വൈകല്യം ബാധിക്കാതിരിക്കാൻ...
പ്രദീപ് പുറവങ്കര
വർത്തമാന പത്രത്തിന്റെ മുഴുവൻ പേജുകളിലും പീഢനവാർത്തകൾ നിറയുന്ന നാടായി നമ്മുടെ കേരളം മാറി വരികയാണ്. ചാനൽ സ്ലോട്ടുകളിൽ ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഇത്തരം വാർത്തകൾ ദിനംപ്രതി ഏറുന്നു. എവിടെയോ കേരളത്തിന്റെ സാമൂഹ്യബോധത്തിനും കുടുംബസങ്കൽപങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരിക്കുന്നു എന്ന് ഈ വാർത്തകൾ വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീകളെ ഉപദ്രവിച്ച വാർത്തകൾക്ക് പുറമേ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും നടക്കുന്ന മാനസികപ്രശ്നമുള്ളവരുടെ നാടാണ് കേരളമെന്ന് പുറത്തുള്ളവരും പ്രചരണം ആരംഭിച്ചിരിക്കുന്നു. ഈ പരാതികൾക്കൊന്നും തന്നെ തൃപ്തികരമായ വിശദീകരണം നൽകാനോ പരിഹാരം നിർദ്ദേശിക്കാനോ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കുന്നുമില്ല എന്നതാണ് വേദനപ്പിക്കുന്ന യാത്ഥാർത്ഥ്യം.
അന്വേഷണത്തിലെ കാലതാമസം, അനാസ്ഥ, എഫ്ഐആർ എഴുതുന്നതിൽ കാണിക്കുന്ന അശ്രദ്ധ, തിരിമറി തുടങ്ങി നിരവധി കാരണങ്ങളാൽ നമ്മുടെ നാട്ടിൽ കുറ്റവാളികൾ രക്ഷപ്പെടുന്നു. കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ അവർക്കിത് ധൈര്യം നൽകുന്നു. പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെ ലൈംഗിക പീഡനം നടക്കുന്പോൾ കർക്കശമായ നിലപാടെടുക്കാതെ വീഴ്ചവരുത്തുന്നത് ഒരു നാടിനും ഒരിക്കലും ഭൂഷണമല്ല. ജീവിതസൂചികയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വെച്ചു നോക്കുന്പോൾ ഏറ്റവും ഉയർന്നു നിൽക്കുന്ന കേരളത്തിൽ ദാരിദ്ര്യമെന്നത് ഇന്ന് ആപേക്ഷികം മാത്രമാണ്. സാമാന്യ ജീവിതനിലവാരം ഭൂരിപക്ഷം പേർക്കും ലഭിക്കുന്ന സാഹചര്യത്തിലും നമുക്കുണ്ടാകേണ്ട ബൗദ്ധിക സാക്ഷരത ഇല്ലാതെ പോയി എന്നതാണ് മലയാളി നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ആഗോളവൽക്കരണകാലത്തെ ഉപഭോക്തൃസംസ്കാരം നമ്മെ അടക്കിവാഴുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മലയാളികൾ തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യശരീരം ഉൾപ്പടെ എല്ലാം ഉത്പ്പന്നമായി മാറിയിരിക്കുന്നു. അപ്പോൾ നേരത്തേ കൽപ്പിച്ച് വെച്ചിരുന്ന മൂല്യങ്ങൾ നഷ്ടപ്പെടുന്നു. പണം നൽകിയാൽ എന്തും ലഭിക്കും എന്ന് ദുരവസ്ഥയാണിത്. അങ്ങിനെ വളർത്തിയെടുക്കുന്ന ഭോഗാസക്തിയും ആഡംബരഭ്രമവും നമ്മുടെ കുടുംബാന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ശൈഥില്യം മാനുഷിക ബന്ധങ്ങളെ തകർത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു. പൊതുഇടവും തൊഴിലിടവും സുരക്ഷിതമല്ലാതിരുന്ന അവസ്ഥയിൽ നിന്ന് ഇന്ന് വീട്ടകങ്ങൾ പോലും ആരെയും പേടിപ്പെടുത്തുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. ഒരു അമ്മ തന്നെ സ്വന്തം മകളെ അച്ഛന്റെയോ ബന്ധുവിന്റേയോ, സുഹൃത്തിന്റേയോ ലൈംഗിക സുഖത്തിന് കാഴ്ചവെയ്ക്കുന്ന മാനസികാവസ്ഥയെ വെറും ഭ്രാന്ത് എന്ന് വിളിച്ച് അതിന്റെ ക്രൂരതയുടെ അളവ് കുറക്കാനും മലയാളി പഠിച്ചിരിക്കുന്നു.
ഇത്തരമൊരു ഭീതിദത്തമായ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പരിഷ്കൃത സമൂഹത്തിന്റെ സാംസ്കാരിക നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനും സർക്കാരും പൊതുസമൂഹവും ഒത്തുശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നമ്മുടെ നാടിന്റെ ഭാവി ഇരുളടഞ്ഞതാകും. അതോടൊപ്പം മാനസിക ശാരീരിക വൈകല്യമുള്ള ഒരു സമൂഹമായ മലയാളികൾ ഇന്നല്ലെങ്കിൽ നാളെ മാറുമെന്നതും ഉറപ്പ്!!