അമ്മ, ശക്തിയും ദൗർബല്യവും..
പ്രദീപ് പുറവങ്കര
മുഖപുസ്തകത്തിൽ മാതൃദിനം പ്രമാണിച്ച് ഇന്ന് അമ്മ മുഖങ്ങളാണ് അധികവും. ഭാര്യക്കൊപ്പവും കാമുകിക്കൊപ്പവും സുഹൃത്തിനൊപ്പവുമൊക്കെ ഇടയ്ക്കിടെ ഫോട്ടോ എടുക്കാറുള്ള നമ്മളിൽ പലരുടെയും പക്കൽ അമ്മയ്ക്കൊപ്പമുള്ള ഫോട്ടോകളുടെ എണ്ണം കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് പലരും ഇന്ന് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ വരെ ഫേസ്ബുക്കിലിട്ട് ലൈക്കുകൾ നേടി നിർവൃതിയടയുന്നത്. ഇതിന് ചിലപ്പോൾ കാരണം അമ്മയെന്നത് നമ്മുടെ ഹൃദയത്തിൽ ജന്മനാ പതിഞ്ഞ മുഖമായത് കൊണ്ടാകാം. ഇത്തരത്തിൽ അമ്മ നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും നേർപതിപ്പായത് കൊണ്ടായിരിക്കണം ജനിച്ച അന്നു തൊട്ട് അമ്മയാണ് അച്ഛനെക്കൾ പ്രിയപ്പെട്ടതായി മാറുന്നത്. അച്ഛാ എന്നു വിളിച്ച് കരഞ്ഞാൽ അച്ഛന് എന്തോ സംഭവിച്ചു എന്നാണ് പൊതുവെ കരുതുക. അമ്മേ എന്ന് പറഞ്ഞ് കരഞ്ഞാൽ നമുക്കെന്തോ സംഭവിച്ചു എന്നാണ് മനസിലാക്കുക. ഇതാണ് അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസം എന്നു പറയാറുണ്ട്. അച്ഛൻ മറ്റൊരാളും, അമ്മ നമ്മൾ തന്നെ ആയി മാറുന്ന ഒരു അത്ഭുത പ്രതിഭാസമാണത്.
അമ്മയെ അറിഞ്ഞു വരുന്നത് പലപ്പോഴും പ്രായമാകുന്പോഴാണ്. പെൺകുട്ടികൾക്കാണ് ഈ അനുഭവം ഏറുന്നത്. അവർ അമ്മയായി മാറുന്പോൾ ഈ തിരിച്ചറിവ് ആരംഭിക്കും. അതേസമയം ആൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ അമ്മയുമായി അകലം പാലിക്കുന്നു എന്നതും നോക്കിക്കാണേണ്ട കാര്യമാണ്. തന്റെ വിരൽത്തുന്പിൽ ലോകത്തെ പരിചയപ്പെടുത്തിയ അമ്മയെ ഒന്ന് തലോടാനോ, ആ മടിയിൽ ഒന്ന് തലവെച്ചുറങ്ങാനോ പല ആൺമക്കൾക്കും സാധിക്കുന്നില്ല. നമ്മുടെ ആധുനിക സാമൂഹ്യവസ്ഥയും, അമിത സദാചാരബോധവും ആണ് ഇതിന് കാരണമാകുന്നത്. അമ്മയുടെ മുന്പിൽ മനസ് തുറക്കാനും പുരുഷ കേസരികളിൽ പലരും ഭയക്കുന്നു. അതേസമയം പെൺകുട്ടികൾ അമ്മയോടെന്ന പോലെ അച്ഛനോടും ഇന്ന് ഏറെ അടുത്തിരിക്കുന്നു. തോളിൽ കൈയിട്ട് തമാശയും പറഞ്ഞ് നടക്കുന്ന അച്ഛന്റെയും പെൺമക്കളുടെയും ചിത്രങ്ങൾ നമ്മുടെ ഇടയിൽ സജീവമാണ്.
അമ്മയെ അകലെ നിർത്തി ഒരു വിഗ്രഹമാക്കി ആരാധിക്കുന്ന അവസ്ഥയല്ല ഇനിയത്തെ കാലത്ത് വേണ്ടത്. അവരുടെ ചിറകിനിടയിൽ പറ്റിചേർന്നു കൊണ്ട് ആ ഹൃദയത്തുടിപ്പുകൾ തിരിച്ചറിയാനും, അവരെ ചേർത്ത് പിടിക്കാനുമാണ് സാധിക്കണ്ടത്. അമ്മയറിയാത്ത ഒന്നും നമുക്കില്ലെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. ഇതോടൊപ്പം ഇന്നത്തെ കാലത്തെ അമ്മമാരും മാറേണ്ടതുണ്ട്. പ്രത്യേകിച്ച് ആൺമക്കളുള്ള അമ്മമാർ. മകനാണ് നിങ്ങൾക്കുള്ളതെങ്കിൽ അവനെ ആദ്യം പരിപൂർണമായി മനസിലാക്കേണ്ടത് അവന്റെ അമ്മയാണ്. എത്ര തന്നെ പ്രായമായലും ശരി ആ മകന് എന്തും തുറന്ന് പറയാനുള്ള അത്താണിയാണ് താനെന്നുള്ള ആത്മവിശ്വാസം അമ്മ നൽകണം. നിങ്ങളാണ് അവന്റെ ദൗർബല്യമെന്നും, ശക്തിയെന്നും മനസിലുറപ്പിക്കുക. അങ്ങിനെ ചെയ്തെങ്കിൽ ആ മകൻ ആരെയും കേറി പിടിക്കില്ല, ഉറപ്പ്.
മാതൃത്വത്തെ പറ്റി എഴുതി വരുന്പോഴും ചില അമ്മമാരെ വെറുക്കാതെ വയ്യ. ശരീരത്തിന്റെ ദാഹങ്ങളെ ശമിപ്പിക്കാൻ തങ്ങൾ നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളെ തന്നെ കുരുതി കൊടുക്കാൻ ഒരുന്പെട്ടിറങ്ങുന്ന അമ്മ എന്നു പേരുള്ള പൂതനമാരും ഇന്ന് ഏറുന്നു. അവർക്ക് ശാപമോക്ഷമല്ല വേണ്ടത് മറിച്ച് ഏറ്റവും കനത്ത ശിക്ഷയാണ് നൽകേണ്ടതെന്ന് കൂടി ഓർമ്മിപ്പിച്ച് കൊണ്ട് ഏവർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!!