പ്രണാബ് കാണിച്ചത് ആർജ്ജവം...
പ്രദീപ് പുറവങ്കര
വാർത്തകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞത് മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുടെ നാഗ്പുരിലെ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ എസ് എസ്) കാര്യാലയ സന്ദർശനമായിരുന്നു. തന്റെ രാഷ്ട്രീയജീവിതത്തിൽ എന്നും മതേതര മൂല്യങ്ങൾ മുറുകെപ്പിടിക്കുകയും ആർഎസ്എസ് ഉയർത്തുന്ന വർഗീയതയെ നിശിതമായി വിമർശിക്കുകയും ചെയ്തുപോന്ന കോൺഗ്രസ് നേതാവായിരുന്ന പ്രണാബ് ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചത് ധാരാളംപേരെ ഞെട്ടിക്കുകയോ അന്പരപ്പിക്കുകയോ ചെയ്തിരുന്നു. സംഘപരിവാറിന്റെ വളരെ ആസൂത്രിതമായ ഒരു പദ്ധതിയായാണ് അദ്ദേഹത്തിനുള്ള ക്ഷണത്തെ പലരും കണ്ടത്. അവരുടെ ആസ്ഥാനത്ത് പ്രണാബ് മുഖർജി വന്നതിന്റെ ദൃശ്യങ്ങൾ ആർഎസ്എസ് ദുരുപയോഗിക്കുമെന്നു പ്രണാബിന്റെ പുത്രിതന്നെ ആശങ്ക പ്രകടിപ്പിക്കുകയും അതു പോലെ സംഭവിച്ചെന്ന് പല മാധ്യമങ്ങളും ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു.
അദ്ദേഹം അവിടെ പോകണമായിരുന്നോ, പോയതു ശരിയായോ എന്നൊക്കെയുള്ള തർക്കവിതർക്കങ്ങൾ രാജ്യത്ത് തുടരുന്പോഴും പ്രണാബ് മുഖർജി അവിടെ പോയി എന്നത് ഇപ്പോൾ ചരിത്രമായി കഴിഞ്ഞു. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അദ്ദേഹം അവിടെ പറഞ്ഞത്. ആർഎസ്എസിന്റെ നേതാക്കളും അവർ പരിശീലിപ്പിച്ചെടുത്ത പ്രവർത്തകരും ഉൾപ്പെട്ട ആ സദസ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സന്ദേശം ഉൾക്കൊണ്ടാൽ രാജ്യത്തെ ഒട്ടേറെ ആശങ്കകളും ഭീതിയും മാറുമെന്നതാണ് വസ്തുത. ഭരണഘടനയുടെ ആമുഖത്തിൽ എഴുതിവച്ചതുകൊണ്ടു മാത്രമല്ല ഇന്ത്യ മതേതര രാഷ്ട്രമാകുന്നതൊന്നും, വിവിധ മതങ്ങളും ജനപദങ്ങളും സഹസ്രാബ്ദങ്ങളിലൂടെ ഈ നാട്ടിൽ ജീവിച്ചും വളർന്നും ഇടപഴകിയും രൂപംകൊണ്ട ഭാരതീയ ദേശീയതയുടെ മുഖമുദ്രയാണതെന്നും പറഞ്ഞ പ്രണാബ് പണ്ധിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചു സംഘപരിവാർ നേതൃത്വത്തെ യഥാർഥ ചരിത്രബോധത്തിലേക്ക് വരാനും ക്ഷണിച്ചു. വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും പ്രാധാന്യവും ചരിത്രപരമായ പരിണാമവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതയെ ഏതെങ്കിലും മതവുമായോ വിശ്വാസവുമായോ കൂട്ടിച്ചേർത്തു കാണുന്നതിലെ അപകടവും തെറ്റും അദ്ദേഹം വിശദമാക്കി. അസഹിഷ്ണുത വളർത്തുന്നതിലെ അപായവും അദ്ദേഹം എടുത്തുപറഞ്ഞു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അപാകതകളിലേക്കും തെറ്റുകളിലേക്കും വെളിച്ചംവീശിയ ആ പ്രസംഗം പരിവാര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് കരുതാൻ ആകില്ലെങ്കിലും നിങ്ങളുടെ സിദ്ധാന്തം ശരിയല്ല എന്ന് അവരോട് അവരുടെ ആസ്ഥാനത്തു ചെന്നു തുറന്നു പറയാൻ ലഭിച്ച അവസരം മുൻ രാഷ്ട്രപതി പാഴാക്കിയില്ല എന്നതു തീർത്തും ശ്രദ്ധേയമായ കാര്യമാണ്. വികലമായ ദേശീയതാബോധത്തിലൂന്നിയ പല നടപടികളും രാജ്യത്തെ ന്യൂനപക്ഷസമുദായങ്ങൾക്കിടയിൽ ഭീതിയും ഉത്കണ്ഠയും സൃഷ്ടിച്ചുവരുന്ന കാലത്ത് ഈ വാക്കുകൾക്ക് അതു കൊണ്ട് തന്നെ പ്രസക്തി വർദ്ധിക്കുന്നു.
വൈവിധ്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമാണ് ഇന്ത്യയുടെ ആത്മാവ്. വിവിധ മതങ്ങളും വിവിധ ഭാഷകളും വിവിധ വംശങ്ങളും നിലനിന്നുപോരുന്നതിനു കാരണവും ഇത് തന്നെയാണ്. ഈ ഒരു അവസ്ഥയ്ക്ക് കോട്ടം തട്ടുന്ന കാലത്ത് എത്ര വലിയ ശത്രുവായാലും അവർ വിളിച്ചാൽ പോകാതിരിക്കുന്നതിനെക്കാൾ നല്ലത് അവിടെ ചെന്ന് ആർജവത്തോടെ തന്റെ ചിന്തകൾ പങ്കിടുന്നതാണ് മെച്ചമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രണാബ് കുമാർ മുഖർജി എന്ന നമ്മുടെ മുൻ രാഷ്്ട്രപതി എന്ന് ഈ നേരത്ത് പറയാതെ വയ്യ!!