പറിച്ച് നടുന്പോൾ...
പ്രദീപ് പുറവങ്കര
പ്ലസ്ടു കഴിഞ്ഞതിന് ശേഷം നാട്ടിലേയ്ക്ക് പറിച്ച് നടപ്പെടുന്ന പ്രവാസിവിദ്യാർത്ഥികളുടെ ഒരു സീസൺ കൂടിയാണ് ഓരോ അവധികാലവും. ഗൾഫ് നാടുകളിൽ എത്തുന്നവരിൽ മിക്കവരുടെയും പ്രധാന ലക്ഷ്യം തങ്ങളുടെസന്പാദ്യം വർദ്ധിപ്പിക്കുക എന്നത് തന്നെയാണ്. അതിനായി വീട്ടിലെ രണ്ട് പേരും ജോലിക്ക് പോകേണ്ടിയും വരും. ഇത് കാരണം ജനിച്ച് അറുപതാം ദിവസം മുതൽ കൈക്കുഞ്ഞായി ബേബി സിറ്ററുടെ അരികിലാകും ഭൂരിഭാഗം കുട്ടികളും വളരുന്നത്. അവിടെ നിന്ന് കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങിയാൽ പിന്നെ ഓട്ടം തുടങ്ങുകയായി. മിക്ക സ്കൂളുകളും അതിരാവിലെ 7നും 7.30നും ഇടയ്ക്ക് തുറക്കും. 30 മിനിട്ട് മുതൽ ഒരുമണിക്കൂർ വരെ ഇവിടെയെത്താൻ സമയം എടുക്കാറുണ്ട്. ഉച്ചയ്ക്ക് ക്ലാസും കഴിഞ്ഞ് തളർന്ന് തിരിച്ചു വരുന്ന മിക്കവർക്കും പോകേണ്ടി വരുന്നത് ഡേ കെയറിലേയ്ക്കോ, ട്യൂഷൻ ക്ലാസിലേയ്ക്കോ ആകും. വാരാന്ത്യങ്ങളിൽ ഒരു മാളിലേയ്ക്കോ, പാർക്കിലേയ്ക്കോ, സിനിമയ്ക്കോ ഒരു ഔട്ടിങ്ങ്. ഇങ്ങിനെ വളർന്നാണ് മിക്കവാറും കുട്ടികൾ പ്ലസ് ടു കഴിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നത്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെയും പ്രശ്നങ്ങളെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാവുന്നവരാണ് മിക്ക പ്രവാസികളെങ്കിലും അവരുടെ മക്കളിൽ ഭൂരിഭാഗം പേർക്കും ലോകപരിചയത്തിന്റെ കുറവ് കാരണം ഈ ഈ ഗുണങ്ങൾ ലഭിക്കുന്നില്ല. സാങ്കേതികമായി ഏറെ വളർന്നിട്ടുണ്ടാവുമെങ്കിലും സങ്കീർണമായ ഒരു പ്രശ്നം മുന്പിൽ വന്നാൽ ഒന്നു വിറച്ചു പോകുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
വർഷങ്ങളുടെ ഇടവേളകളിൽ അവധിക്കായി നാട്ടിലെത്തുന്പോൾ ഉണ്ടാകുന്ന അനുഭവങ്ങളായിരിക്കും സ്ഥിര താമസത്തിനായി നാട്ടിലെത്തുന്പോഴും പലരുടെ മനസിലുള്ളത്. എസി കാറിൽ കറക്കം, ബന്ധുക്കളുടെ വീട്ടിലെ സ്വീകരണം അങ്ങനെയുള്ള സുഖജീവിതമാണ് കുഞ്ഞുങ്ങളിൽ വലിയൊരുവിഭാഗത്തിനും ഈ അവധികാലം. എന്നാൽ ഇതിൽ നിന്നൊക്കെവ്യത്യസ്തമായ സാഹചര്യമാണ് ഉപരിപഠനത്തിനായി നാട്ടിലെത്തുന്പോൾ ഉണ്ടാകുന്നത്. അതുവരേയ്ക്കും ലഭിച്ച സൗകര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന യത്ഥാർത്ഥ്യം അപ്പോൾ വിഷമിപ്പിക്കുന്നു. ഗൾഫിലെ കടുത്ത നിയമങ്ങൾ അനുസരിച്ച് ജീവിച്ചത് കാരണം നല്ല മാർഗത്തിലൂടെ ജീവിച്ചു പോയവരാണ് അവർ. അതേസമയം അൽപ്പൊക്കെ വളഞ്ഞ വഴി പോകാൻ അതിസാമാർത്ഥ്യമുള്ളവരാണ് നാട്ടിലെ കുട്ടികൾ. അവരിൽ കുറച്ചുപേരെങ്കിലും പ്രവാസികളായ കുട്ടികളെ നന്നായി തന്നെ പറ്റിക്കുന്നു. നാട്ടിലെ പത്ത് രൂപയ്ക്ക് ഗൾഫിൽ വെറും നൂറ് ഫിൽസ് മാത്രമല്ലേയുള്ളൂ എന്ന ചിന്തയിലായിരിക്കും പ്രവാസി കുട്ടികളുടെ ആദ്യവർഷത്തെ ജീവിതം. നാട്ടിലെത്തിയാൽ തനിയെ റോഡ് മുറിച്ച് കടക്കാൻ പോലും ഇവരിൽ മിക്കവർക്കും ഭയമാണ്.
ഇതൊക്കെ കൊണ്ട് തന്നെ അവധികാലത്ത് നാട്ടിലെത്തുന്പോൾ മുതിർന്നവർ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കണം. എഞ്ചിനീയറിംഗും, എം.ബി.ബി.എസും അല്ലാതെയും ജീവിതത്തിന് വേറെയും ലക്ഷ്യമുണ്ട് എന്ന ബോധ്യം കുട്ടികളിലുണ്ടാക്കേണ്ടത് മാതാപിതാക്കളാണ്. പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ജീവിതത്തിലെ കൊച്ചുകൊച്ചു ജോലികളിൽ അവരെക്കൂടി ഈ അവധികാലത്ത് പങ്കുകാരാക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...