കണ്ണൂരും, കണ്ണീരും....
പ്രദീപ് പുറവങ്കര
എവിടെയും കണ്ണീരിന് ഒരേ ഉപ്പ് രസമാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് കണ്ണൂർ നമ്മെ വീണ്ടും കരയിപ്പിച്ചിരിക്കുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടുക്കലും വാങ്ങലുമായി പ്രതികാരങ്ങൾ. ആവേശത്തോടെ മുഷ്ടി ചുരുട്ടി രക്തസാക്ഷിക്കും ബലിദാനിക്കും അന്തിമോപചാരം അർപ്പിക്കുന്ന തലതരിഞ്ഞ രാഷ്ട്രീയ ജീവികളുടെ ആവേശത്തിനപ്പുറം പതിവ് പോലെ നഷ്ടം സംഭവിച്ചത് മരിച്ചവരുടെ കുടുംബത്തിന് മാത്രം. ഓരോ കൊലപാതകങ്ങൾ കഴിയുന്പോഴും നടക്കുന്ന സമാധാനയോഗങ്ങൾ തികച്ചും അപ്രസക്തമാണെന്ന് തെളിയിച്ചു കൊണ്ട് വീണ്ടും മനുഷ്യരക്തം കൊണ്ട് പങ്കിലമായിരിക്കുന്നു ഈ നാട്. ഫെബ്രവരിയിലായിരുന്നു അവസാനത്തെ സമാധാന യോഗം. അതിന് ശേഷം സമാധാനപ്രേമികൾക്ക് ആശ്വാസമായി ചെറിയ ഇടവേളയായിരുന്നു. അതിനാണ് ഇപ്പോൾ ഭംഗം സംഭവിച്ചിരിക്കുന്നത്.
ഓരോ കൊലപാതകവും വെളിവാക്കുന്നത് പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ് രാഷ്ട്രീയപ്രവർത്തനത്തിന്റെ ബാനറിൽ നമ്മുടെ നാട്ടിൽ വിലസുന്നത് എന്നതാണ്. ഒരു കോഴിയെ പോലും കൊല്ലണമെങ്കിൽ അത്യവശ്യം നല്ല പരിശീലനം ആവശ്യമാണ്. അപ്പോൾ ഒരു മനുഷ്യനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തണമെങ്കിൽ അവരുടെ മനസിന്റെ കട്ടി എത്ര മാത്രമായിരിക്കുമെന്ന് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. ഇതിൽ നിന്ന് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെടുന്നത് അക്രമത്തിൽ പങ്കാളികളാകുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടേതായ കൊലയാളി സംഘങ്ങളെ തീറ്റിപോറ്റി നിലനിർത്തുന്നുവെന്നതാണ്. കണ്ണൂരിലെ സംഘർഷത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. അതിനെ ചരിത്രത്തോട് കൂട്ടിക്കെട്ടാനും ചിലപ്പോൾ സാധിച്ചേക്കും. എത്രയോ യുവാക്കൾ അമ്മമാർ, ഭാര്യമാർ, കുരുന്നുകൾ എന്നിവരാണ് ഈ കുരുതികളുടെ ഇരകളായിട്ടുള്ളതും ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നതും. രാഷ്ട്രീയ കൊലപാതകങ്ങളായാലും മറ്റേതു തരം നരഹത്യകളായാലും ആധുനിക മനുഷ്യന് ഭൂഷണമല്ല എന്ന് തിരിച്ചറിയാത്തവരല്ല ഒരു നേതാവും. പക്ഷെ തങ്ങളുടെ രാഷ്ട്രീയം വളർത്താനുള്ള ഗിന്നിപന്നികളായി അവർ രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുന്നു.
ഇതിനെല്ലാമുള്ള ആത്യന്തിക പരിഹാരമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സമാധാനയോഗങ്ങളിലെ വെല്ലുവിളികൾ പോലും സമാധാന ഭംഗമാണെന്ന് തിരിച്ചറിയാൻ കഴിയണം. കലാപരാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നും അങ്ങനെ ചെയ്യുന്നവരെ ഒരു തരത്തിലും സഹായിക്കില്ലെന്നുമുള്ള പ്രഖ്യാപനത്തിനപ്പുറം അത് നടപ്പിലാക്കാനുള്ള ആർജവമാണ് ബന്ധപ്പെട്ട കക്ഷികൾ കാട്ടേണ്ടത്. ജനാധിപത്യവും ഭരണഘടനയും ക്രമസമാധാനവും നിലനിൽക്കുന്ന സമൂഹത്തിൽ പൊലീസിനും നീതിപീഠത്തിനും ഏറെ കാലം നോക്കുകുത്തിയായിരിക്കാനവില്ല. ഈ ഒരു വിശ്വാസമാണ് സമാധാന പ്രേമികൾക്ക് ഉള്ളത്. സമാധാനത്തെക്കുറിച്ച് പറയുന്പോൾ തന്നെ കൊലപാതകത്തിന് അണിയറയിൽ ഒരുക്കം നടത്തുന്ന ഇരട്ടമുഖം ഇനിയെങ്കിലും നമ്മുടെ രാഷ്ട്രീയ പാർട്ടികൾ വെടിയുമെന്ന പ്രത്യാശയോടെ...