വീണ്ടുമൊരു പുണ്യമാസം എത്തുന്പോൾ...
പ്രദീപ് പുറവങ്കര
ഇന്നത്തെ തിരക്ക് പിടിച്ച കാലത്ത് അലമാരയിൽ ചില്ലിട്ട് വെക്കുന്ന പദങ്ങളിൽ പെട്ടവയാണ് ത്യാഗം, ക്ഷമ എന്നീ വാക്കുകൾ. ജീവിതം ഉത്സവമാക്കൂ എന്ന് പറഞ്ഞു കൊണ്ട് ആഘോഷിക്കുന്നതിനിടയിൽ ആരോട് ക്ഷമിക്കാൻ, ആർക്ക് വേണ്ടി സഹിക്കാൻ എന്നതാണ് പൊതുവെ ഒരു മനോഭാവം. അത്തരമൊരു ആസുര കാലത്താണ് വീണ്ടും ഒരു റമദാൻ മാസം മുന്പിലെത്തുന്നത്. ത്യാഗത്തിലൂടെ ഈ മാസം നേടിയെടുക്കുന്ന ആത്മവിശുദ്ധി മനുഷ്യരെ കൂടുതൽ നല്ല മനുഷ്യരായി സംസ്കരിക്കാൻ ഉള്ള അവസരം കൂടിയാണ്. അവനവന് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ചിലതൊക്കെ ത്യജിക്കാനുള്ള മനസുണ്ടാക്കിയെടുക്കലാണ് അടിസ്ഥാനപരമായി മതങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വ്രതാചരണങ്ങൾക്കുള്ള പ്രധാന ലക്ഷ്യം. വ്രതങ്ങൾ മനുഷ്യശരീരത്തെ ശുദ്ധമാക്കുന്നതായി ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നുണ്ട്. ശുദ്ധ മനസ് ഉണ്ടായാൽ മനുഷ്യന് ക്ഷമ എന്ന ഗുണം താനെ വരും. ഇങ്ങിനെ ത്യാഗവും, ക്ഷമയും, അതോടൊപ്പം ദാനവുമൊക്കെ ചേർന്ന് വർഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ മാസമായി വിശ്വാസികൾക്ക് റമദാൻ മാറുന്നു.
പ്രവാസലോകത്ത് വിശ്വാസികളുടേത് മാത്രമല്ല റമദാൻ. അത് ഇവിടെയുള്ള പൊതുസമൂഹത്തിന്റേത് കൂടിയാണ്. സങ്കുചിതമായ ചിന്തകളെ മാറ്റിവെച്ചുകൊണ്ട് ഒന്നിച്ചിരിക്കലിന്റെ സ്നേഹസംഗമങ്ങളുടെ കാലം കൂടിയാണ് ഇവിടെ റമദാൻ മാസം. മനുഷ്യമനസുകളുടെ നന്മകളിലേയ്ക്ക് ഊർന്നിറങ്ങാൻ ലഭിക്കുന്ന, അവന്റെ അന്തരാത്മാവിന്റെയുള്ളിൽ കുടികൊള്ളുന്ന പരമമായ സത്യത്തെ തിരിച്ചറിയുന്ന നിമിഷങ്ങൾ കൂടിയാണ് ഇത്തരം കൂടിചേരലുകൾ. പകലന്തിയോളം പട്ടിണി കിടന്ന് വൈകുന്നേരം പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടുന്പോൾ അതൊരു പ്രത്യേക തരം ഊർജ്ജമാണ് അതിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നത്. ഒപ്പം ഈ ലോകത്ത് താൻ എത്ര ഭാഗ്യവാനാണെന്നും ഓരോ റമദാൻ കാലവും ഓർമ്മിപ്പിക്കുന്നു. അതു പോലെ തന്നെ അസഹിഷ്ണുതയും, അതിമോഹവും, ഒക്കെ മനുഷ്യമനസുകളെ വികലമാക്കുന്ന കാലത്ത് റമദാൻ മാസം നമുക്ക് ഒരു ആശ്വാസം കൂടിയാണ്.
പട്ടിണിയെന്ത് എന്ന് അറിയാത്തവന് വിശപ്പിന്റെ വില മനസിലാകില്ല. ഒപ്പം വിശക്കുന്നവന്റെ വേദനയും തിരിച്ചറിയില്ല എന്ന് പറയാറുണ്ട്. മായകാഴ്ച്ചകളുടെ പളപള്ളപ്പിൽ കണ്ണുമഞ്ഞളിക്കുന്ന സമൂഹത്തിന് അതു കൊണ്ട് തന്നെ റമദാൻ മാസം യാത്ഥാർത്ഥ്യങ്ങളുടെ കാഴ്ച്ചകൾ കാണാനുള്ള അവസരം നൽകുന്നു. വ്രതം തീവ്രമാകുന്പോൾ വിശ്വാസവും അതു വഴി ദൈവാധീനവും ശക്തമാകുമെന്ന് വിശ്വാസികൾ കരുതുന്നു. ഇസ്ലാം വിശ്വാസം പ്രകാരം ഏറ്റവും പുണ്യമാർന്ന മാസമാണ് പരിശുദ്ധ റമദാൻ. പരിശുദ്ധ ഖുർ ആൻ അടക്കമുള്ള ഗ്രന്ഥങ്ങൾ അവതരിച്ച മാസം. റമദാൻ എന്ന വാക്കിന്റെ തന്നെ അർത്ഥം കരിച്ച് ഇല്ലാതാക്കുക എന്നാണെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. സഹനത്തിന്റെയും, ക്ഷമയുടെയും ഈ വ്രത പുണ്യം ലോകത്ത് കൂടുതൽ സമാധാനം നിറയ്ക്കട്ടെ എന്നാഗ്രഹത്തോടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ റമദാൻ കരീം അശംസകൾ...