വീരപ്പനെ ഓർക്കുന്പോൾ...
പ്രദീപ് പുറവങ്കര
ഏകദേശം കാൽനൂറ്റാണ്ട് ദക്ഷിണേന്ത്യയുടെ കാനനസാമ്രാജ്യം അടക്കിവാഴുകയും വനാതിർത്തിയിൽ നിർഭയം വിഹരിക്കുകയും ചെയ്ത കാട്ടുകൊള്ളക്കാരനായിരുന്നു ‘വീരപ്പൻ’ അഥവാ കൂസു മുനിസ്വാമി വീരപ്പൻ. (ജനനം: ജനുവരി 18, 1952 മരണം: ഒക്ടോബർ 18, 2004). ഇന്ത്യയുടെ റോബിൻ ഹുഡ് എന്ന് വീരപ്പൻ അദ്ദേഹത്തെ സ്വയം വിളിച്ചു. വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച വീരപ്പന്റെ ജീവിതം ആനക്കൊന്പ് വേട്ടയും പിന്നീട് ചന്ദനത്തടിമോഷണവുമായി വളർന്ന് പടർന്ന് പന്തലിക്കുകയായിരുന്നു. സേലം ജില്ലയിലെ മേട്ടൂർ, സത്യമംഗലം കാടുകൾ പ്രധാന താവളമാക്കിയിരുന്ന വീരപ്പനും സംഘവും പലപ്പോഴും കേരള അതിർത്തിയായ വാളയാർ കാടുൾ വരെ പ്രവർത്തനമണ്ഡലം വ്യാപിപ്പിച്ചിരുന്നു. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 6,000ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളിൽ വീരപ്പൻ സ്വതന്ത്രമായി വിഹരിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ആനകൾക്കും വന്യമൃഗങ്ങൾക്കും പുറമേ ഏകദേശം 124 വ്യക്തികളെയും വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ ഏറെ കാലം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അദ്ദേഹത്തെ ഇല്ലാതാക്കാൻ സാധിച്ചത്. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പനെ കോടികണക്കിന് രൂപ ചെലവഴിച്ച് കേന്ദ്ര സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ പോലീസ് വെടിയേറ്റ് 2004-ലാണ് കൊല്ലപ്പെട്ടത്.
ഇദ്ദഹത്തെ ഓർത്തത് നമ്മുടെ നാട്ടിൽ ഒരു സംസ്ഥാനത്ത് അധികാരത്തിന് വേണ്ടി നടക്കുന്ന കുതിരകച്ചവടം കാണുന്പോഴാണ്. വീരപ്പൻ എന്ന കൊള്ളക്കാരൻ ഇരുട്ടിന്റെ മറവിൽ കാലങ്ങളോളം കാട് കൊള്ളയടിച്ചപ്പോൾ ഇവിടെ പകൽവെളിച്ചത്തിൽ നാട് കട്ടുമുടിക്കുകയാണ് ഒരു കൂട്ടം രാഷ്ട്രീയക്കാർ. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഓരോ തെരഞ്ഞെടുപ്പിലും മൂലധനമായി ചെലവാക്കുന്ന പണത്തിന്റെ നൂറിരിട്ടി തിരിച്ച് നേടാനുള്ള തത്രപാടാണ് ഇവരെ മുന്പോട്ട് നയിക്കുന്നതെന്ന് കർണാടക തിരഞ്ഞെടുപ്പും തെളിയിക്കുന്നു. തെരഞ്ഞെടുപ്പെന്നത് ചിലപ്പോഴൊക്കെ ജനാധിപത്യ രാജ്യത്ത് പോലും ഒരു പ്രഹസനമാണെന്ന് വിളിച്ചുപറയുകയാണ് ഇത്തരം കുതിര കച്ചവടങ്ങൾ. അധികാരം നേടുന്നതിന് എന്ത് വില കുറഞ്ഞ നിലപാടുകളും വൃത്തികെട്ട സമീപനങ്ങളും സ്വീകരിക്കുമെന്ന തരത്തിൽ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ രാഷ്ട്രീയ വ്യഭിചാരം എന്നു മാത്രമേ വിളിക്കാൻ സാധിക്കൂ. കർണാടകയിൽ ഖനിമാഫിയയുടെ സംരക്ഷണവും മംഗലാപുരം വഴിയുള്ള അധോലോക ബന്ധവുമെല്ലാമാണ് അധികാരകസേര ഉറപ്പാക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ധനസമാഹരണവും ഇവിടെ നിന്നാക്കാനുള്ള ഉദ്ദേശ്യവും മിക്ക രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്. എന്തായാലും ഇത്തരം സാന്പത്തിക അധികാര വർഗീയ താത്പര്യങ്ങൾക്കു വേണ്ടി ജനാധിപത്യവും ഭരണഘടനയും ധാർമികമൂല്യങ്ങളും തകർക്കപ്പെടുന്പോൾ ഒരു സംസ്ഥാനത്തെ ജനങ്ങൾ മാത്രമല്ല മറിച്ച് ഒരു രാജ്യം തന്നെയാണ് തോറ്റുപോകുന്നതെന്ന് പറയാതെ വയ്യ!!