അനിവാര്യമായ തിരിച്ചറിവുകൾ..
പ്രദീപ് പുറവങ്കര
രാവിലെ വാട്സാപ്പിൽ പതിവ് പോലെ നിറഞ്ഞത് ബഹ്റൈനിൽ നിന്നുള്ള രണ്ട് മരണവാർത്തകളും അതിന്റെ തൊട്ടുപിന്നാലെയുള്ള നിലയ്ക്കാത്ത അനുശോചനങ്ങളുമായിരുന്നു. ഒരാൾ ആശുപത്രിയിൽ തന്നെയാണ് മരിച്ചതെങ്കിൽ മറ്റൊരാൾ റൂമിൽ ഉറക്കത്തിലായിരുന്നു മരണത്തെ പുൽകിയത്. കുറച്ച് മാസങ്ങളായി ദിവസവും ഏറ്റവും കുറഞ്‍ഞത് ഒരു മരണമെങ്കിലും ബഹ്റൈനിലെ മലയാളി പ്രവാസികൾക്കിടയിൽ ഉണ്ടായികൊണ്ടിരിക്കുകയാണ്. ചെറിയ തലകറക്കം, നേരിയ നെഞ്ചു വേദന, ജോലിസ്ഥലത്ത് പെട്ടെന്നൊരു വീഴ്ച, റൂമിലെ ബെഡിൽ ആരുമറിയാതെ.. അതുമല്ലെങ്കിൽ ആത്മഹത്യ. അങ്ങിനെ ഇവിടെ മരണ വാർത്തകൾക്ക് ഏതാണ്ട് ഒരേ സ്വഭാവമാണ്. മരണത്തിന് കാലമോ നേരമോ സ്ഥലമോ ഇല്ല. എപ്പോഴും എവിടെയും ആർക്കും സംഭവിക്കാം. എങ്കിലും പ്രവാസലോകത്തെ മരണങ്ങൾക്ക് എണ്ണവും വേഗവും നാൾക്കുനാൾ വർദ്ധിച്ചു വരുന്നില്ലേ എന്ന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നു. മെറ്റബോളിക്ക് സിൻഡ്രോം എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന ലൈഫ് ൈസ്റ്റൽ രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രവാസ ലോകത്ത് നങ്കൂരമിട്ടിരിക്കുന്നതായി കാണാം. ഇത്തരം രോഗങ്ങളുടെ തടവുകാരാണ് പ്രവാസികളിൽ ഭൂരിഭാഗവും.
ഷുഗർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അമിത വണ്ണം, കിഡ്നി തകരാറുകൾ, അൾസർ, പൈൽസ് തുടങ്ങിയുള്ള രോഗങ്ങളാണ് വളരെ സാധാരണമായി ഇവിടെയുള്ളത്. ഭക്ഷണക്കാര്യത്തിലുള്ള ചിട്ടയില്ലായ്മ, വ്യായാമക്കുറവ്, മാനസിക സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങൾ തന്നെയാണ് പ്രവാസിയെ നിത്യരോഗിയാക്കുന്നതിൽ പ്രധാന പ്രതിയെന്ന് വൈദ്യശാസ്ത്ര വിദഗ്ദന്മാരും ചൂണ്ടിക്കാട്ടുന്നു. വിരഹവും ഏകാന്തതയും ജോലി സമ്മർദ്ദങ്ങളും ഒരു ഇ.സി.ജി ചാർട്ടിലെ വരകളെപ്പോലെ പ്രവാസിയുടെ ഹൃദയത്തിൽ എന്നും ഇടിച്ചു കൊണ്ടേയിരിക്കും. അതിൽ നിന്ന് ഒരു മോചനം എളുപ്പമല്ല. അതേ സമയം അൽപമൊന്ന് മനസ്സ് വെച്ചാൽ വലിയ മാറ്റങ്ങൾ വരുത്താവുന്ന കാര്യമാണ് ഭക്ഷണക്കാര്യത്തിലുള്ള ചിട്ടയില്ലായ്മയും വ്യായാമക്കുറവും. ഗൾഫിലെ ചൂടുള്ള കാലാവസ്ഥയിൽ മതിയായ അളവിൽ വെള്ളം കുടിക്കാത്തതും പ്രധാന പ്രശ്നമാണ്. വരാനിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ള വേനൽ കാലം കൂടിയാണ്.
കൃത്യമായ ഇടവേളകളിൽ ലളിതമായ പരിശോധനകളിലൂടെ കണ്ടെത്താവുന്നതും ചികിത്സിച്ചു മാറ്റാവുന്നതുമായ പല രോഗങ്ങളും അശ്രദ്ധ മൂലം ഗുരുതരാവസ്ഥയിൽ എത്തിയ ശേഷമാണ് പലപ്പോഴും ഇവിടെ തിരിച്ചറിയുന്നത്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങളും സങ്കടങ്ങളും തീർക്കാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിനിടയിൽ സ്വന്തം ശരീരത്തെ മറന്നു പോകുന്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. ജംങ്ക് ഫുഡിന്റെ അടിമകളായി മാറുന്ന കുട്ടികൾ, ഉറക്കവും ആലസ്യവും കൊഴുപ്പും സമാസമം ചേർന്ന ജീവിത രീതിയുടെ ഫലമായി ഉരുണ്ടു തടിച്ച് നീങ്ങുന്ന സ്ത്രീകൾ, എഴുന്നേറ്റ് നിന്നാൽ കുടവയറു കാരണം ഭൂമി മറയുന്ന പുരുഷൻമാർ അങ്ങിനെ മിക്ക പ്രവാസി കുടുംബങ്ങളിലേക്കും ക്യാമറ തിരിച്ചു വെച്ചാൽ ലെൻസിൽ പതിയുന്ന ദൃശ്യങ്ങൾ ഇവയൊക്കെയാണ്. ഇവർക്ക് രോഗം വന്നാൽ ഒന്നുകിൽ ഇവിടെയുള്ള ചികിത്സാസൗകര്യം ഉപയോഗിക്കുകയോ അല്ലെങ്കിൽ ജോലി ഒഴിവാക്കി നാട്ടിലേക്ക് തിരിക്കുകയോ ചെയ്യണം. മുന്പത്തെ പോലെ ട്രിപ്പിൾ ഫൈവ് സിഗററ്റും, റേബാന്റെ കൂളിംഗ് ഗ്ലാസും, അറേബ്യൻ അത്തറുമായി നാട്ടുകാരുടെയും വീട്ടുകാരുടെയും ആരാധനാപാത്രങ്ങളായി ഗൾഫുകാരൻ വിലസിയിരുന്ന പഴയ കാലമൊക്കെ പോയ്മറഞ്ഞു എന്ന തിരിച്ചറിവിന്റെ ഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ കാലത്ത് പ്രവാസ ജീവിതത്തിന് അപ്പുറം മടങ്ങി നാട്ടിലെത്തുന്പോൾ കാലിടറി വീഴാതെ പിടിച്ചു നിൽക്കാൻ ആരോഗ്യമുള്ള ഒരു ശരീരമെങ്കിലും ബാക്കിയാകേണ്ടതുണ്ട്. ആ നേരത്ത് അനിവാര്യമായ ചില തിരിച്ചറിവുകളും അത്യന്താപേക്ഷിതമായ ചില മുൻകരുതലുകളും, ഓരോ പ്രവാസിക്കും ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...