തട്ടീം മുട്ടീം...
പ്രദീപ് പുറവങ്കര
“എവിടെയിരുന്നയാളാ.. ഇപ്പോ കണ്ടില്ലേ കളി ഓവറായപ്പോൾ അകത്തായി. എന്തായിരുന്നു ജാഡ. അവാർഡും പൊന്നാടയും ഓ.. ഒന്നും പറയേണ്ട.. അല്ലേലും ഇയാളെയൊക്കെ േസ്റ്റജിൽ കയറ്റുന്നവരെ പറഞ്ഞാ മതി..” സാമൂഹ്യപ്രവർത്തകനായ സുഹൃത്ത് പരദൂഷണം പറഞ്ഞു തുടങ്ങി. ബഹ്റൈനിലെ കോടീശ്വരനായ ഒരു വ്യവസായി എന്തോ ഒരു സാന്പത്തിക കുറ്റത്തിൽ പെട്ട് ജയിലിനകത്ത് പോയതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. ഒരിക്കൽ ഒരു േസ്റ്റജ് പരിപാടിയിൽ അദ്ദേഹത്തിന് പൊന്നാട അണിയിച്ച മഹാനായിരുന്നു ഈ വിശേഷം വിളിച്ചു പറഞ്ഞ മഹാനും. വിളിക്കാനുണ്ടായ ചേതോവികാരം ഈ വാർത്ത എത്രയും പെട്ടന്ന് പത്രത്തിൽ നൽകണം എന്നതായിരുന്നു. എന്തെങ്കിലും തെറ്റ് താങ്കളോട് അദ്ദേഹം ചെയ്തോ എന്ന് വെറുതെ ചോദിച്ചു. അപ്പോ ഒരു വല്ലാത്ത ചിരിയായിരുന്നു മറുപടി.
നമ്മൾ മലയാളികൾക്ക് എന്തോ, എല്ലാത്തിലും ഒരു ചെറിയ കുറ്റം കാണാതിരിക്കാൻ സാധ്യമല്ല. പത്രത്തിന്റെ പേജുകളിൽ ചിലപ്പോൾ ചില അക്ഷരതെറ്റുകൾ വന്നാൽ ലഭിക്കുന്ന അഭിപ്രായങ്ങൾ ഇത്തരത്തിലുള്ളതാണ്. ഒരു പേജ് മുഴുവൻ നിറഞ്ഞുകവിഞ്ഞുകിടക്കുന്ന അക്ഷരങ്ങളുടെ ഇടയിൽ നിന്ന് ആ തെറ്റ് മാത്രം കണ്ടെത്താൻ പ്രത്യേക ഉത്സാഹം കാണിക്കും ചിലർ. ഒരു സുഹൃത്തിനെ ഓർമ്മ വരുന്നു. പത്രം വായിക്കാനൊക്കെ എവിടെയാ സമയം എന്നതാണ് കണ്ടാൽ അദ്ദേഹത്തിന്റെ സ്ഥിരം ഡയലോഗ്. എന്നാൽ ഒരു തെറ്റ് വന്നു പോയാൽ ഉടനെ ആ നിഷ്കളങ്കൻ വിളിക്കും. ഇങ്ങിനെ എത്ര വെളുത്ത തുണിയായാലും ഒരു കറ കാണാനാണ് പലർക്കും താത്പര്യം. ഒരാൾക്ക് ജോലി പോകുന്പോഴാണ് സന്തോഷം. ഒരാൾ ജയിലിൽ ആണെന്നറിഞ്ഞാൽ അത് രോമാഞ്ചം. അറിയുന്നൊരാൾക്ക് അപവാദകേസ് വന്നാൽ പറഞ്ഞാസ്വദിക്കാനുള്ള സന്ദർഭം. ഇങ്ങിനെ നെഗറ്റീവ് അഥവാ നിേഷധാത്മകമായ ചിന്തകളെ പെറ്റുകൂട്ടാൻ മലയാളിക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. മിക്ക മലയാളികളോടും എന്തൊക്കെയുണ്ട് എന്ന് ചോദിച്ചാൽ എത്ര കോടീശ്വരനായാലും “ഓ ഇങ്ങിനെയൊക്കെ ജീവിച്ചു പോകുന്നു” എന്നതാവും ഉത്തരം. ബാക്കിയുള്ളവർ ഏത് കഷ്ടപ്പാടിലും ഫൈനെന്നും, റൊന്പ നല്ലായിരിക്കെന്നും, പറഞ്ഞ് ജീവിതത്തെ സ്നേഹിക്കുന്നവർ ആയി മാറുന്പോൾ നമുക്ക് എന്തോ തട്ടീം മുട്ടീം ജീവിച്ചു പോകുന്ന ദുരന്ത കഥാപാത്രമാകാനാണ് താത്പര്യം.
എല്ലാത്തിനെയും തിരുത്താൻ നടക്കുന്നവരും നമ്മുടെ ഇടയിൽ ഏറെ സജീവമാണ്. തിരുത്തുന്നവരിൽ അമേരിക്കൻ പ്രസിഡണ്ട് മുതൽ തൊട്ടപ്പുറത്തെ മുറിയിൽ കഴിയുന്നവർ വരെയുണ്ടാകും. ഇവരിൽ മിക്കവരും ജീവിതത്തിൽ ബൗധികമായോ അല്ലാതെയൊ ഒന്നും നേടിയിട്ടുണ്ടാകില്ല എന്നതാണ് വാസ്തവം. ചെയ്ത പത്ത് നല്ല കാര്യങ്ങൾ ഒരു വെള്ള പേപ്പറിൽ എഴുതിത്തരാൻ പറഞ്ഞാൽ ഇവരുടെ കൈയിൽ അതുമുണ്ടാകില്ല. ഇന്റലിജന്റ് ക്വാഷ്യന്റ് അധികമാണെങ്കിലും ഇമോഷണൽ ക്വാഷ്യന്റ് കുറഞ്ഞത് കാരണം നമ്മുടെ സൗഹർദങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ ചിലപ്പോൾ വികാരങ്ങളുടെ വേലിയേറ്റ ഇടങ്ങളായി മാറാറുണ്ട്. ഇതുകൊണ്ടാണ് പലരും ഒന്ന് കാലിടറുന്പോൾ കയർതുന്പിനെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ എന്തായലും അടുത്ത തലമുറക്കെങ്കിലും വെളുത്ത വൃത്തതിനുള്ളിലെ കറുത്ത പൊട്ട് കാണുന്നതിന് പകരം കറുത്ത പൊട്ടിന് ചുറ്റുമുള്ള വെളുത്ത വൃത്തം കാണാൻ സാധിക്കട്ടെ എന്നാഗ്രഹത്തോടെ...