കാ­ലൊ­ച്ചയി­ല്ലാ­തെ­ കടന്നു­വരു­ന്പോൾ....


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസം ഇംഗ്ലീഷിലുള്ള ഒരു നല്ല ലേഖനം വായിക്കാനിടയായി. What if I am gone... suddenly എന്നായിരുന്നു ഇതിന്റെ തലവാചകം. പ്രവാസലോകത്ത് ഓരോ ദിവസവും ചെറുപ്പക്കാർക്കിടയിലെ മരണനിരക്ക് വർദ്ധിച്ചുവരുന്ന കാലത്ത് ഏറെ പ്രസക്തമായി തോന്നുന്ന ചില കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. നിനച്ചിരിക്കാതെയാണ് മരണം ഇന്ന് ഇവിടങ്ങളിൽ പലരെയും പുൽകുന്നത്. കണ്ട് കണ്ടങ്ങിരിക്കും ജനത്തിനെ എന്നൊക്കെ പറയുന്നത് പോലെ ഇന്നലെ കണ്ടവനെ പിന്നീട് കാണേണ്ടിവരുന്നത് മോർച്ചറിയിലാണ്. ജീവിതശൈലിയുടെ വ്യത്യാസവും, ഭക്ഷണ ക്രമീകരണങ്ങളുടെ താളം തെറ്റലും, മാനസിക സമ്മർദ്ദങ്ങളും, കുടുംബങ്ങളിലെ സ്വരച്ചേർച്ചയില്ലായ്മയും, സാന്പത്തിക ഭാരവും ഒക്കെ പ്രവാസ ലോകത്തെ അകാല മരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടന്ന് ഒരാൾ മരിച്ച് പോകുന്പോൾ ഏറ്റവുമധികം ബാധിക്കുന്നത് പരേതന്റെ കുടുംബത്തെയാണ്. മരണനാളിൽ കാണുന്ന ആൾക്കൂട്ടം ഓരോ ദിനവും ചുരുങ്ങി ചുരുങ്ങി ആരുമില്ലാതെയാകുന്പോഴാണ് ഇനി ഞങ്ങൾ തനിച്ചാണെന്ന് കുടുംബത്തിന് ബോധ്യമാകുന്നത്. അപ്പോഴായിരിക്കും പരേതന്റെ സാന്പത്തിക ബാധ്യതകളും, അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളുമൊക്കെ ഏറ്റവും വേണ്ടപ്പെട്ട കുടുംബാംഗങ്ങൾ പോലും അന്വേഷിച്ച് തുടങ്ങുന്നത്. 

ഇവിടെ ഒരുദാഹരണം പറയാം. രണ്ട് വർഷങ്ങൾക്ക് മുന്പാണ് സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന സുഹൃത്ത് ബഹ്റൈനിൽ വെച്ച് മരണപ്പെട്ടത്. 35 വയസിൽ വിടപറയാനുള്ള ഒരു സാഹചര്യവും അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്നില്ല. ടെൻഷൻ ഇല്ലാത്ത നല്ല ജോലിയും, സാന്പത്തിക സാഹചര്യവും, സംതൃപ്തമായ കുടുംബാന്തരീക്ഷവും അദ്ദേഹത്തിനുണ്ടായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. ഇവിടെ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ഭാര്യയും പറക്കമുറ്റാത്ത രണ്ട് കു‍‍ഞ്ഞുങ്ങളും പ്രിയപ്പെട്ട സുഹൃത്തിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലേയ്ക്ക് പോവുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സുഹൃത്ത് എടുത്തിരുന്ന ലോണിന്റെയും ക്രെഡിറ്റ് കാർഡിന്റെയും ഒക്കെ വിവരങ്ങൾ ഭാര്യയിലേയ്ക്ക് എത്തി തുടങ്ങിയത്. തിരികെ അടച്ച് തീർക്കാൻ ഒരു വരുമാനവുമില്ല. അതിലും വിഷമമായ ഒരു കാര്യം ഓൺലൈനിലൂടെ അദ്ദേഹം നടത്തി വന്ന പല ഇടപാടുകൾക്കും കൊടുത്തിരുന്ന പാസ് വേർഡ് ഭാര്യക്കോ മറ്റാർക്കോ അറിയില്ല എന്നതായിരുന്നു. ഓഹരി മാർക്കറ്റിലൊക്കെ അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ടായിരുന്നുവെന്നാണ് ഭാര്യയോട് അദ്ദേഹം പറഞ്ഞിരുന്നത്. അത് കൂടാതെ ഇദ്ദേഹം പലർക്കും പണം കടം കൊടുക്കാറുണ്ടായിരുന്നു. അതിന്റെ വിവരങ്ങളും ആർക്കും കൈമാറിയിരുന്നില്ല. താൻ പെട്ടന്ന് മരിക്കുമെന്ന് ഒരു ചിന്തയുമില്ലാത്തത്  കൊണ്ട് വിൽപത്രം പോലെയുള്ള കാര്യങ്ങളും എഴുതി വെച്ചിരുന്നില്ല. ഒടുവിൽ മാരേജ് സർട്ടിഫിക്കേറ്റ് അടക്കമുള്ള രേഖകൾക്ക് വേണ്ടി ഓടി നടന്ന് ഏറെ കാലത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഭർത്താവ് നഷ്ടപ്പെട്ട ദുഖത്തിനിടയിലും അദ്ദേഹത്തിന്റെ ഭാര്യ കുറയൊക്കെ വിവരങ്ങൾ സംഘടിപ്പിച്ചതും ബാധ്യതകൾ തീർത്തുവന്നതും. ഇപ്പോഴും ചില കടങ്ങൾ അവർ ചെറിയ ജോലിയെടുത്ത് വീട്ടികൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ഭാര്യഭർത്താക്കൻമാർക്ക് പരസ്പരം തൊടുന്നതിൽ വിഷമമൊന്നുമില്ലെങ്കിലും സ്വന്തം ഫോൺ മറ്റെയാൾ ഉപയോഗിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ഏറെ പ്രയാസമുള്ള കാര്യമാണ്. അത്തരമൊരു അവസ്ഥയിൽ പാസ് വേർഡുകളൊക്കെ കൈമാറുന്നതിൽ എത്ര പേർ താത്പര്യപ്പെടുമെന്ന് അറിയില്ലെങ്കിൽ പോലും മരണം ഒരാൾക്ക് ഒഴിവാക്കാവുന്ന സംഗതിയല്ലാത്തത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടാകേണ്ടത്് ആവശ്യമാണെന്ന് മാത്രം ഓർമ്മിപ്പിച്ചുകൊണ്ട്...

You might also like

Most Viewed