ഒരു ട്രപ്പീസ് കളി കൂടി തീരുന്പോൾ..
പ്രദീപ് പുറവങ്കര
ജനാധിപത്യരാജ്യത്തെ ഒരു തെരഞ്ഞെടുപ്പ് ഉത്സവം കൂടി കഴിഞ്ഞിരിക്കുന്നു. കർണാടകത്തിലെ നിയമസഭാ ഫലം പുറത്ത് വന്നിരിക്കുന്നു. എങ്കിലും ഈ കുറിപ്പെഴുതുന്പോഴും കർണാടകത്തിലെ രാഷ്ട്രീയ ഭാവി ഇനിയും വ്യക്തമായിട്ടില്ല. കൂടുതൽ സീറ്റുകൾ നേടിയ ബിജെപി അധികാര കസേരയിലേയ്ക്ക് എത്തുമെന്നോ അതോ കോൺഗ്രസ് പിന്തുണയോടെ ജനതാദൾ വരുമെന്നോ ഉള്ള അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും ഈ രാഷ്ട്രീയ ട്രപ്പീസ് കളിയിൽ ആര് ജയിക്കുമെന്ന് അറിയാൻ നമുക്ക് കാത്തിരിക്കാം.
അതേ സമയം ഈ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്പോൾ ഇപ്പോഴും കോൺഗ്രസിന് പറ്റുന്ന ചില തെറ്റുകൾ ചൂണ്ടികാണിക്കാതിരിക്കാൻ പറ്റുന്നില്ല. രാഷ്ട്രീയം എന്ന് വെച്ചാൽ സ്വപന്ങ്ങളുടെ വ്യാപാരം കൂടിയാണ്. അതിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ പിടിച്ചു നിൽക്കാൻ സാധിക്കൂ. ഇതിൽ തഴക്കവും വഴക്കവും നേടിയ നരേന്ദ്ര മോദിയെന്ന സ്വപ്നവ്യാപാരിക്ക് മുന്പിൽ താരതമ്യേന ചെറുപ്പക്കാരനും അനുഭവ സന്പത്ത് കുറഞ്ഞയാളുമായ രാഹുൽ ഗാന്ധിക്ക് പരിമിതികളുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യ തനിയെ ഭരിച്ച കോൺഗ്രസ് പാർട്ടി പഞ്ചാബും പുതുച്ചേരിയും മാത്രം ഭരിക്കുന്ന വെറുമൊരു പ്രാദേശിക പാർട്ടി പോലെയായി ഇന്ന് ശോഷിച്ചുപോയിരിക്കുന്നു. ജാതി മത വർഗീയ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇത് ആദ്യമായൊന്നുമല്ല കർണാടകത്തിൽ പ്രതിഫലിക്കുന്നത്. എങ്കിലും അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കാൻ ഇക്കുറി മോദിക്കും അമിത് ഷാക്കും ബിജെപ്പിക്കും എളുപ്പത്തിൽ കഴിഞ്ഞു എന്നതാണ് യാത്ഥാർത്ഥ്യം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കോ കർണാടകയുടെ മനസ്സ് കൃത്യമായി അറിയുന്ന സിദ്ധരാമയ്യക്കോ ഇതിനിടയിൽ ഇവിടെ കൃത്യമായ പ്രതിരോധം തീർക്കാനും കഴിഞ്ഞില്ല.
കർണാടകം കൂടി കഴിയുന്പോൾ ബാക്കിയാകുന്നത് കേരളമാണ്. ഒരു തരി മതി എന്നൊക്കെ പറഞ്ഞ് വെറുതെ ഇരുന്നാൽ കേരളവും കർണാടകയാകാൻ അധികം കാലം വേണ്ടെന്ന് ബംഗാളും ത്രിപുരയുമൊക്കെ ഉദാഹരണ സഹിതം വിളിച്ചു പറയുന്നുണ്ട്. അതു കൊണ്ട് തന്നെ വർത്തമാന യാത്ഥാർത്ഥ്യങ്ങളെ തിരിച്ചറിയാനുള്ള ബോധമുള്ള നേതാക്കളെയാണ് ഈ സാഹചര്യത്തിൽ കേരളത്തിലെ മതേതര പ്രസ്ഥാനങ്ങൾക്ക് ആവശ്യം. മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന അവസ്ഥയിലേയ്ക്ക് നാട് എത്തിതുടങ്ങിയാൽ അരക്ഷിതാവസ്ഥായായിരിക്കും ഫലം. ബിജെപി മുന്പോട്ട് വെക്കുന്ന പദ്ധതികളിൽ ജനം താത്പര്യം കാണിക്കുന്നുവെങ്കിൽ മറ്റുള്ളവർ അവരുടെ പദ്ധതികളെ പറ്റി പുനരാലോചന നടത്തണം. മുന്പ് സൂചിപ്പിച്ചത് പോലെ ഭാവനാത്മകമായ സ്വപ്നങ്ങളെ നിർമ്മിക്കുവാൻ സാധിക്കുന്ന നേതാക്കളുടെ അഭാവം ഇനിയുള്ള കാലത്ത് ഏതൊരു രാഷ്ട്രീയ ശക്തിയെയും പിന്നോട്ട് വലിക്കുകയാണ് ചെയ്യുക. തങ്ങളുടെ വീരേതിഹാസങ്ങളും പഴകി പതിഞ്ഞ ചരിത്രങ്ങളും മാത്രം പോരാ ഇനിയുള്ള കാലം രാഷ്ട്രീയത്തിൽ വിജയിച്ചു വരാൻ. അടുത്ത തലമുറയ്ക്ക് എന്ത് നൽകണം എന്നതിനെ പറ്റിയാണ് ചിന്തിക്കേണ്ടത്. അത്തരം സ്വപ്നങ്ങൾക്കാണ് രാഷ്ട്രീയപാർട്ടികൾ വിത്ത് പാകേണ്ടത്.
തെരഞ്ഞെടുപ്പിൽ ജയവും വിജയവും സ്വാഭാവികമാണ്. വിജയിച്ചവരെ അഭിനന്ദിക്കുക എന്നത് ജനാധിപത്യ സമൂഹത്തിലെ ആവശ്യവും. അതു കൊണ്ട് തന്നെ വരും വർഷങ്ങളിൽ കർണാടകയെ മുന്പോട്ട് നയിക്കാൻ വരുന്ന സാരഥികൾ ആരായലും തന്നെ അവർക്ക് നല്ല പ്രവർത്തനം കാഴ്ച്ച വെക്കാൻ സാധിക്കട്ടെ എന്നാഗ്രഹത്തോടെ...