ഒരേ നാണയം.. രണ്ട് വശങ്ങൾ....
പ്രദീപ് പുറവങ്കര
ഇന്നത്തെ കാലത്ത് ഒരു മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തി വെക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് അവന്റെ ഫോട്ടോ അഥവാ രേഖാചിത്രം. കഴിഞ്ഞ നൂറ്റാണ്ടിൽ ക്യാമറ എന്ന സംഭവം ജനകീയമായി തുടങ്ങിയതോടെയാണ് സ്റ്റുഡിയോകളിൽ നിന്ന് വീട്ടകങ്ങളിലേയ്ക്ക് ക്യാമറകൾ എത്തിതുടങ്ങിയത്. ഇതോടെ നമ്മളിൽ പലരും ഫോട്ടോജെനിക്കുകളായി മാറി. പച്ച മലയാളത്തിൽ പറഞ്ഞാൽ ഫോട്ടോയെടുക്കാനായി ജനിച്ചവരായി എന്നർത്ഥം. ഒരു കാലത്ത് 36 ഫോട്ടോകൾ ലഭിക്കുമായിരുന്ന ക്യാമറകൾ ഉള്ള വീടുകളിലെ ഗൃഹനാഥൻമാർക്ക് ഒരു പ്രത്യേക വെയ്റ്റായിരുന്നു. സമീപ പ്രദേശങ്ങളിൽ വിവാഹം പോലെയുളള ചടങ്ങുകൾ നടക്കുന്പോൾ ഇവരും ഇവരുടെ ആ ക്യാമറയുമാണ് താരം. ഫോട്ടോ എടുത്ത് കഴിഞ്ഞാൽ നെഗറ്റീവുമായി ഒരു സ്റ്റുഡിയോയിൽ പോയി അത് ഫോട്ടോയായി കിട്ടാൻ തന്നെ രണ്ട് ദിവസം വരെ എടുത്തിരുന്ന ആ കാലം ഇന്ന് പലരും മറന്നുപോയിട്ടുണ്ടാകും. ഇന്ന് ആ ക്യാമറകളൊക്കെ പൊടിയും പിടിച്ച് അലമാരകളിൽ സുഖസുഷുപ്തിയിലാണ്.
തന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന മൊബൈൽ ഫോണുകളിൽ സംസാരിക്കുന്നതിനോടൊപ്പം തന്നെ കാമറ സൗകര്യവും മനുഷ്യന് ലഭിച്ചപ്പോഴാണ് ആ പഴയ ക്യാമറകൾക്ക് പവിലിയനിലേയ്ക്ക് വലിയേണ്ടി വന്നത്. ആദ്യകാലത്ത് ഒരു ക്യാമറയുണ്ടായിരുന്ന ഫോണുകൾക്ക് പിന്നിട് രണ്ടെണം വന്നു. അതായത് മുന്പിലും പിറകിലും ക്യാമറ സൗകര്യം ഘടിപ്പിച്ചു. അതുവരേക്കും സമൂഹത്തിൽ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയെ കാണാൻ സാധിച്ചാൽ ഓട്ടോഗ്രാഫ് വാങ്ങാൻ തിരക്കു കൂട്ടിയിരുന്നവർ മൊബൈൽ ഫോണിന്റെ വരവോടെ ആ പതിവ് മാറ്റി വെച്ച് അവർക്കൊപ്പം ഫോട്ടോ എടുത്തുതുടങ്ങി. തോളത്ത് കൈയിട്ട് ഇദ്ദേഹം എന്റെ സ്വന്തം ആളാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ ഫോട്ടോ എടുക്കുന്നതിന് പുറമേ അറിയാവുന്ന എല്ലാവർക്കും അത് അയച്ചും കൊടുത്തും അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തും നമ്മൾ സംതൃപ്തിയടയും. ഇതിൽ തെറ്റൊന്നുമില്ലെങ്കിലും, കൂടെ ഫോട്ടോയിൽ നിൽക്കേണ്ട മഹദ് വ്യക്തിയോട് സമ്മതം ചോദിക്കുന്നതിൽ വലിയ അപാകതയില്ല എന്ന് പറയാതെ വയ്യ. തന്റെ അരികിൽ നിൽക്കുന്നത് ഒരു ക്രിമിനലാണോ, പെൺവാണിഭക്കാരനാണോ, അതോ മറ്റെന്തെങ്കിലും തരത്തിൽ സമൂഹത്തിന് ദോഷം ചെയ്യുന്നയാളാണോ എന്നുപോലും അറിയാൻ സാധിക്കാതെ സെൽഫി എന്നു പറയുന്ന പോസിന് വേണ്ടി ഇവർ ചിരിക്കുന്പോൾ അത് ആത്മാർത്ഥതയോടെയാകണമെന്ന് വാശി പിടിക്കാൻ സാധിക്കില്ല. നാളെ ഈ ഫോട്ടോകൾ കാരണം ഉണ്ടാകാനിടയുള്ള വിവാദങ്ങളെയും അത്തരം വ്യക്തികൾ ഭയക്കുന്നുണ്ടാകാം.
കെ.ജെ യേശുദാസ് എന്ന കലകാരനോട് ഒരു അമിതമായ ഇഷ്ടം വെച്ചു പുലർത്തുന്നവരാണ് നമ്മൾ മലയാളികൾ. അതേസമയം അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിക്കുവാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം തീർച്ചയായും ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അദ്ദേഹം അവാർഡ് വാങ്ങിയപ്പോൾ അത് തെറ്റായാന്നും, ഇനി അദ്ദേഹത്തിന്റെ പാട്ട് കേൾക്കില്ലെന്നു പറയുന്നവരും, ഫഹദ് ഫാസിൽ അവാർഡ് വാങ്ങാത്തത് അതിലും വലിയ തെറ്റാണെന്നും, ഇനി അദ്ദേഹത്തിന്റെ സിനിമ കാണില്ലെന്നും പറയുന്നവരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...