ഓർമ്മയി “ലിനി” നൊന്പരം...
പ്രദീപ് പുറവങ്കര
ചിലർ അങ്ങിനെയാ. അവർക്ക് അറിയാം അവരുടെ ജീവിതത്തിന്റെ ഉദ്ദേശം. തങ്ങളുടെ ജീവിതം ഈ ലോകത്ത് ബാക്കി വെക്കേണ്ടത് എന്താണെന്നൊക്കെ. പൊതുവെ ഇവരെ പറ്റി പറയും അനുഗ്രഹമുള്ളവർ എന്ന്. അത്തരം ജീവിതങ്ങൾ കാറ്റ് പോലെ പോയ് മറയുന്പോൾ ബാക്കിയുള്ളവർ ഉള്ളാലെ ഒന്ന് കരയും. നെഞ്ചൊന്ന് പിടയും. പ്രാർത്ഥനകളിൽ അവർ നിറയും. കഴിഞ്ഞ ദിവസം നമ്മൾ മലയാളികളെ കരയിപ്പിച്ചിട്ട് പോയ ലിനിയെ ഓർക്കുന്പോൾ എവിടെയോക്കെയോ എന്റെയും ഹൃദയം പൊടിയുന്നു. ‘‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ... പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽ കൊണ്ട് പോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാക്കരുത് ...please’’.
ആഗ്രഹങ്ങളുടെയും അത്യാഗ്രഹങ്ങളുടെയും പെരുമഴ മനസിൽ നിറയ്ക്കുന്ന മനുഷ്യരാണിന്ന് ഭൂരിഭാഗവും. അത്തരമൊരു ദുഷിച്ച കാലത്താണ് രോഗികളെ ശ്രുശൂഷിക്കുന്നതിനടിയിൽ നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി എഴുതിയ ആ അവസാനത്തെ കത്ത് വല്ലാതെ പ്രസക്തമാകുന്നത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ഭർത്താവിനോട് ലിനി പറയുന്നത് വളരെ ലളിതമായ കുറച്ച് കാര്യങ്ങൾ. പക്ഷെ ആ വരികളിൽ എല്ലാമുണ്ട്. അത്യന്തികമായി നഷ്ടം സജീഷിനും, പറക്കമുറ്റാത്ത രണ്ടു മക്കൾക്കും തന്നെയാണെങ്കിലും ആധുനിക രോഗ ചികിത്സാ ലോകത്ത് ലിനിയുടെ ജീവത്യാഗം ആർക്കും തന്നെ പെട്ടന്ന് മറക്കാൻ സാധ്യമല്ല. ജോലിക്ക് പോയ അമ്മ ഇനി തിരികെവരില്ലെന്ന് ലിനിയുടെ കുഞ്ഞുമക്കൾ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്ന് വാർത്തകൾ പറയുന്നു. വിദേശത്തുനിന്ന് പ്രതീക്ഷിക്കാതെ നാട്ടിലെത്തിയ അച്ഛനെ കണ്ട സന്തോഷത്തിലാണത്രെ ഇപ്പോൾ ഇരുവരും. അമ്മയ്ക്ക് ആശുപത്രിയിൽ ജോലിത്തിരക്കാണെന്ന് പറഞ്ഞിരിക്കുകയാണ് മക്കളോട് ആ പാവം നിസഹയാനായ അച്ഛൻ.
നമ്മുടെ ഇടയിലെ ചില ജോലികൾ നന്ദി ലഭിക്കാത്തവയാണ്. അതിലൊന്നാണ് ലിനി ചെയ്തിരുന്ന നഴ്സ് ജോലി. വേദനിക്കുന്പോഴാണ് ഒരാളുടെ മുന്പിൽ മലാഖയെ പോലെ നഴ്സുമാർ എത്തുന്നത്. വേദന തീരുന്പോഴേക്കും അവർ വെറുമൊരു നഴ്സ് മാത്രമായി മാറുന്നു. മിനിമം ശന്പളത്തിന് വേണ്ടി തെരുവിൽ ഇറങ്ങി സമരം ചെയ്യേണ്ടി വരുന്നുണ്ട് ഇവർക്ക്. പഠിക്കാനെടുത്ത ലോൺ തിരിച്ചടക്കാൻ പറ്റാത്തത് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്നുണ്ട് ഇവർക്ക്. കുടുംബത്തിന്റെ മൊത്തം ഭാരവും ചുമലേറ്റി നടക്കുന്പോഴും പുഞ്ചിരിക്കേണ്ടി വരുന്നുണ്ട് ഇവർക്ക്. ജനനവും മരണവും കണ്ട് മനസ് മരവിക്കുന്പോഴും ഒന്നും ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ് പലരെയും ആശ്വസിപ്പിക്കേണ്ടി വരാറുണ്ട് ഇവർക്ക്. ആശുപത്രി മാനേജ്മെന്റിന്റെ ചൂഷണങ്ങളും പീഢനങ്ങൾക്കും മുന്പിൽ സഹികെട്ടു പോകേണ്ടി വരാറുണ്ട് ഇവർക്ക്. ഇങ്ങിനെയുള്ള ഇവരൊക്കെ ഒരു തരത്തിൽ ലിനിമാർ തന്നെയാണ്.
ലിനിയുടെ മരണം ഒരു രക്തസാക്ഷിത്വം കൂടിയാണ്. നഴ്സുമാരുടെ സമൂഹത്തിന് വേണ്ട പരിഗണന സമൂഹവും സർക്കാറും നൽകണമെന്ന് ലിനിയുടെ രക്തസാക്ഷിത്വം ഓർമ്മിപ്പിക്കുന്നു. ഇനി ലിനിയുടെ ആ മക്കൾ നമ്മുടേത് കൂടിയാണ്. അവരെ പഠിപ്പിക്കണം, ലിനി ആഗ്രഹിച്ചത് പോലെ. ഒപ്പം ഭൂമിയിലെ ആ മാലാഖ ആകാശത്തിന്റെ അനന്തതയിൽ ചിറകുകൾ വിരിച്ച് ഇനി പാറി നടക്കട്ടെ എന്ന പ്രാർത്ഥനയോടെ ......