നീപ്പയൊഴിയുന്പോൾ...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ കേരളത്തിൽ നിപ്പാ വൈറസ് ബാധ പൂർണമായും നിയന്ത്രണത്തിലായതായി അറിയിച്ചതോടെ വലിയൊരാശ്വസമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പത്ത് ദിവസത്തിനകം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എങ്കിലും മണിപ്പാൽ വൈറോളജി റിസർച്ച് സെന്ററിൽ ഈയടുത്ത ദിവസങ്ങളിൽ പരിശോധനയ്ക്കയച്ച സാന്പിളുകളെല്ലാം നെഗറ്റീവ് ആണെന്നു വ്യക്തമായിരിക്കുന്നതിനാൽ നിപ്പായുടെ വ്യാപനം അവസാനിച്ചുവെന്ന് തന്നെ തൽക്കാലം വിശ്വസിക്കാം. കോഴിക്കോട്, മലപ്പുറം ജില്ലാ ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും നടത്തിയ പ്രവർത്തനങ്ങളാണ് ഇത്തരമൊരു മാരകമായ പകർച്ചവ്യാധിയെ പിടിച്ച് കെട്ടാൻ സഹായിച്ചത്. കേരളത്തെ സംബന്ധിച്ചടുത്തോളം അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നേട്ടമായിട്ട് വേണം ഈ ഒരു അറിയിപ്പിനെ കാണാൻ.
ഇരുപതോളം പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസ് സംസ്ഥാനത്താകെ വലിയ ഭീതി പരത്തിയിരുന്നു. മേയ് അഞ്ചിനാണ് നിപ്പാ വൈറസ് ബാധിച്ചെന്ന് കരുതുന്ന ഒരാൾ ആദ്യമായി പേരാന്പ്ര സൂപ്പിക്കടയിൽ മരിച്ചത്. പിന്നീടു മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിലരിൽ നിപ്പാ ബാധ സ്ഥിരീകരിക്കപ്പെട്ടു. വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിൽനിന്നുപോലും വൈറസ് ബാധയുണ്ടാകാമെന്നതിനാൽ അവരുടെ സംസ്കാരംപോലും അതീവ ജാഗ്രതയോടെയാണു നടത്തിയത്. ഭീതി പരത്തുന്ന വ്യാജപ്രചാരണങ്ങളും ഇതിനോടൊപ്പം നടന്നു. രോഗികളെ പരിചരിച്ച നഴ്സ് ലിനി രോഗബാധിതയാവുകയും ബന്ധുക്കളെയൊന്നും കാണാനാവാതെ മരിക്കുകയും ചെയ്തത് ഈ കാലത്തെ ഏറ്റവും വലിയ വേദനകളിൽ ഒന്നായി മാറി.
എങ്കിലും പിന്നീട് നടന്ന ആരോഗ്യരക്ഷാ പ്രവർത്തനങ്ങൾ ഒരു അടിയന്തര സാഹചര്യത്തെ എങ്ങനെ നേരിടണം എന്നതിനു മാതൃകയായി മാറുകയായിരുന്നു. നാടു നേരിടുന്ന വലിയ പ്രതിസന്ധിക്കു മുന്നിൽ പകച്ച് നിൽക്കുന്നതിന് പകരം ജാഗ്രതയോടെ എല്ലാ വിഭാഗവും കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമാണ് നിപ്പാ വൈറസിന്റെ നിയന്ത്രണം. നിപ്പാ നിരവധി തിരിച്ചറിവുകളാണ് കേരളത്തിന് നൽകിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനം അപ്രതീക്ഷിതമായുണ്ടാകുന്ന അസാധാരണ വൈറസ് ആക്രമണങ്ങളെ നേരിടാൻ നമുക്കു പരിമിതമായ സംവിധാനങ്ങളേ ഉള്ളൂ എന്നതാണ്. അതേ സമയം രാഷ്ട്രീയവും, മതവും, മറ്റ് വ്യത്യസ്ത അഭിപ്രായങ്ങളും ഇത്തരമൊരു രോഗം വന്നപ്പോൾ ആ ജില്ലകളിലെ മനുഷ്യർക്കിടയിൽ വേർതിരിവുകൾ സൃഷ്ടിച്ചില്ല എന്നതും ശ്രദ്ധേയമായി. ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വിഭാഗവും രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരും, കക്ഷി-സംഘടനാ ഭേദങ്ങൾ മറന്നു ഈ പ്രവർത്തനത്തിൽ സഹകരിച്ചു. ആ ഏകോപനത്തിന്റെയും ഒരുമയുടെയും ഫലമാണിപ്പോഴത്തെ നേട്ടം. ഇത്തരത്തിലുള്ള സഹകരണം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാൻ നമുക്ക് സാധിക്കണം. നിപ്പാ നിയന്ത്രണവിധേയമായെങ്കിലും ശുചിത്വബോധം പുലർത്തുന്നതിനും സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള അറിവുകൾ പൊതുസമൂഹത്തിന് പ്രത്യേകിച്ച് വളർന്നുവരുന്ന കുട്ടികൾക്കു പകർന്നു നൽകണം. ഒപ്പം ജീവൻപോലും പണയപ്പെടുത്തി സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകണം. ഒപ്പം ആരോഗ്യഗവേഷണത്തിന് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്നാഗ്രഹത്തോടെ ഈ വലിയ നേടത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും നന്മകൾ നേരുന്നു...