ചൂടുകാലത്തെ മഴചിന്തകൾ...
പ്രദീപ് പുറവങ്കര
മരുഭൂമിയിൽ കാലാവസ്ഥാ മാറ്റമുണ്ടാകുന്നതിന്റെ സൂചന നൽകാറുള്ളത് വീശയിടിക്കുന്ന പൊടികാറ്റാണ്. കഴിഞ്ഞ ആഴ്ച്ചയാണ് അത്തരമൊരു പൊടിക്കാറ്റ് ഇവിടെ വീശിയടിച്ചത്. അതോടെ പുറം ജോലി ചെയ്യുന്നവരെ വെള്ളം കുടിപ്പിച്ചു കൊണ്ട് ചൂട് കനത്തുതുടങ്ങി. ചൂട് കാലത്ത് പൊതുവേ മനസ് മടുക്കാറാണ് പതിവ്. പ്രവാസികളിൽ ഭൂരിഭാഗം പേർക്കും ഇടയ്ക്ക് ഇവിടങ്ങളിൽ വിസിറ്റിങ്ങ് വിസയിൽ എത്തുന്ന മഴചാറ്റലുകൾ കാണുന്പോഴാണ് മനസ് ഒന്ന് കുളിരുന്നത്. ഇവിടെ പെയ്യുന്ന ഓരോ മഴതുള്ളിയിലും അപ്പോൾ നിറഞ്ഞുനിൽക്കുന്നത് നാട്ടിലെ പച്ച പുതച്ച പാടങ്ങളും, നാണിച്ച് നിൽക്കുന്ന ചേന്പിൻ തണ്ടും, കടലാസ് തോണികളുമൊക്കെ ആകും. മഴ ധാരാളം ലഭിക്കുന്ന നാടാണ് നമ്മുടെ കേരളം. ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം സജീവമാകുന്നതെങ്കിലും മഴയെത്തുന്ന കാലയളവ് എല്ലാവർഷവും വ്യത്യസ്തമാണ്. ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 28ന് തന്നെ എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം വന്നിരിക്കുന്നത്. ഒപ്പം സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് തിമിർത്ത് മഴപെയ്ത്ത് ഉണ്ടാകുമെന്നും പറയുന്നു.
അതേ സമയം ഓരോ മഴക്കാലത്തും ചൂട് കട്ടൻ ചായയും കുടിച്ച് വീടിന്റെ കോലായിൽ പരദൂഷണം പറഞ്ഞും, മഴയെ കുറ്റം പറഞ്ഞുമിരിക്കുന്ന മലയാളിക്ക് ഇതുവരെയായി ഈ ഭാഗ്യത്തെ സൂക്ഷിച്ച് വെക്കാനോ, അത് സംഭരിക്കാനോ, ഈ മഴയെ ഉപയോഗപ്രദമാക്കാനോ കഴിഞ്ഞിട്ടില്ല എന്നത് വിരോധാഭാസവുമാണ്. വെള്ളം പണം കൊടുത്തു വാങ്ങുന്ന നാടാണ് ഇന്ന് 44 നദികൾ ഉള്ള കേരളം. അറുപത് മുതൽ എൺപത് രൂപവരെ കാൻ വെള്ളത്തിന് നമ്മൾ നൽകുന്നുണ്ട്. ഇതു കൂടാതെ കുപ്പിവെള്ളം ആർഭാടത്തിനുപരി ആവശ്യവുമായി മാറിയിരിക്കുന്നു. ഈ ഒരു സാഹചര്യം വിലയിരുത്തുന്പോൾ തങ്ങളുടെ മണ്ണിൽ വീണുകിട്ടുന്ന മഴയെ എങ്ങിനെ ഉപയോഗപ്രദമാക്കാമെന്ന ചിന്ത ഗൃഹാതുരമായ മഴയോർമ്മകൾ പങ്കിട്ട് നമ്മൾ വെറുതെ ഒഴുക്കി കളയുകയാണ് ചെയ്യുന്നത്. ഓരോ നാടും അവരവരുടെ പക്കൽ ഉള്ള വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനും അവിടെയുള്ള ജനങ്ങളുടെ ആവശ്യത്തിന് അതുപയോഗിക്കാനും ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ഗൾഫ് നാടുകൾ. അവരുടെ കൈവശമുണ്ടായിരുന്ന എണ്ണ കയറ്റുമതി ചെയ്താണ് ഇന്ന് കാണുന്ന സൗഭാഗ്യങ്ങൾ അവർ നേടിയത്. ഈ രീതിയിൽ നോക്കുന്പോൾ വീണുപോകുന്ന മഴതുള്ളികളെ നമ്മൾ ഫലപ്രദമായി ഉപയോഗിച്ചാൽ കേരളം എന്ന് നാട് എത്രയോ മാറുമെന്നത് ഉറപ്പാണ്. പരിസ്ഥിതിവാദികളുടെ കൂടി സഹായത്തോടെ ഒരു പദ്ധതി നടപ്പിലാക്കാമെങ്കിൽ നമ്മുടെ ജലക്ഷാമം പരിഹരിക്കുന്നതിനോടൊപ്പം തൊഴിൽരഹിതരായ എത്രയോ പേർക്ക് ആശ്വാസവും ലഭിക്കും.
ഇവിടെ ഗൾഫ് രാജ്യങ്ങളിൽ നദികളുണ്ടായിട്ടല്ല നമ്മളാരും വെള്ളം കുടിക്കുന്നത്. ഇവിടെയുള്ള കടൽ വെള്ളമാണ് അതിനായി ശുദ്ധീകരിക്കുന്നത്. നമ്മുടെ നാട്ടിൽ ഉള്ള ശുദ്ധജലം ഇത്തരം രാജ്യങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിച്ചാൽ തന്നെ അതുണ്ടാക്കാൻ പോകുന്ന മാറ്റം വിപ്ലവാത്മകമായിരിക്കും, തീർച്ച!!