ഇഫ്താറുകൾ ഓർമ്മിപ്പിക്കേണ്ടത്...
പ്രദീപ് പുറവങ്കര
റമദാൻ എന്ന പുണ്യമാസത്തിന്റെ നിറവിലാണ് ഇപ്പോൾ വിശ്വാസികൾ. ദനത്തിന്റെയും, ധർമ്മത്തിന്റെയും, പ്രാർത്ഥനകളുടെയും ഒപ്പം വിശപ്പിന്റെയും വിലയറിയുന്ന മാസം. പ്രവാസലോകത്ത് ഇതിനകം തന്നെ സമൂഹ ഇഫ്താറുകൾ സജീവമായികഴിഞ്ഞു. സൗഹർദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും മാധുര്യമാണ് ഇവിടെ പങ്ക് വെക്കപ്പെടുന്നത്. അതേസമയം ഈ പുണ്യമാസത്തിൽ പലരും കാണിക്കുന്ന ഒരു തെറ്റ് ഭക്ഷണം അമിതമായി പാഴാക്കി കളയുന്നു എന്നതാണ്. ഇന്ന് ഞങ്ങളുടെ സഹോദര പത്രമായ ദ ഡെയിലി ട്രിബ്യൂണിൽ ഇത് സംബന്ധിച്ച് വന്ന ഒരു വാർത്ത നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ബഹ്റൈൻ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ്. ഈ രാജ്യത്ത് സാധാരണ ഗതിയിൽ ഒരു ദിവസം പാഴായി പോകുന്ന ഭക്ഷണം 400 ടൺ ആണത്രെ. റമദാൻ മാസം ഇത് 600 ടൺ വരെയായി ഉയരുമെന്നാണ് ആ വാർത്തയിലൂടെ ലഭിക്കുന്ന വിവരം. ലോകത്തിന്റെ പലയിടങ്ങളിലും മനുഷ്യർ ഭക്ഷണം ലഭിക്കാതെ പട്ടിണികിടക്കുന്ന ഒരു കാലത്താണ് ഇത്തരം ഭീകരമായ ഒരുവസ്ഥ സംജാതമാകുന്നത്. ബഹ്റൈനിൽ ഒരു വർഷം പാഴായി പോകുന്ന ഭക്ഷണം ഉണ്ടെങ്കിൽ ആഫ്രിക്കയിലെ പട്ടിണി രാജ്യമായ സോമാലിയയിലെ എല്ലാ ഭക്ഷ്യക്ഷാമവും മാറ്റാമെന്നാണ് ഇവിടെയുള്ള ഫുഡ് പ്രിസർവേഷൻ അസോസിയേഷൻ ഡയരക്ടർ തൗറ അൽ ദേൻ പറയുന്നത്.
ലോകത്തിലെ 51 രാജ്യങ്ങളിലായി 12.40 കോടി പേർ 2017-ൽ പട്ടിണിയായിരുന്നുവെന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടും ഈ നേരത്ത് ഓർക്കാം. 2016-ലേതിനേക്കാൾ 1.1 കോടിയാളുകളാണ് പുതുതായി പട്ടിണിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടത്. യെമൻ, മ്യാന്മാർ, വടക്കു-കിഴക്കൻ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും അരക്ഷിതാവസ്ഥയുമാണ് ദാരിദ്ര്യത്തിന്റെ തോത് ഇങ്ങിനെ വർധിക്കാൻ പ്രധാന കാരണം. നേരിട്ട് ഈ ദാരിദ്ര്യത്തിന്റെ തോത് കുറക്കാൻ സാധിക്കില്ലെങ്കിൽ പോലും വയറ് എരിയുന്നവർക്കൊപ്പം മനസ് കൊണ്ടെങ്കിലും ഐക്യദാർഢ്യപ്പെടാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. എടുക്കാൻ പറ്റാവുന്നതിലും അധികം ഭക്ഷണം എടുത്ത് അതിന്റെ പകുതിയും വെറുതെ പാഴാക്കി കളയുന്പോൾ നമ്മളിലെ മനുഷ്യത്വമാണ് പരാജയപ്പെട്ടു പോകുന്നത്.
പ്രവാസലോകത്ത് നടക്കുന്ന ഇഫ്താറുകളിൽ ഭൂരിഭാഗവും വളരെ അച്ചടക്കത്തോടെ സംഘടിപ്പിക്കുന്നവയാണ്. പരമാവധി ഭക്ഷണം പാഴാക്കാതെ നടക്കുന്നവ. എന്നാൽ ചിലർ അത് ഉത്സവമാക്കാറുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ആവശ്യത്തിലധികമാണ് എല്ലാം. ഭക്ഷണം മുതൽ പ്രസംഗം വരെ. തങ്ങളുടെ വീരേതിഹാസങ്ങൾ ഭക്ഷണത്തിനൊപ്പം വിളന്പി നടത്തുന്ന ബോറൻ പരിപാടികളാകരുത് ഇഫ്താർ സംഗമങ്ങൾ. കാരണം ഇത് കേവലം ഒരു ചടങ്ങ് മാത്രമല്ല. മറിച്ച് മനസുകളുടെ ചേർത്തിരിക്കലാണ്. ഒന്നിച്ച് ഇരുന്നാൽ ആരും ഭക്ഷണം പാഴാക്കില്ല. ഇനി അങ്ങിനെ പാഴാക്കുകയാണെങ്കിൽ തന്നെ ലോകത്തിന്റെ ഏതോ ഒരു മൂലയിൽ പട്ടിണി കൊണ്ട് മനസ്സും ശരീരവും എരിയുന്നവന്റെ മുഖം അവരുടെ ചിന്തയിൽ കടന്നുവരണമെന്ന ആഗ്രഹത്തോടെ ഏവർക്കും നന്മ നിറഞ്ഞ ഒരു പുണ്യമാസം ആശംസിക്കുന്നു.