വിടപറയും മുന്പേ...
പ്രദീപ് പുറവങ്കര
നമ്മൾ പ്രവാസികൾക്ക് ഓരോ അവധികാലവും ആഘോഷത്തിന്റേത് മാത്രമല്ല. മറിച്ച് സങ്കടങ്ങളുടേത് കൂടിയാണ്. അതിൽ ഏറ്റവും സങ്കടമുണ്ടാകുന്നത് അവധി കഴിഞ്ഞ് തിരികെ വരാറാകുന്പോഴാണ്. ആത്മബന്ധമുള്ളവർ തമ്മിൽ യാത്ര ചോദിക്കുന്നത് തത്കാലത്തേക്കാണെങ്കിലും അവിടെ വികാരങ്ങളുടെ വലിയ വേലിയേറ്റമാണ് എന്നും ഉണ്ടാവുക. ആശുപത്രി വരാന്തകളിലാണ് ഏത് ആരാധനാലയങ്ങളെക്കാളും പ്രാർത്ഥനകൾ നടക്കുന്നതെന്ന് പറയാറുള്ളത് പോലെയാണിത്. എയർപോർട്ടായാലും, റെയിൽവെ േസ്റ്റഷനായാലും, എന്തിന് ബസ് സ്റ്റാന്റായാൽ പോലും അവിടെ അരങ്ങേറാറുള്ള യാത്രയയപ്പുകൾ വികാര നിർഭരം തന്നെയാണ്. ഒരു അഞ്ച് മിനിട്ട് കൂടി പ്രിയപ്പെട്ടവരുടെ കൂടെ കഴിയാൻ സാധിച്ചെങ്കിൽ എന്ന തോന്നലാണ് ഇത്തരം സന്ദർഭങ്ങളെ അവിസ്മരണീയമാക്കുന്നത്.
ഗൾഫിൽ പ്രധാനമായും മൂന്ന് തരം പ്രവാസ ജന്മങ്ങളാണ് ഉള്ളത്. ആദ്യത്തേത് അതിസന്പന്നർ. സ്വന്തമായി വിമാനം വരെയുള്ളവർ. രാവിലെ നാട്ടിലെ വീട്ടിൽ പ്രഭാതഭക്ഷണം കഴിച്ച് ഗൾഫിലെ ഓഫീസിലെത്തി വൈകീട്ട് ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഡിന്നറും കഴിക്കുന്ന അപൂർവ്വം ചിലർ. ധാരാളം പണമുള്ളവർ. എത്രയോ പേർക്ക് ജോലി കൊടുക്കുന്നവരാണവർ. രണ്ടാമത്തേത് അത്യാവശ്യം സന്പത്തുള്ളവർ. ഇഷ്ടമുള്ള നേരത്ത് ഒന്ന് നാട്ടിലൊക്കെ പോയി വരാൻ സാധിക്കുന്നവർ. നല്ല പദവികളിൽ ഉദ്യോഗം നോക്കുന്നവർ. ചെറുകിട ബിസിനസുകാരൊക്കെ ഈ ഒരു തട്ടിൽ പെടും. മൂന്നാമത്തേത് അടിസ്ഥാന വർഗമായ തൊഴിലാളി സുഹൃത്തുകൾ. രണ്ടോ മൂന്നോ വർഷം കൂടുന്പോൾ കന്പനി അനുവദിക്കുന്ന നേരത്ത് പല പല എയർപ്പോർട്ടുകളിലൂടെ കയറിയിറങ്ങി നാട്ടിലെത്തുന്നവർ. ഇവരുടെ തലയണകൾ മിക്കപ്പോഴും കണ്ണുനീർ സഞ്ചികളായിരിക്കും. ആർക്ക് വേണ്ടിയാണോ കഷ്ടപ്പെടുന്നത്, അവരെ കാണാതിരിക്കുക എന്ന യോഗമാണ് ഇവർക്കുള്ളത്. എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഗെയിറ്റിൽ കൈവിരൽ തുന്പിൽ തൂങ്ങിയാടുന്ന പിഞ്ചുപൈതലിനെ, കണ്ണുനീർ ഒളിപ്പാക്കാൻ പാടുപെടുന്ന പ്രിയതമയുടെ തോളത്തേക്ക് വല്ലവിധേനയും ഇട്ട് സാരമില്ല, ഞാൻ പെട്ടന്ന് ഇങ്ങ് വരില്ലേ എന്ന് ആശ്വസിപ്പിച്ച് പുറകോട്ട് നോക്കില്ലെന്ന് ഉറപ്പിച്ച് മുന്പോട്ട് നീങ്ങുന്നതിനിടയിൽ ആരും കാണുന്നിലെന്ന് തോന്നുന്പോൾ കവിളിലേയ്ക്ക് ഒഴുകി വന്ന കണ്ണുനീർ തുടച്ച് നീങ്ങുന്ന ആ പ്രവാസിയാണ് ഗൾഫ് ലോകത്തെ മഹാഭൂരിഭാഗം പേരും.
സമാനമായ ഒരു അവസ്ഥ ആദ്യമായി ഒരു കുട്ടി സ്കൂളിൽ പോകുന്പോഴാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നാട്ടിൽ നടന്ന പ്രവേശനോത്സവ ദൃശ്യങ്ങളും വാർത്തകളും ആണ് യാത്രയയപ്പ് എന്ന വിഷയത്തിലേയ്ക്ക് ഇന്ന് എത്തിച്ചത്. അമ്മയുടെ മാറത്ത് നിന്ന് മാറി, അച്ഛന്റെ കൺവെട്ടത്തിൽ നിന്ന് അക്ഷരവെട്ടത്തിന്റെ രുചി അറിയാൻ കണ്ണുനീർ പടർത്തി അദ്ധ്യാപകന്റെ കൈകളിലേയ്ക്ക് നീങ്ങുന്ന പിഞ്ചുപൈതലുകൾ മഴനൂലുകൾ പോലെയാണ്. അവ മണ്ണിലേയ്്ക്ക് ആഴ്ന്നിറങ്ങി അറിവിന്റെ വിത്തുകൾ പാകണം. വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന സാമാന്യ അറിവുകൾക്ക് അപ്പുറം ചിന്തിക്കാൻ അവർക്ക് സാധ്യമാകട്ടെ എന്നാഗ്രഹത്തോടെ...