പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാം...
പ്രദീപ് പുറവങ്കര
ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. ഈ വർഷം പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ഭൗമദിനത്തിന്റെയും ലക്ഷ്യം പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനമായിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് പ്രധാന ദിനങ്ങളുടെ ലക്ഷ്യം ഒന്ന് തന്നെയായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. അതു പ്ലാസ്റ്റിക്ക് മനുഷ്യനിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും പ്രകൃതിയിലുണ്ടാക്കുന്ന അസന്തുലിതാവസ്ഥയും എത്ര മാത്രം ഭീകരമാണെന്ന് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ്. ഉപയോഗത്തിന് ശേഷം ഇവ മാലിന്യമായി മാറുന്പോൾ നമ്മുടെ ജീവവായുവിനെയും പ്രകൃതിയെയും നശിപ്പിക്കുന്ന അന്തകനായി ഈ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ മാറുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ ഏറ്റവുമധികം മുന്പിട്ട് നിൽക്കുന്നത് സഞ്ചികളും, കുപ്പികളുമാണ്. നാം കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറിയുടെയും പലവ്യഞ്ജനത്തിന്റെയും കൂടെ വീട്ടിലെത്തുന്ന പ്ലാസ്റ്റിക്ക് കവറുകൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നവയാണെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല.
നാം ശ്വസിക്കുന്ന വായുവിൽ ഡയോക്സിൻ കലർത്തി നമ്മെ മാരക രോഗിയാക്കുന്ന, നാം കൃഷി ചെയ്യുന്ന ഭൂമിയെ തരിശാക്കി മാറ്റുന്ന, ഭൂമിയിലെ ജീവന്റെ ഉറവിടമായ കടലിനെ പോലും നശിപ്പിക്കുന്ന ഈ പ്ലാസ്റ്റിക്ക് മാലിന്യം കൊന്നൊടുക്കിയ ജീവന്റെ എണ്ണം നോക്കിയാൽ ഡയനാമിറ്റോ ആറ്റംബോംബോ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണത്തേക്കാൾ ഏറെ കൂടുതലാണെന്ന് പരസിസ്ഥിതി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഓരോ വർഷവും 500 മില്യൻ ടൺ പ്ലാസ്റ്റിക്കിൽ നിന്നും 5 ലക്ഷം കോടിയോളം മൈക്രോൺ പ്ലാസ്റ്റിക് തുണ്ടുകൾ 100 കോടിയോളം വരുന്ന ആളുകളുടെ ആരോഗ്യത്തെ പ്രത്യക്ഷമായി ദോഷകരമായി ബാധിക്കുന്നു എന്നാണ് കണക്ക്.
അതുപോലെ ഓരോ വർഷത്തിലും 13 ട്രില്യൺ മെട്രിക് ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ പതിക്കുന്നുണ്ട്. ഓരോ മിനിട്ടിലും ഒരു മില്യൺ പ്ലാസ്റ്റിക് ബോട്ടിലുകൾ കടലിലെത്തുന്നു. പതിനാറ് ആറ്റംബോബ് പതിക്കുന്നതിന് സമാനമായ അളവിലുള്ള ഊർജ്ജമാണ് ഓരോ ദിവസവും പ്ലാസ്റ്റിക് ചവറിൽ നിന്നും കടലിലെത്തുന്നത്. മീനുകളും പവിഴപ്പുറ്റുകളും അടക്കമുള്ള ജൈവ വൈവിധ്യത്തെയാണ് ഇത് നശിപ്പിക്കുന്നത്. നാം വലിച്ചെറിയുന്ന വിവിധ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണമാണെന്ന് കരുതി മീനുകൾ കഴിക്കുകയും ചെയ്യുന്നു. ദഹിക്കാൻ വിഷമമുള്ള പ്ലാസ്റ്റിക് കഷ്ണങ്ങൾ കഴിച്ച് അവ അധികം താമസിയാതെ ചത്തുപോവുകയും നമ്മുടെ ഭക്ഷണമായി തീന്മേശയിൽ എത്തുകയും ചെയ്യുന്പോഴാണ് നാം തന്നെ കടലിലേക്കൊഴുക്കിവിട്ട പ്ലാസ്റ്റിക് മാലിന്യം നമ്മളിലേക്കുതന്നെ തിരിച്ചെത്തുന്നു എന്ന സാഹചര്യം ഉണ്ടാകുന്നത്. പ്ലാസ്റ്റിക്ക് കത്തിക്കുന്പോൾ പുറത്തു വരുന്ന വാതകങ്ങൾ നാം ശ്വസിക്കുന്നത് ഏറെ അപകടമാണ്. ഇത് അർബുദം പോലുള്ള രോഗങ്ങൾക്കിടവരുത്തുന്നു. പ്ലാസ്റ്റിക് മാലിന്യം മണ്ണിട്ട് കുഴിച്ചുമൂടിയാലും വലിയ അപകടമാണ്. ഉഷ്ണകാലത്ത് മണ്ണിലെ ചൂടേറ്റ് ഈ പ്ലാസ്റ്റിക്ക് വിഘടിക്കുന്നു. മഴക്കാലത്ത് ഒലിച്ച് രണ്ടു കിലോമീറ്റർ അകലെയുള്ള കിണറുകളെപ്പോലും ഇത് വിഷമയമാക്കുന്നു. ഇങ്ങിനെ ഭസ്മാസുരന്റെ കഥ ഓർമ്മിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെ ജീവിതത്തിൽ നിന്ന് പരമാവധി ഒഴിവാക്കി നിർത്താനുള്ള ശ്രമം ഏവരും തുടങ്ങണമെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും പരിസ്ഥിതി ദിനാശംസകൾ...!!