ഓപ്പറേഷൻ സക്സസ്... പക്ഷെ...
പ്രദീപ് പുറവങ്കര
അങ്ങിനെ ഓപ്പറേഷൻ കു.കു.കു അഥവാ കുഞ‍്ഞൂഞ്, കുഞ്ഞുമാണി, കുഞ്ഞാലി സക്സസ്. പക്ഷെ രോഗിയുടെ കാറ്റ് പോകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്ന കാര്യം. നിലവിൽ ഘടകകക്ഷിയല്ലാത്ത ഒരു പാർട്ടിയ്്ക്ക് പഴയ ബാന്ധവത്തിന്റെ പേരിൽ ഒരു രാജ്യസഭാ സീറ്റ് തന്നെ നൽകാനുള്ള യു.ഡി.എഫിന്റെ മഹാമനസ്കതയ്ക്ക് മുന്പിൽ പകച്ചിരിപ്പാണ് സുധീരനടക്കമുള്ള കോൺഗ്രസിന്റെ വീരശൂര പരാക്രമികളായ നേതാക്കളും, പ്രവർത്തകരും. കോൺഗ്രസ് നേതൃത്വം ചോദിച്ച് വാങ്ങിയ തോൽവിയായും, കെ.എം മാണിയുടെയും കുഞ്ഞാലികുട്ടിയുടെയും സംയുക്ത വിജയമായും ആണ് പൊതുവേ ഈ ഒരു സംഭവത്തെ വിലയിരുത്തപ്പെടുന്നത്. രാജ്യസഭയെ കുറേകാലം തന്റെ കൈവിരൽ തുന്പ് കൊണ്ട് നിയന്ത്രിച്ച് വന്ന കുര്യൻ സാറിനാണെങ്കിൽ ഇത് ഉമ്മൻ ചാണ്ടി നൽകിയ നല്ലൊരു പണിയായിട്ടാണ് തോന്നുന്നത്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കാണണമെന്ന മനോഭാവമാണ് ഉമ്മൻ ചാണ്ടിക്ക് എന്നുമാണ് കുര്യൻ പ്രതികരിച്ചത്.
മുസ്ലിം ലീഗിന്റെയും ഉമ്മൻ ചാണ്ടിയുടെയും യുക്തി എന്തുതന്നെയായാലും ഇന്നലത്തെ തീരുമാനം കോൺഗ്രസ് പാർട്ടിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. കുര്യന് പിന്നാലെ മുൻ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനും തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ആറ് കോൺഗ്രസ് എം.എൽ.എമാരും ഇന്നലെ തന്നെ പ്രതിക്ഷേധവുമായി രംഗത്ത് വന്നിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി ജയന്ത് രാജി വെച്ചതും കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിടപ്പെട്ടതും വരും ദിവസങ്ങളിൽ കോൺഗ്രസ് പാർട്ടിയിലും പോഷക സംഘടനകളിലും കലാപം കത്തിപ്പടരും എന്നതിന്റെ സൂചനയാണ്.
രാജ്യസഭയിലേക്ക് ജയിക്കണമെങ്കിൽ ഓരോ സ്ഥാനാർത്ഥിക്കും 36 ഫസ്റ്റ് വോട്ടു വേണമെന്നിരിക്കെ മുസ്ലിം ലീഗിന്റെ പിന്തുണയില്ലാതെ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ നിയമസഭയിൽ വെറും 22 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസിന് കഴിയില്ല എന്നത് വാസ്തവം തന്നെയാണ്. ഈ ബലഹീനതയാണ് ഇവിടെ ചൂഷണം ചെയ്യപ്പെട്ടത്. കോട്ടയം ജില്ലയിലെ പല സീറ്റുകളും ജയിക്കാൻ മാണിയുടെ പാർട്ടിയുടെ പിന്തുണ ആവശ്യമാണ് എന്നത് ഉമ്മൻ ചാണ്ടിയെ പോലെയുള്ള കോൺഗ്രസ് നേതാക്കൾക്കും, മാണി കൂടി ഇല്ലാത്ത യു.ഡി.എഫ് ബലഹീനമാണെന്ന് കുഞ്ഞാലികുട്ടിയെ പോലെയുള്ള ലീഗ് നേതാക്കളും മനസ് കൊണ്ട് ഉറപ്പിച്ച കാര്യമാണ്. പക്ഷെ സാധാരണ കോൺഗ്രസ് പ്രവർത്തകന് ഇപ്പോൾ ഉണ്ടാകുന്ന വേവലാതി ചെന്നു ചെന്ന് യു.ഡി.എഫിനുള്ളിൽ മാത്രമല്ല കോൺഗ്രസിൽ പോലും വരും ദിവസങ്ങളിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കുഞ്ഞാലിക്കുട്ടിയും മാണിയുമൊക്കെ ആയിരിക്കുമോ എന്നതാണ്. കെ.പി.സി.സി പ്രസിഡണ്ടാകാൻ ലീഗിലെ നേതാവ് തയ്യാറെടുക്കുന്നു എന്ന തരത്തിലുള്ള ട്രോളുകൾ വരെ കഴിഞ്ഞ ദിവസം വന്നത് ഇത്തരം ഒരു ചിന്തയുടെ ഭാഗമാണ്. അതേസമയം മാണിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള കലാപത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ഒരു പക്ഷെ ബി.ജെ.പി ആയിക്കൂടെന്നില്ല എന്നും നിരീക്ഷകർ പറയുന്നു. എന്തായാലും 2019ലെ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഓരോ രാഷ്ട്രീയ കരുനീക്കങ്ങളും ഏറെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ എന്ന ഓർമ്മപെടുത്തലോടെ...