പോലീസിന് ഇതെന്ത് പറ്റി...
പ്രദീപ് പുറവങ്കര
കുറ്റാന്വേഷണപ്രവർത്തനങ്ങളിൽ അത്യാവശ്യം നന്നായി പേര് നേടിയ നമ്മുടെ പോലീസിന് ഇതെന്ത് പറ്റി എന്ന ചിന്തയിലാണ് ഭൂമി മലയാളം ഇപ്പോൾ ഉള്ളത്. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുവാനും, അത് ചൂണ്ടികാണിക്കുന്നവരെ പീഡിപ്പിക്കാനും ശ്രമിക്കുന്ന ഈ പോലീസ് സത്യത്തിൽ ആരുടെ പക്ഷത്താണ് ഉള്ളത്. എടപ്പാളിലെ തീയറ്ററിലെ പീഢന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. കാശ്മീരിലെ കത്വവിയിൽ നടന്ന പീഢനത്തെ പറ്റി ഏറെ വേദനയോടെ മലയാളികൾ ചർച്ച ചെയ്യുന്ന നേരത്താണ് ഇത്തരമൊരു വാർത്ത വന്നത്. മതേതര മനസുള്ള കേരളം ഈ വിഷയത്തെ മതവുമായി കൂട്ടികെട്ടുന്നതിന് പകരം സാമൂഹ്യമായ ഒരു വിപത്തായിട്ടാണ് നോക്കി കണ്ടത്. അതേ സമയം ഈ പീഢനം വെള്ളിച്ചത്ത് കൊണ്ടുവന്ന തീയറ്റേർ ഉടമയെ അറസ്റ്റ് ചെയ്താണ് നമ്മുടെ പോലീസ് ഇപ്പോൾ അപഹാസ്യരായിരിക്കുന്നത്. വേണ്ട സമയത്ത് അറിയിച്ചില്ലെന്നും, പുറത്ത് പ്രചരിപ്പിച്ചെന്നുമാണ് അറസ്റ്റിനുള്ള ന്യായങ്ങളായി പോലീസ് അവതരിപ്പിച്ചത്. നല്ലൊരു പൗരന്റെ ധർമ്മം കൃത്യമായി പാലിച്ച ഒരാളെ അഭിനന്ദിക്കുന്നതിന് പകരം അയാളെ പീഢിപ്പിക്കാനുള്ള ശ്രമം ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവരെ പോലും നിരാശപ്പെടുത്തുന്നതാണ്.
ബാലപീഢനം എന്നത് മാനസികമായ ഒരു വൈകൃതമാണ്. ഇവിടെ അത്തരമൊരു വൈകൃതം നടത്തിയെന്നതിനുപരിയായി ആ കുട്ടിയുടെ അമ്മ തന്നെ ഇത്തരം ഒരു ക്രൂര പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നതാണ് ഇതിലെ ഏറ്റവും ദാരുണമായ സാഹചര്യം. ഏതൊരു സാധാരണക്കാരനെയും രോഷം കൊള്ളിക്കുന്ന ഈ സംഭവത്തിൽ നമ്മുടെ പോലീസിന് മാത്രം തെറ്റ് തോന്നിയില്ലെങ്കിൽ അവരുടെ മാനസിക നിലയ്ക്ക് എന്തോ കാര്യമായ തകരാർ ഉണ്ടെന്ന് മാത്രമേ പറയാൻ സാധിക്കൂ. ഏപ്രിൽ 26ന് നൽകിയ പരാതിക്ക് യാതൊരു ഫലവും കാണാത്തത് കാരണമാണ് മെയ് 12ന് ചാനലിലൂടെ ഈ വാർത്ത പുറത്ത് എത്തിക്കാൻ തീയേറ്റർ ഉടമ തുനിഞ്ഞത്. അതിന് ശേഷമാണ് പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഢിപ്പിക്കുന്നവരെ പിടികൂടി നിയമത്തിന് മുന്പിൽ കൊണ്ടുവരണമെന്ന് പോക്സോ കോടതിയും മറ്റ് നിയമ വ്യവസ്ഥകളും ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരു കാലത്താണ് ഇത്തരം ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്. കുറ്റകരമായ അനാസ്ഥ ഈ കാര്യത്തിൽ കാണിച്ച പോലീസിനെ എങ്ങിനെയാണ് ജനം വിശ്വസിക്കേണ്ടത്. സാമാന്യ ജനത്തിന്റെ സ്വത്തിനും, ജീവനും, അതുപോലെ അവരുടെ മാനാഭിമാനത്തിനും കാവലാളേവണ്ടവരാണ് പോലീസ് എന്ന തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ അത് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് ഉണ്ടാകേണ്ടത്. മുഖ്യമന്ത്രിക്ക് ആ വകുപ്പിനെ നേരായ വണ്ണം നോക്കാനും പരിപാലിക്കാനും സമയമോ സൗകര്യമോ ലഭിക്കുന്നില്ലെങ്കിൽ അതിന് പറ്റിയ ആളെ നിയമിക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ പ്രശ്നം ഉണ്ടാകുന്പോഴും താത്കാലിക പരിഹാരം മാത്രം കണ്ടെത്തി കൈയൊഴിയുക എന്നത് ആശാസ്യമായ ഒരു കാര്യമല്ല. പോലീസ് സേനയ്ക്ക് അപമാനം ഉണ്ടാക്കുന്നവരെ വിളിച്ച് വരുത്തി അവരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടാനോ മാറ്റിനിർത്താനോ ഉള്ള ത്രാണിയാണ് സർക്കാർ കാണിക്കേണ്ടത്. അല്ലാതെ തന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കുന്ന സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ചവിട്ടുകയല്ല വേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ..