കച്ചവടക്കാർക്കിടയിലെ വിശ്വസ്തൻ...
പ്രദീപ് പുറവങ്കര
കച്ചവടം എന്ന വാക്കിനെ കപടമായത് എന്നും പറയാറുണ്ട്. ആളുകളെ പറ്റിക്കാൻ സാധിക്കുന്നവർക്കേ കച്ചവടക്കാരാകാൻ സാധിക്കൂ എന്ന അർത്ഥത്തിലാണ് ഇത് പറയാറുള്ളത്. കച്ചവടം ചെയ്യുന്നവരിൽ ന്യായമായ ലാഭം മുതൽ കൊള്ള ലാഭം വരെ എടുക്കുന്നവർ ഉണ്ട്. അറുത്തകൈയ്ക്ക് ഉപ്പ് തേക്കാത്തവർ മുതൽ ദാനശീലം കൊണ്ട് മഹത്തുക്കളായവർ വരെയുണ്ട്. ചില കച്ചവടക്കാരെ പണം ഉണ്ടാക്കുന്ന യന്ത്രങ്ങൾ എന്നതിലുപരി പൊതുസമൂഹത്തിന് ഏറെ ഇഷ്ടമാണ്. അവരുടെ ചിന്തകൾ, പ്രവർത്തികൾ, വാക്കുകൾ എന്നു വേണ്ട അവരെ പറ്റി വരുന്ന വാർത്തകൾ പോലും ഏറെ സ്നേഹത്തോടെ നമ്മൾ വായിച്ചെടുക്കും. അതിന് പല പല കാരണങ്ങളുമുണ്ട്. തങ്ങളുടെ ബുദ്ധിയും ശക്തിയും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന പണത്തോടൊപ്പം താൻ ജീവിക്കുന്ന സമൂഹത്തിന് അതിന്റെ ഒരു പങ്ക് നൽകുക എന്ന തരത്തിൽ ഒരു കച്ചവടക്കാരൻ ചിന്തിക്കുന്പോഴാണ് അദ്ദേഹത്തിനെ പൊതുവേ പൊതുസമൂഹം ബഹുമാനിച്ചു തുടങ്ങുന്നത്. ജീവിതത്തിൽ ആർക്കും ഒരു ഉപകാരവും ചെയ്യാത്തവർ ചിലപ്പോൾ ഇത്തരം ആളുകളെ പ്രാഞ്ചിയേട്ടൻ എന്നൊക്കെ വിളിച്ചേക്കാം. അവരെ പുച്ഛിച്ച് തള്ളിയേക്കാം. എങ്കിലും ചില ഇടങ്ങളിൽ ഈ പ്രാഞ്ചിയേട്ടൻ എന്ന് വിളിക്കപ്പെടുന്ന നന്മമരങ്ങൾ പെയ്തില്ലെങ്കിൽ കാര്യങ്ങൾ മുന്പോട്ട് പോകില്ല എന്നതാണ് യാത്ഥാർത്ഥ്യം. ഇത്തരം ആളുകൾക്ക് എന്തെങ്കിലും തരത്തിൽ ഒരു അപകടം വരുന്പോൾ കേവലം അദ്ദേഹത്തിന്റെ ജോലിക്കാരോ വീട്ടുക്കാരോ മാത്രമല്ല ആ വേദനയിൽ പങ്ക് ചേരുന്നത്. പകരം അയാളിൽ നിന്ന് നേരിട്ട് ഒരു ലാഭവും ലഭിക്കാത്ത വലിയൊരു സമൂഹമാണ് ആ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത്.
മൂന്നു വർഷത്തോളമായി പ്രവാസലോകത്തും, കേരളത്തിലുമുള്ള മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം പേർ അത്തരമൊരു പ്രാർത്ഥനയിലായിരുന്നു. ജനകോടികളുടെ വിശ്വസ്തസ്ഥാപനം എന്നു പറഞ്ഞു കൊണ്ട് തന്റെ ജ്വല്ലറിയുടെ പരസ്യത്തിൽ നേരിട്ട് വന്നിരുന്ന അറ്റ്ലസ് രാമചന്ദ്രൻ ദുബായിൽ സാന്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജയിലിൽ പോയപ്പോൾ അത് കേവലം ബിസിനസ് ലോകത്തെ ഒരു അതികായന് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് മാത്രമായിരുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ശ്രമങ്ങൾ ഉണ്ടായി. ഒടുവിൽ ഇന്നലെ അദ്ദേഹം ശിക്ഷാ കാലാവധി കഴിഞ്ഞ് തിരികെ വരുന്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരാൾ മടങ്ങി വന്നപോലെയുള്ള ആഹ്ലാദമാണ് ചുറ്റിലും നിറയുന്നത്. പല തവണ ബഹ്റൈനിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ സാധിച്ചപ്പോഴൊക്കെ ആ മനുഷ്യന്റെ ഉള്ളിലെ സാധാരണക്കാരനെ തിരിച്ചിറിയാൻ സാധിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്പോൾ ഒരു വശത്ത് കൂടെ പിക്ക് അപ്പ് വാനിൽ പോയികൊണ്ടിരുന്ന തൊഴിലാളികൾ ആളെ കണ്ട് തിരിച്ചറിഞ്ഞ് കൈവീശി. തുടർന്ന് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും അവരോട് പോയി സംസാരിച്ചതും ഒക്കെ ഇപ്പോഴും ആ ഓർമ്മകളിൽ തിളങ്ങി നിൽകുന്നു. അദ്ദേഹം ജയിലിലായപ്പോൾ കൂടെ ജോലി ചെയ്തിരുന്നവരുടെയും സഹായിച്ചവരുടേയും വാക്കുകളിൽ നിറഞ്ഞ് നിന്നത് “സാറ് പാവമാണെന്ന” സാക്ഷ്യപ്പെടുത്തൽ ആയിരുന്നു. രാമചന്ദ്രനിലെ പച്ച മനുഷ്യനാണ് അവരെ കൊണ്ട് അത് പറയിച്ചത്. ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും താൻ ഉയർത്തെഴുന്നേൽക്കും എന്ന് ഈ പ്രായത്തിലും അദ്ദേഹം പറയുന്പോൾ രാമചന്ദ്രൻ വീണ്ടും ഒരിക്കൽ കൂടി ജനകോടികളുടെ വിശ്വസ്തൻ തന്നെ ആയി മാറുകയാണ് എന്ന ഓർമ്മപെടുത്തലോടെ..