ഉപേക്ഷിക്കുന്നതിന് പിന്നിൽ...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഇടപ്പള്ളിയിൽ തൃശ്ശൂർ വടക്കാഞ്ചേരിക്കാരനായ ഒരാൾ ഭാര്യക്കൊപ്പം തന്റെ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച് പോയ വാർത്ത നമ്മൾ അറിയുന്നത്. ഇതിന്റെ പിന്നിലെ കാരണങ്ങളിൽ ഒന്ന് തുടർച്ചയായി കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ പരിഹാസമാണെന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം കുഞ്ഞിനെ വളർത്താനുള്ള ബുദ്ധിമുട്ടും ചില വാർത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ പാലാക്കാട് കുനിശേരിയിൽ നവജാതശിശുവിനെ വിറ്റ ഒരു കേസിനെ പറ്റി വാർത്ത വന്നിരുന്നതും ഈ നേരത്ത് ഓർക്കാം. ക്രിസ്തുമസ് ദിനത്തിൽ ജനിച്ച തന്റെ കുഞ്ഞിനെ ബാക്കി നാല് മക്കളുടെ സംരക്ഷണത്തിന് വേണ്ടിയാണ് കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്ന ആ അമ്മ വിറ്റത്. ബഹ്റൈനിലും ഇടയ്ക്കിടെ ഇത്തരം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. പലപ്പോഴും ഗാർബേജ് പെട്ടികളിൽ നിന്നാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പല കുഞ്ഞുങ്ങളും അഭിമാനത്തിന് ക്ഷതമേൽക്കും എന്ന കാരണത്താലാണ് ഉപേക്ഷിക്കപ്പെട്ടത്. നിയമത്തിനു മുന്നിൽ തീർച്ചയായും വലിയ തെറ്റുകളാണ് ഇവരൊക്കെ ചെയ്യുന്നത്. ജനിപ്പിക്കാൻ കഴിവുള്ളവർക്ക് ആ ജീവനെ സംരക്ഷിക്കാനും സാധിക്കണമെന്ന പൊതു തത്വത്തെ ആസ്പദമാക്കിയാണ് നിയമവും ഈ കാര്യത്തിൽ നിലപാടുകൾ എടുക്കുന്നത്. പ്രസവിക്കുന്ന കുഞ്ഞിനെ വളർത്തുകയെന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമായിട്ട് തന്നെ നമ്മൾ കണക്കാക്കുന്നു.
അതേസമയം എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു എന്നതിനെ പറ്റിയും ഗൗരവമായി ആലോചിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. മാതാപിതാക്കളെ ജയിലിലും കുഞ്ഞിനെ അനാഥാലയത്തിലും അടച്ചാൽ തീരുന്നതാണ് ഈ പ്രശ്നം എന്ന് തോന്നുന്നില്ല. ഇടപ്പള്ളിയിൽ നടന്ന സംഭവത്തിൽ ആ അച്ഛൻ ഒരു ചുംബനം നൽകി കൊണ്ടാണ് കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിക്കുന്നത്. അവർക്ക് വേണമെങ്കിൽ ആ കുഞ്ഞിനെ കൊല്ലാമായിരുന്നു. ഇല്ലെങ്കിൽ ആരും കാണാത്ത സ്ഥലത്ത് ഉപേക്ഷിക്കാമായിരുന്നു. അങ്ങിനെയൊന്നും ചെയ്യാത്തത് കൊണ്ട് തന്നെ അവർക്ക് കൈവിടേണ്ടി വന്ന ആ കുഞ്ഞിനുവേണ്ടി ചുരത്തപ്പെടുന്ന പാലിൽ കണ്ണീരിന്റെ ഉപ്പ് ഉണ്ടാകുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
നമ്മുടെ നിയമ സംവിധാനങ്ങൾക്ക് വികാരവും മനുഷ്യത്വവും ഉണ്ടാകണം. നിയമത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്പോൾ തന്നെ നീതിയുടെ താത്പര്യങ്ങൾ വിസ്മരിക്കപ്പെടരുത്. ദാരിദ്ര്യം കുറ്റമാകുന്ന ഒരു അവസ്ഥ ദാരിദ്ര്യത്തേക്കാൾ ഭീകരമാണ്. ഇത്തരം സംഭവങ്ങളിൽ അഭിമാനവും ദാരിദ്ര്യവും ഒരുപോലെ വിഷയമാണ്. ഒരു കുഞ്ഞിനെവളർത്താൻ സാധിക്കുന്നില്ലെങ്കിൽ ഗർഭചിദ്രം നടത്താൻ നമ്മുടെ നിയമം അനുവദിക്കുന്നില്ല. അപ്പോൾ പിന്നെ പ്രസവിച്ചേ പറ്റൂ. ഇങ്ങിനെയുള്ള സാഹചര്യത്തിൽ എന്താണ് ഒരു പൗരൻ ചെയ്യേണ്ടത് എന്നതിനെ പറ്റിയുള്ള ഗൗരവമാർന്ന ചർച്ചകളും നടക്കേണ്ടതാണ്. അനപത്യം എന്ന കടുത്ത ദുഖം അനുഭവിക്കുന്ന എത്രയോ പേർ ഇന്ന് ഈ ലോകത്തുണ്ട്. ഒരു കുഞ്ഞികാൽ കാണാൻ കൊതിയൊടെ കാത്തിരിക്കുന്നവർ. അവർക്ക് ഇത്തരം കുഞ്ഞുങ്ങളെ ഏറ്റെടുക്കാനും വാത്സല്യത്തോടെ വളർത്താനും സാധ്യമാകുന്ന സാമൂഹ്യസാഹചര്യം ഉണ്ടാകണം. അതോടൊപ്പം ഇത്തരം കുഞ്ഞുങ്ങളെ വളർത്താനുള്ള പക്വതയും അവരെ വേറിട്ട് കാണാതിരിക്കാനുള്ള ഒരു ചിന്തയും നമ്മുടെ സമൂഹം ഉണ്ടാക്കിയെടുക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...