ദൈവത്തിന്റെ നാട്ടിലെ മനുഷ്യപിശാചുകൾ..
പ്രദീപ് പുറവങ്കര
ആദ്യപേജിൽ എന്തിനാ പീഢനവാർത്ത കൊടുക്കുന്നതെന്ന് ചോദിച്ച് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ചു. ശരിയാണ്, പ്രബുദ്ധ കേരളത്തിന്റെ നെറുകയിൽ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത് വലിയ കളങ്കമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ഇത്തരം പൈശാചിക പ്രവർത്തികൾ നമുക്ക് മൂടിവെക്കാവുന്നതേയുള്ളൂ. ആരോടും പറയാതെ ഒളിപ്പിക്കാവുന്നതേയുള്ളൂ. പക്ഷെ ഒരു നാൾ ഇതേ സംഭവങ്ങൾ നമ്മുടെ തന്നെ വീട്ടിലും നടന്നാലോ എന്ന്് കൂടി ആലോചിക്കുന്പോൾ ഈ ഈ വാർത്തകൾക്ക് പ്രാധാന്യം നൽകാതിരിക്കാൻ സാധിക്കുന്നില്ല എന്നതാണ് യാത്ഥാർത്ഥ്യം.
മലപ്പുറം എടപ്പാളിൽ സിനിമാ തിയറ്ററിൽ പത്തുവയസുകാരി ബാലികയെ അപമാനിച്ചതും പയ്യന്നൂരിൽ അമ്മയ്ക്കൊപ്പം രാത്രി തെരുവിൽ ഉറങ്ങിക്കിടന്ന ഏഴു വയസുകാരി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ നടത്തിയ ശ്രമവും ഈ പരന്പരയിൽ അവസാനത്തേതാകുമെന്ന് കരുതുന്നില്ല. രണ്ടു സംഭവങ്ങളിലും കേസെടുക്കാൻ പോലീസ് കാട്ടിയ താമസം ഏറെ സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. ഭരണ കക്ഷി മന്ത്രിമാർ പോലും പോലീസിനെ ഈകാര്യത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ ഒരു അവസ്ഥയിൽ തെരുവിൽ അന്തിയുറങ്ങുന്ന നാടോടി കുടുംബത്തിലെ കൊച്ചുകുഞ്ഞുങ്ങൾപോലും കാമാർത്തിപൂണ്ട മനുഷ്യപ്പിശാചുക്കളുടെ പിടിയിൽ പെട്ടുപോകുന്പോൾ നമ്മൾ എങ്ങിനെയാണ് ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോൾ അത് നാണക്കേടിനപ്പുറമുള്ള വലിയൊരു അപകടസൂചനയായാണ് നാം കാണേണ്ടത്. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് നാം അവഗണിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്പോൾ സമൂഹത്തിലെവിടയോ പടർന്നുപിടിക്കുന്ന അർബുദരോഗത്തിന്റെ അണുക്കളെയാണ് നാം തിരിച്ചറിയേണ്ടത്. ചികിത്സയില്ലാത്ത രോഗങ്ങളുടെ പട്ടികയിൽപ്പെടുത്തി നമുക്കു നിസഹായരായി നിൽക്കാനാവില്ല എന്നതാണ് സത്യം.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇത്തരം അതിക്രമങ്ങളെ നേരിടുന്നതിനു പോക്സോ നിയമം നിലവിലുണ്ടെങ്കിലും പലപ്പോഴും പ്രതികൾ ഉന്നത സ്വാധീനത്തിന്റെയും പണത്തിന്റെയും ബലത്തിൽ രക്ഷപ്പെടുകയാണ്. കാഷ്മീരിലെ കഠുവയിൽ പിഞ്ചുബാലിക ക്രൂരമായ പീഡിപ്പിക്കപ്പെട്ട സംഭവമാണ് ഇത്തരമൊരു ഓർഡിനൻസിനു നിമിത്തമായത്. പോക്സോ കേസുകളിൽ കുട്ടികളുടെ അമ്മമാരുൾപ്പെടെ അടുത്ത ബന്ധുക്കളും പ്രതികളാകുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. മാതൃത്വത്തിനുതന്നെ അപമാനകരമായ ചില സംഭവങ്ങളാണ് നാം ചുറ്റുപാടും കാണുന്നതും കേൾക്കുന്നതും. എടപ്പാൾ തിയേറ്റർ സംഭവത്തിൽ ബാലികയോടൊപ്പമുണ്ടായിരുന്ന അമ്മയും അപമാനിക്കപ്പെട്ടെങ്കിലും അതിൽ പരാതിയില്ലെന്ന നിലപാടാണ് അവർക്ക്. കുട്ടിയെ അപമാനിക്കുന്നതിനു കൂട്ടുനിന്ന ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം അമ്മമാർ നമ്മുടെ സമൂഹത്തിൽ കുറവാണെങ്കിലും ചിലരെങ്കിലുമുണ്ടെന്നത് ലജ്ജാകരംതന്നെ. പിണറായിയിൽ മാതാപിതാക്കളെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീ സമാനതകളില്ലാത്ത ക്രൂരതയുടെയുടെ തെളിവായിരുന്നു. വേണ്ടത് ദ്രുതഗതിയിൽ ഇരകൾക്കു നീതി ഉറപ്പാക്കലാണ്. സെൻസേഷണലിസം ഒഴിവാക്കി മാധ്യമങ്ങളും ഇത്തരം സംഭവങ്ങളിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. വ്യാപകമായ ബോധവത്കരണ നടപടികളും ഇതോടൊപ്പം ആവശ്യമാണെന്ന ഓർമ്മപ്പെടുത്തലോടെ...