറം പിടിപ്പിക്കുന്ന ലോകം നമുക്ക് മുന്പിൽ തുറന്നിട്ടിരുന്നത്. ഇലക്ട്രോണിക്ക് യുഗം വന്നപ്പോൾ അത് വീഡിയോ ക്യാസറ്റുകളായി. വലിയ മുൻകരുതലുകളോടെയായിരുന്നു ആ തലമുറ ഇതൊക്കെ കണ്ടതും കേട്ടതും. എന്നാൽ ഇന്ന് കാര്യങ്ങൾ വല്ലാതെ മാറി പോയിരിക്കുന്നു. കൈയിലുള്ള സ്മാർട്ട് ഫോണിലെ യുട്യൂബിലൂടെയോ, ഗൂഗിളിലൂടെയോ ഏത് തരം വീഡിയോകളും നമ്മുടെ മുന്പിലെത്തുന്നു. ലോകത്ത് തന്നെ വ്യാവസായിക അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഏറ്റവും വലിയ കച്ചവടങ്ങളിലൊന്നാണ് പോണോഗ്രാഫിയും, അനുബന്ധ ഘടകങ്ങളും. എന്നാൽ പ്രായപൂർത്തിയായവർക്ക് പോലും ലൈംഗികതയെ പറ്റി വികലമായ ധാരണകളാണ് പലപ്പോഴും ഇത്തരം പോണോഗ്രാഫി സൈറ്റുകൾ സമ്മാനിക്കുന്നത്. മികച്ച ആർട്ടിസ്റ്റുകളെ വെച്ച് ആധുനിക സാങ്കേതിക സഹായത്തോടെ ചിത്രീകരിക്കപ്പെടുന്ന പോൺ വീഡിയോകൾ കാണുന്നവർ സിനിമയേതാണ് ജീവിതമേതാണ് എന്ന് തിരിച്ചറിയാനാക്കാത്ത വിധം തെറ്റിദ്ധരിക്കപ്പെടുന്നു.
കടൽപോലെ ബൃഹത്തായ പോണോഗ്രാഫി സൈറ്റുകൾ വിരൽതുന്പിൽ നിഷ്പ്രയാസം ലഭ്യമാകുന്പോൾ ആദ്യം സൂചിപ്പിച്ച സംഭാഷണത്തിന് പ്രസക്തിയേറുന്നു. എത്രയോ മാതാപിതാക്കൾ മക്കൾക്ക് കാർട്ടൂണുകൾ കാണാനായി ടാബോ, മൊബൈലോ കൊടുക്കുന്പോൾ കീവേർഡുകൾ സെർച്ച് ചെയ്ത് ഒടുവിൽ അവർ എത്തിച്ചേരുന്നത് പോണോഗ്രാഫിയുടെ കടൽ തീരത്തായിരിക്കും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുടെ മനസിൽ പോലും അബദ്ധധാരണകളുടെ മാലപടക്കങ്ങളാണ് ഇത്തരം സൈറ്റുകൾ തുറന്നുകൊടുക്കുന്നത്. കുഞ്ഞുങ്ങൾക്ക് നിങ്ങളുടെ മൊബൈൽ കൊടുക്കുന്നതിന് മുന്പ് ഒന്ന് ചിന്തിക്കുക, അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളെ പറ്റിയും അവരുടെ ധാരണ അബദ്ധമായി മാറും.. ജാഗ്രതൈ!!