ക്രൂരമാകുന്ന ട്രോളുകൾ....
പ്രദീപ് പുറവങ്കര
കേരളത്തെ ആകെ ഞെട്ടിച്ചു കളഞ്ഞ നിഷ്ഠൂരമായ കൊലപാതകമായിരുന്നല്ലോ പെരുന്പാവൂരിലെ ജിഷയുടേത്. ഇതിലെ പ്രതിയെ പിടികൂടുകയും പതിവ് രീതിയിൽ ആ പ്രതിയെ ബിരിയാണി തീറ്റിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നു. അതിന് ശേഷം ഇതുമായി ഉണ്ടായ ചർച്ചകൾ പുനരാരംഭിക്കുന്നത് ജിഷയുടെ അമ്മ അൽപ്പം നന്നായി തന്നെ ജീവിക്കുന്നു എന്ന് സോഷ്യൽ മീഡിയ ജീവികൾ കണ്ടെത്തിയതോടെയാണ്. രാജേശ്വരി എന്ന അവർ ബ്യൂട്ടിപാർലറിൽ പോയെന്നും, അവിടെ നിന്ന് ഒന്ന് അണിഞ്ഞൊരുങ്ങിയെന്നുമൊക്കെ നമ്മുടെ സമൂഹത്തിൽ വലിയ ചർച്ചയായി. നമ്മൾ ജനങ്ങളുടെ പണം കൊണ്ടാണ് അവർ ഇങ്ങിനെയൊക്കെ ചെയ്യുന്നതെന്നും, ആ പണമൊക്കെ എവിടെയെങ്കിലും കുഴിച്ചിട്ട് പഴയത് പോലെ കഷ്ടപാട്് നിറഞ്ഞ ജീവിതം തന്നെ അവർ തുടരണമെന്നും പ്രബുദ്ധ മലയാളികളിൽ ചിലരെങ്കിലും ശഠിച്ചു. അത് സോഷ്യൽ മീഡിയകളിൽ സ്റ്റാറ്റസ് അപ്ഡേറ്റുകളായും നിറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരം പ്രതികരണങ്ങളിൽ സഹികെട്ടാവണം പാവം രാജ്വേശ്വരി ഒരു വാർത്താസമ്മേളനം വിളിച്ച് ചേർത്തത്. തന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ആളുകൾ അവഹേളിക്കുന്നുവെന്ന പരാതിയാണ് അവർ ഉന്നയിച്ചത്. പൊതുസ്ഥലത്തുപോലും മൊബൈൽ ഫോണിൽ തന്റെ ചിത്രങ്ങൾ പകർത്തി അപമാനിക്കുന്നുവെന്നും, പലരും പരസ്യമായി അസഭ്യവർഷം നടത്തുന്നുവെന്നും, വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുന്നത് ആഢംബര ജീവിതമായി ചിത്രീകരിക്കുന്നുവെന്നും അവർ വിലപിക്കുന്നു.
ഈ ഒരു അവസ്ഥ ഇന്ന് രാജേശ്വരിക്ക് മാത്രമല്ല ഉള്ളത്. സമൂഹമധ്യത്തിൽ ശ്രദ്ധിക്കപ്പെടുന്ന പലർക്കും ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നുണ്ട്. കുഞ്ചൻ നന്പ്യാർ മുതൽ വികെഎൻ വരെയുള്ള മഹാൻമാർ ജനിച്ച നാടാണിത്. പൊറാട്ട് നാടകങ്ങളെ പോലും കൈനീട്ടി സ്വാഗതം ചെയ്ത നാട്. ഇത്തരം വേദികളിലൊക്കെ തന്നെ കൂർത്ത വിമർശനങ്ങൾ ഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്പോൾ അത് ആരെയും മുറിവേൽപ്പിക്കാറില്ല മറിച്ച് തിരിച്ചറിവുകളാണ് നൽകിയിരുന്നത്. ഏത് വിഷയത്തെ കുറിച്ചും ഹാസ്യത്തിന്റെ മേന്പൊടി ചേർത്ത് ചർച്ച ചെയ്യുന്നതിൽ ഒരു രസമുണ്ടെങ്കിൽ പോലും ഇന്ന് ട്രോൾ എന്ന് പറഞ്ഞു വരുന്ന വ്യക്തിഹത്യകൾ അതിര് കടക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ട്രോൾ, തള്ള്, പൊങ്കാല തുടങ്ങി കുറേ പദങ്ങളും കളിയാക്കൽ സംഭവങ്ങൾക്കായി നാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. സമൂഹത്തിനു നന്മ ചെയ്യുന്നവരെ, എന്തെങ്കിലും അഭിപ്രായം പറയുന്നവരെ ഒന്നുകിൽ തെറി പറയുക അല്ലെങ്കിൽ പരിഹസിക്കുക എന്ന തരത്തിൽ ഒരു നെഗറ്റീവ് മനസ് മലയാളി രൂപപ്പെടുത്തി വരുന്നുണ്ട്. നമ്മുടെ ടെലിവിഷൻ ചാനലുകളിൽ വരുന്ന വാർത്താധിഷ്ഠിതമായ പല ഹാസ്യപരിപാടികളും നമ്മുടെ സാമൂഹ്യബോധത്തിൽ തന്നെ വലിയ രീതിയിൽ ഇടിവ് വരുത്തുന്നവയുമാണ്. ടൈം സ്ലോട്ട് നിറയ്ക്കുക എന്ന ലക്ഷ്യം കാരണം സിനിമ ക്ലിപ്പിങ്ങുകളുടെ സഹായത്തോടെ വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പല പരിപാടികളും അരങ്ങേറുന്നത്. ഇതിനെയൊന്നും തടയാൻ സ്വതന്ത്രമായൊരു രാജ്യത്ത് സാധ്യമല്ലെങ്കിൽ പോലും ഒരു സ്വയം നിയന്ത്രണം അത്യാവശ്യമല്ലേ എന്നൊരു ചിന്ത മാത്രം ബാക്കി വെച്ചു കൊണ്ട്...