പനി അഥവാ നിപ്പാ പടരുന്പോൾ...
പ്രദീപ് പുറവങ്കര
ശരിയാണ്, കേരളത്തിൽ ഒരു പനി വന്നിരിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം ഈ വൈറസ്ജന്യരോഗംമൂലം മൂന്ന് പേർ മരിച്ചത് ഏറെ ദുഖകരവുമാണ്. അത്യന്തം ഗൗരവത്തോടെ കാണേണ്ട പൊതുജനാരോഗ്യപ്രശ്നമാണ് ഇതെന്നതിൽ ഒരു സംശയവുമില്ല. മാരകമായ നിപ്പാ വൈറസ്സാണ് രോഗത്തിന് കാരണമെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഓരോ മഴക്കാലവും ഗൃഹാതുരതയുടെ കാലം മാത്രമല്ല മലയാളിക്ക്. അത് രോഗങ്ങളുടെ കാലം കൂടിയാണ്. സാധാരണ ജലദോഷപ്പനി മുതൽ മഞ്ഞപ്പിത്തവും, ടൈഫോയിഡും, ഡെങ്കിയും, ചിക്കൻ ഗുനിയയുമൊക്കെ പുതിയ പേരുകളിൽ മഴക്കാലത്ത് സജീവമാകും. മഴക്കാല പൂർവ ശുചീകരണ പരിപാടികൾ എത്ര തന്നെ ഊർജിതമായി നടത്തിയാലും നമ്മുടെ നാട്ടിലെ വെള്ളക്കെട്ടുകളും, മാലിന്യങ്ങളുടെ കൂന്പാരങ്ങളുമൊക്കെ ചേർന്ന് ഈ പകർച്ച വ്യാധികളെ ഓരോ വീട്ടിലും കൊണ്ടുവന്നുതരും. കേരളം ഏത് രോഗത്തെയും ഏറ്റുവാങ്ങാൻ പ്രാപ്തിയുള്ള ഒരു സംസ്ഥാനമാണ്. അതിന് പല കാരണങ്ങളുണ്ട്. സംസ്ഥാനത്തിന് അകത്തേക്കും വെളിയിലേയ്ക്കുമുള്ള പൗരൻമാരുടെ നിരന്തര യാത്രകൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടി വരുന്നവരുടെ ആധിക്യം, പരിസ്ഥിതിയും പ്രകൃതിയും മലിനമാക്കുന്ന മനുഷ്യ മനസുകൾ, തെറ്റായ ജീവിതശൈലികളും ഭക്ഷണ ശീലങ്ങളുമൊക്കെ ഇതിൽ ചിലത് മാത്രം. ഓരോ തവണയും പ്രതിവിധി കണ്ടെത്തി രോഗത്തെ അടിയറവ് പറയിപ്പിക്കുന്ന മലയാളിക്ക് പരീക്ഷണങ്ങൾ എന്നും ഏറിവരുന്നതായിട്ടാണ് കണ്ടുവരുന്നത്. പകർച്ചരോഗം വന്നു കഴിഞ്ഞാൽ അത് കൂടുതൽ പേരിൽ പകരാതെ നോക്കുക എന്നതാണ് ആദ്യത്തെ പ്രതിവിധി. അതിന് ശേഷം രോഗം പിടിപ്പെട്ടവരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമം, ചികിത്സാ നൽകുന്ന ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ജീവന് സുരക്ഷ നൽകുക, രോഗം പടരാൻ കാരണമാകുന്ന കാര്യങ്ങളെ പറ്റി പൊതുവായി അവബോധം സൃഷ്ടിക്കുക എന്നതാണ് ഒരു വ്യവസ്ഥിതി ചെയ്യേണ്ടുന്ന കാര്യങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾ നമ്മുടെ സർക്കാർ ഊർജിതമായി തന്നെ ചെയ്യുന്നുണ്ടെന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കുന്നത്.
പക്ഷെ അതേ സമയം സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്വ രാഹിത്യം ഒരിക്കൽ കൂടി തെളിയുന്ന ഒരവസരമാണ് ഇപ്പോൾ തെളിയുന്നത്. പ്രവാസലോകത്ത് തന്നെ നിപ്പാ ഉണ്ടാക്കിയിരിക്കുന്ന ആശങ്കകളെ ആളി കത്തിക്കുന്ന തരത്തിൽ ചില വാട്സാപ്പ് ഗ്രൂപ്പുകളും ഓൺലൈൻ മാധ്യമങ്ങളും രംഗത്ത് വന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല. ഗൾഫ് ലോകത്ത് നിന്ന് ധാരാളം പേർ വസിക്കുന്ന ഇടമാണ് കോഴിക്കോടും അതു പോലെ സമീപ പ്രദേശങ്ങളും. അവിടെ അവധിക്ക് പോയവർ വന്നാൽ പനി ഇവിടെയും പടരുമെന്നും അതു കൊണ്ട് അത്തരം ആളുകൾക്ക് യാത്രാ നിരോധനം വരുമെന്നുമൊക്കെ സൂചിപ്പിച്ചു കൊണ്ട് യാതൊരു വിധ ഔദ്യോഗിക സ്ഥീരീക്കരണവുമില്ലാതെ വാർത്തകൾ പടച്ചുവിടുകയാണ് പ്രവാസലോകത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ ചെയ്യുന്നത്. പകർച്ച പനി പടരുന്നതിനെക്കാൾ വേഗത്തിൽ ഇത്തരം വാർത്തകളും പടരുകയും അത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇങ്ങിനെ ചെയ്താൽ കുറച്ച് ലൈക്കും ഷെയറും കിട്ടുമായിരിക്കും. സൈറ്റിന്റെ വരുമാനവും വർദ്ധിച്ചേക്കാം. ഇത്തരം തെറ്റായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനും വരും ദിവസങ്ങളിൽ സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ...