ഒരു രാത്രി കൂടി വിടവാങ്ങുന്പോൾ...
പ്രദീപ് പുറവങ്കര
ഓരോ പകലുകളും രാത്രികളും വിടവാങ്ങി പോകുന്പോൾ ബാക്കിവെക്കുന്നത് ഓർമ്മകൾ മാത്രമാണ്. നല്ലതും ചീത്തയുമായ ഓർമ്മകൾ. നമ്മൾ മനുഷ്യർ ജീവിതത്തെ പലതായി വിഭജിച്ചിരിക്കുന്നു. കുടുംബം, തൊഴിൽ, സുഹൃത്തുക്കൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിങ്ങിനെ പലതും ഈ വിഭജനത്തിൽ പെടും. ഇതിൽ ഇന്നത്തെ കാലത്ത് കുടുംബം കഴിഞ്ഞാൽ മിക്കവരുടെ പ്രധാന സമയം ചിലവഴിക്കപ്പെടുന്നത് ജോലി അഥവാ തൊഴിൽപരമായ കാര്യങ്ങൾക്കാണ്. ഇതിൽ ചില ജോലികൾക്ക് സമയക്രമം തീരെയുണ്ടാകില്ല. അത്തരമൊന്നാണ് എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 15 വർഷത്തോളമായി ചെയ്തു വരുന്ന മാധ്യമപ്രവർത്തനം. എന്താണ് അടുത്ത നിമിഷം റിപ്പോർട്ട് ചെയ്യേണ്ടതെന്ന് അറിയാതെയുള്ള അനിശ്ചിതത്വമാണ് ഈ ജോലിയിൽ ഏറ്റവുമധികം ത്രസിപ്പിക്കുന്ന കാര്യം.
ടെലിവിഷൻ, റേഡിയോ, പത്രം ഇപ്പോൾ നവമാധ്യമങ്ങളുടെ ഇടയിലും ഒരു പോലെ ജോലി ചെയ്യാൻ ലഭിച്ച അവസരത്തെ ഏറെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. ഓരോ മാധ്യമ ഇടങ്ങൾക്കും അതിന്റേതായ ധർമ്മമുണ്ട്, വ്യതിരക്തതയുണ്ട്. വിനോദത്തിനാണ് റേഡിയോ മുൻതൂക്കം നൽകുന്നതെങ്കിൽ അൽപ്പം കൂടി ഗൗരവമാർന്ന വിഷയങ്ങളാണ് വാർത്ത ചാനലുകളും പത്രങ്ങളും നൽകുന്നത്. നവമാധ്യമങ്ങളുടെ വിശ്വാസ്യതയിൽ ഇന്നും പൂർണമായും ആളുകൾ വിശ്വാസം രേഖപ്പെടുത്തിയില്ലെങ്കിൽ പോലും ചെറിയൊരു ശതമാനം പേർ അതും ഫോളോ ചെയ്യുന്നുണ്ട് എന്ന് പറയാതെ വയ്യ. ടെലിവിഷന്റെ ഗ്ലാമർ ഇല്ലെങ്കിലും പത്രം എന്നത് ഈ മാധ്യമങ്ങളിൽ ഏറ്റവും ശക്തമായ ഇടമാണ്. മനുഷ്യജീവിതങ്ങളുടെ കറുപ്പിന്റെയും വെളുപ്പിന്റെയും നിറച്ചാർത്താണ് ഓരോ പത്രവും. അതിലൂടെ വരുന്ന വാർത്തകളും വിചാരങ്ങളും മാറ്റിമറിക്കുന്നതും, സ്പർശിക്കുന്നതും എത്രയോ മനുഷ്യരെയാണ്.
ഇങ്ങിനെ വിവിധ മാധ്യമ ഇടങ്ങളിൽ ജോലി ചെയ്യുന്പോൾ ചില രാത്രികൾ ഉണ്ട് ഹൃദയത്തോട് ചേർത്ത് വെക്കാനും, ഓർമ്മിക്കാനും. ടെലിവിഷനിലേയ്ക്ക് എപ്പിസോഡുകൾ അയക്കാൻ കഷ്ടപ്പെട്ട രാത്രികൾ, ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ ഇന്ത്യൻ റേഡിയോ േസ്റ്റഷൻ ആരംഭിക്കുന്നതിന് മുന്പുള്ള രാത്രികൾ, ബഹ്റൈനിലെ പ്രധാനപ്പെട്ട ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിക്കുന്നതിന്റെ തലേന്നുള്ള രാത്രികൾ, ഗൾഫിലെ ആദ്യത്തെ സായാഹ്ന പത്രമായ ഫോർ പി എം പ്രസിദ്ധീകരിക്കുന്നതിന്റെ മുന്പുള്ള രാത്രികൾ.. അങ്ങിനെ അത്തരം രാത്രികളിൽ ഉൾപ്പെടുത്താൻ പറ്റുന്ന മറ്റൊരു രാത്രിയായിരുന്നു ഇന്നലെ. ഫോർ പി എമ്മിന്റെ സഹോദര സ്ഥാപനമായ ഡിടി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രം പുതിയ രൂപത്തിലും ഭാവത്തിലും വായനക്കാരുടെ മുന്പിൽ ഇന്ന് എത്തിയിരിക്കുന്നു. ടാബ്ലോയിഡ് സൈസിൽ നിന്ന് മാറി ബെർലിനർ സൈസിലേയ്ക്ക് മാറുകയും അതോടൊപ്പം പേജ് ലേ ഔട്ടിന്റെയും ഡിസൈനിങ്ങിന്റെയും രംഗത്ത് തന്റേതായ കൈയൊപ്പ് രേഖപ്പെടുത്തിയിട്ടുള്ള സെയിനുൽ ആബിദിന്റെ ടീം പത്രത്തിന്റെ ഡിസൈനിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തുകയും ചെയ്താണ് പുതിയ ഡെയിലി ട്രിബ്യൂൺ പുറത്തിറങ്ങിയിരിക്കുന്നത്. ബഹ്റൈനിലെ പ്രാദേശിക വാർത്തകൾക്ക് പുറമേ അന്താരാഷ്ട്ര വാർത്തകൾക്കും വിചാരങ്ങൾക്കും പ്രാമുഖ്യം നൽകിയാണ് പുതിയ രൂപമാറ്റം. ഏറ്റവും നല്ലത് വായനക്കാരന്, കാഴ്ച്ചക്കാരന്, കേൾവിക്കാരന് കൊടുക്കാൻ സാധിക്കണമെന്ന ആഗ്രഹമാണ് ഈ മാറ്റങ്ങൾക്കൊകെ നിദാനമായി തീരുന്നത്. വരും ദിവസങ്ങളിൽ ഈ പുതിയ പത്രത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ടീമിലെ ഒരംഗം എന്നനിലയിൽ കാതോർത്തിരുന്നുകൊണ്ട്, ഒന്നിച്ച് ഒരു സ്വപ്നത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊള്ളട്ടെ...