പങ്കാളിയെ തേടി ചിലർ....


പ്രദീപ് പു­റവങ്കര

“വധുവിനെ ആവശ്യമുണ്ട്, നന്പൂതിരി 37 വയസ്സ്, 167 സെ.മി ഉയരം ഇരുനിറം”. ഇത് പത്രത്തിൽ കണ്ട വിവാഹ പരസ്യമല്ല. മറിച്ച് കുന്നംകുളത്തെ ജയരാമൻ പി.എം എന്നൊരാൾ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ എഴുതിയ കാര്യമാണ്. ഇദ്ദേഹത്തിന് പറ്റിയ ഒരു വധുവിനെ അന്വേഷിക്കുന്പോൾ ശാന്തിക്കാരെ സ്വീകാര്യമല്ല എന്ന കാരണം പറഞ്ഞ് ആരും മുന്പോട്ട് വരുന്നില്ല എന്നതാണ് ഇങ്ങിനെയൊരു അറിയിപ്പ് സ്വയം നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിവാഹ പ്രായം ആയിട്ടും ഒന്നും ശരി ആവാത്ത അനേകം ശാന്തിക്കാരുടെ ഒരു പ്രതിനിധി മാത്രമാണ് താനെന്നും അദ്ദേഹം പറയുന്നു. ഇദ്ദേഹത്തിന് സ്വയം ജോലി ചെയ്ത് ഉണ്ടാക്കിയ വീടും, സ്വത്തുമൊക്കെ ഉണ്ട്. അത്യാവശ്യം നന്നായി തന്നെ വിദ്യാഭ്യാസവും കഴിഞ്ഞു. പക്ഷെ “ശാന്തിക്കാരൻ അല്ലേ!!” എന്ന ചോദ്യത്തിൽ തന്നെ വിവാഹാലോചനകൾ തട്ടിനിൽക്കുകയാണെന്നും അദ്ദേഹം പരിതപിക്കുന്നു. 

ഇത് കേവലം നന്പൂതിരിമാരുടെ ഇടയിൽ മാത്രമുള്ള ഒരു പ്രശ്നമല്ല. നമ്മുടെ നാട്ടിലെ പല പരന്പരാഗത ജോലികൾ ചെയ്തു പോരുന്ന കുടുംബങ്ങളിലെ പുരുഷൻമാർ നേരിടുന്ന ഒരു പുതിയ വെല്ലുവിളിയാണ് ഇത്. കേരളത്തിൽ വിദ്യാഭ്യാസ നിലവാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മികച്ചതാണ്. മിക്കവരും ഒരു ഡിഗ്രിയെങ്കിലും പാസാകണമെന്ന് ആഗ്രഹിച്ച് പഠിക്കുന്നവരാണ്. പക്ഷെ ഈ പഠനം കഴിഞ്ഞാൽ പലപ്പോഴും പഠനത്തിലൂടെ ലഭിക്കേണ്ട ജോലിക്ക് പകരം പാരന്പര്യമായി ചെയ്യാൻ ബാധ്യതപ്പെട്ട ജോലികൾ ഏറ്റെടുക്കാൻ എത്രയോ പേർ നിർബന്ധിതരാകുന്നു. അതിന് പൊതു സമൂഹവും കാരണമാണ്. ചില ജോലികളെ പൊതുസമൂഹം കാണുന്നത് വേറിട്ട കണ്ണിലൂടെയാണ്. വരുമാനം നന്നായി തന്നെ ലഭിക്കുമെങ്കിലും സ്റ്റാറ്റസ് കുറവാണെന്ന് നമ്മൾ വിലയിരുത്തുന്നു. അത്യാവശ്യം ഫ്രീക്കനായി നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ സമൂഹത്തിന്റെ സമ്മർദ്ദം കാരണം ഇഷ്ടമല്ലെങ്കിൽ പോലും അടങ്ങി ഒതുങ്ങി ചെയ്യേണ്ട ജോലി ഏറ്റെടുക്കേണ്ടി വരുന്നു. ഗൾഫ് ജോലി തെരഞ്ഞെടുക്കുന്ന പുരുഷൻമാർക്കും വിവാഹലോചനകൾ വരുന്നത് കുറവാണെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. 

സ്ത്രീകളും ഇന്ന് ഏറെ പുരോഗമിച്ച സാഹചര്യമാണ് നിലനിൽക്കുന്നത്. അത്യാവശ്യം ജീവിതം അടിച്ചു പൊളിക്കണമെന്ന് വിചാരിക്കുന്നവരാണ് മിക്കവരും. അപ്പോൾ ജീവിതം മുഴുവൻ നീണ്ടുനിൽക്കേണ്ട വിവാഹം എന്നൊരു പ്രസ്ഥാനം ആരംഭിക്കുന്പോൾ അതിന് കൂട്ടാകേണ്ടത് ഏറ്റവും മികച്ചവരായിരിക്കണമെന്ന് ചിന്തിക്കുന്നത് സ്വാഭാവികം. ആ ചിന്തയിലാണ് പരന്പരാഗത ജോലികൾ ചെയ്യുന്നവരും, തനിയെ ഗൾഫിൽ താമസിക്കുന്ന ബാച്ചിലർമാരുമൊക്കെ പലപ്പോഴും വിവാഹ ക്രീസിൽ നിന്ന് ഔട്ട് ആയി പോകുന്നത്. ഇത് പറയുന്പോൾ തന്നെ പുരുഷൻമാരെ പോലെ തന്നെ സ്ത്രീകളും വിവാഹ പ്രായമെത്തുന്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രായപൂർത്തിയായി കഴിഞ്ഞാൽ രക്ഷിതാക്കളും പെൺ‍കുട്ടികളും ഇന്നും നമ്മുടെ നാട്ടിൽ ഒരു പോലെ കേൾക്കുന്ന ചോദ്യമാണ്‌, കല്യാണമായില്ലേ എന്നത്? ഇല്ലെന്ന് പറഞ്ഞാൽ പിന്നെ ചോദ്യങ്ങളുടെയും കല്യാണം വൈകുന്നതുമൂലമുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ഉപദേശങ്ങളുടെയും കുത്തൊഴുക്കാണ് സംഭവിക്കുക. 

മാറുന്ന ലോകക്രമത്തിൽ നമ്മുടെ ചുറ്റും ഇങ്ങിനെ ഒട്ടനവധി കാര്യങ്ങളും മാറി മറയുന്നുണ്ട് എന്ന് മാത്രം ഓർമ്മിപ്പിച്ചുകൊണ്ട്... 

You might also like

Most Viewed