തൂത്തുക്കുടിയുടെ വേദന...
പ്രദീപ് പുറവങ്കര
ഒരു ജനകീയ സമരം കൂടി നിരപരാധികളുടെ ജീവൻ ബലി നൽകി കൊണ്ട് നാട്ടിൽ ശ്രദ്ധിക്കപ്പെടുകയാണ്. കോർപ്പറേറ്റ് ശക്തികൾക്ക് അമിത ലാഭമുണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തിവരാറുള്ള ജനദ്രോഹ നടപടികൾ ആണ് തമിഴ്നാടിലെ തുത്തുക്കുടിയിൽ സമരത്തിനും അതിനെ തുടർന്നുള്ള നരവേട്ടയ്ക്കും കാരണമായിരിക്കുന്നത്. വേദാന്ത ഗ്രൂപ്പിന്റെ കീഴിലുള്ള സ്റ്റാർലൈറ്റ് ചെന്പ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിലേയ്ക്ക് നീങ്ങിയ പതിനയ്യായിരത്തിലധികം വരുന്ന ജനങ്ങൾക്കുനേരെ തമിഴ്നാട് പോലീസ് നടത്തിയ നരനായാട്ടിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. പരിക്കേറ്റും നിരവധി പേർ ആശുപത്രിയിൽ കഴിയുന്നു. നൂറു ദിവസങ്ങളായി നടന്നുവന്നിരുന്ന ഒരു ജനകീയ സമരമാണ് പോലീസ് വെടിവയ്പ്പിലും മരണത്തിലും അക്രമസംഭവങ്ങളിലും ഇപ്പോൾ എത്തിനിൽക്കുന്നത്.
തൂത്തുക്കുടിയിലെ ചെന്പ് ശുദ്ധീകരണശാലക്കെതിരായ സമരത്തിന്റെ പ്രധാന കാരണം ഇവിടെയുള്ള ആയിരക്കണക്കിനാളുകൾക്ക് കാൻസറും ശ്വാസകോശരോഗങ്ങളും അകാലമരണവും സംഭവിക്കുന്നു എന്നതും പരിസരപ്രദേശങ്ങളിലെ അന്തരീക്ഷവും മണ്ണും ജലസ്രോതസുകളും മലീമസമാക്കുന്നുവെന്നതുമാണ്. ഇത് വെറുമൊരു ആരോപണമല്ല. മറിച്ച് ദേശീയ പരിസ്ഥിതി എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് (നീരി) തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ പ്ലാന്റിന്റെ പ്രവർത്തനം കാരണം ഇവിടെയുള്ള ഭൂഗർഭജലമടക്കം വായു, മണ്ണ് എന്നിവയെ മലിനീകരിക്കുന്ന സ്രവങ്ങൾ പുറത്തുവിടുന്നതായും പ്രവർത്തന മാനദണ്ധങ്ങൾ പാലിക്കുന്നില്ലെന്നും തെളിവുസഹിതം നേരത്തേ കണ്ടെത്തിയിരുന്നു. തുടർന്ന് 2010ൽ മദ്രാസ് ഹൈക്കോടതി പ്ലാന്റ് അടച്ചുപൂട്ടാനും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെ ചോദ്യം ചെയ്ത് സ്റ്റാർലൈറ്റ് മലിനീകരണനിയന്ത്രണ ബോർഡിന്റെ അനുമതി കൂടാതെ പ്രവർത്തിക്കാനുള്ള അനുമതി സുപ്രീം കോടതിയിൽ നിന്നും നേടുകയായിരുന്നു. ഇതിനായി നൂറുകോടി രൂപ പിഴ അന്ന് കന്പനി അടച്ചുവെങ്കിലും അതിലുമെത്രയോ ഇരട്ടി കോടിരൂപ അവർ ഈ കാലയളവിൽ നേടിയിട്ടുണ്ട്.
2013ൽ കന്പനിയിൽ നിന്നുണ്ടായ വാതകചോർച്ച ഇവിടെയുള്ളവർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു. അന്ന് മലിനീകരണ നിയന്ത്രണബോർഡ് പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും കന്പനി അത് മാനിച്ചില്ല. പിന്നീട് തൂത്തുക്കുടിയിൽ തന്നെ രണ്ടാമതൊരു യൂണിറ്റ് കൂടി ആരംഭിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ ജനകീയ സമരത്തിന് കാരണമായത്. തങ്ങളുടെ സമരത്തോടുള്ള ഭരണകൂട അവഗണനക്കെതിരെ കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്താനുള്ള തീരുമാനം ഇരുപതു ദിവസങ്ങൾക്ക് മുന്പ് തന്നെ ഇവിടെയുള്ളവർ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങളുമായി ചർച്ച നടത്താനോ സമാധാനപരമായ പരിഹാരമാർഗങ്ങൾ ആരായാനോ അധികൃതർ മുതിർന്നില്ല. തികച്ചും സമാധാനപരമായി നടന്നുവന്ന സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി പിരിഞ്ഞുപോകാൻ ജനങ്ങളെ അനുവദിക്കുന്നതിന് പകരം നിരോധനാജ്ഞ പ്രഖ്യാപിച്ചതും 2500ൽ പരം സായുധ പൊലീസ് സേനയെ നിയോഗിച്ചതും ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മിപ്പിക്കുന്നു. ഇവിടെ ഭരണകൂടത്തിന്റെ കൈകളിൽ പറ്റിയിരിക്കുന്ന ചോരകറ എളുപ്പത്തിൽ മായ്ച്ച് കളയാൻ സാധിക്കില്ല. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിന് പകരം കോർപറേറ്റുകളുടെ ദല്ലാളാൻമാരും അവരുടെ കാവൽനായ്ക്കളുമായി അധഃപതിക്കുന്ന ഇത്തരം ഭരണകൂടങ്ങൾ ജനാധിപത്യത്തിന് തന്നെ അപമാനമാണ് എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്..