ഉത്തരം നൽകേണ്ട പുരസ്കാര വേദനകൾ....
പ്രദീപ് പുറവങ്കര
പണ്ടൊരു കാട്ടിൽ ഒരു സിംഹമുണ്ടായിരുന്നു എന്ന് തുടങ്ങുന്ന ഒരു കഥ പറഞ്ഞതിനാണ് എന്റെ ഓർമ്മയിൽ ആദ്യത്തെ സമ്മാനം ലഭിക്കുന്നത്. പഠിച്ച അംഗൻവാടിയുടെ പിടിഎ പ്രസിഡണ്ട് അച്ഛൻ തന്നെയായത് കാരണം അദ്ദേഹത്തിന്റെ കൈയിൽ നിന്ന് തന്നെ ആ സമ്മാനവും വാങ്ങാൻ പറ്റി. വർഷങ്ങൾ എത്ര തന്നെ കടന്നുപോയിട്ടും ആ സമ്മാനം ഇന്നും ഹൃദയത്തോട് ചേർത്തുവെയ്ക്കുന്നു. ഒരാൾക്ക് സമ്മാനം ലഭിക്കുന്നത് എന്നതിന്റെ അർത്ഥം അവർ ചെയ്ത എന്തോ ഒരു കാര്യത്തിനെ കുറച്ച് മനുഷ്യരെങ്കിലും അംഗീരിച്ചിക്കുന്നു എന്നതാണ്. ചിലർക്ക് അവരുടെ ജീവിതയാത്രയിൽ അവാർഡും സമ്മാനവും വാങ്ങുന്നത് ഒരു ഹോബിയായി മാറുന്പോൾ മറ്റ് ചിലർക്ക് അർഹതക്കുള്ള അംഗീകാരമായി മാറുന്നു. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെയാണ് സത്യത്തിൽ നമ്മുടെ ഇടയിൽ ആർക്കും തന്നെ അവാർഡ് നൽകാമെന്നും, അത് വാങ്ങിക്കാമെന്നുമുള്ള ഒരു അവസ്ഥ സജീവമായത്. ടൈം സ്ലോട്ട് നിറയ്ക്കാൻ സ്്റ്റേജ് ഷോകളും, അതിനൊപ്പം അവാർഡ് വാങ്ങാൻ എന്ന പേരിൽ സെലിബ്രിറ്റികളും ഒത്തുചേർന്നപ്പോൾ അവാർഡുകൾക്ക് ഒരു വിലയില്ലാതായി.
ഇങ്ങിനെ വിലയില്ലാത്ത അവാർഡുകളുടെ ലോകത്താണ് ദേശീയ സംസ്ഥാന പുരസ്കാരങ്ങളൊക്കെ ഇപ്പോഴും വിലമതിക്കപ്പെടുന്നത്. കാര്യമായി വിലയിരുത്തിയാണ് ഇവിടങ്ങളിൽ പുരസ്കാര ദാനങ്ങൾ നടക്കുന്നതെന്ന ചിന്തയാണ് ഈ പുരസ്കാരങ്ങൾക്ക് ഇന്നും വില കിട്ടുന്നതിന്റെ കാരണം. സർക്കാർ തലത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപ്പിക്കുന്പോൾ ചിലപ്പോഴൊക്കെ വിവാദങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അത് പിന്നീട് കെട്ടടുങ്ങുകയും സമ്മാനർഹരെ പൊതുസമൂഹം അംഗീകരിക്കുയുമാണ് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസം നടന്ന ദേശീയ ചലചിത്ര അവാർഡ് വിതരണ വേദി വിവേചനത്തിന്റെയും വിവാദത്തിന്റെയും വേദിയായതിൽ തീർച്ചയായും വിഷമം തോന്നുന്നു. അറുപത്തിനാല് വർഷങ്ങളായി പിന്തുടർന്നുപോന്ന ഔപചാരിക നടപടിക്രമങ്ങളിൽ പൊടുന്നനെ വരുത്തിയ മാറ്റമാണ് ഈ അവാർഡ് ദാന ചടങ്ങിന്റെ ശോഭ കെടുത്തിയത്. മുൻ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ്മ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന അവസരമൊഴികെ എല്ലായിപ്പോഴും ദേശീയ ചലച്ചിത്ര അവാർഡ് നൽകിയിരുന്നത് അതാതു കാലത്തെ രാഷ്ട്രപതിമാരാണ്. രാഷ്ട്രത്തലവനിൽ നിന്നും ബഹുമതി ഏറ്റുവാങ്ങുക എന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായാണ് ചലച്ചിത്ര കലാകാരന്മാർ കരുതിപോരുന്നതും. ഇവിടെ യാതൊരു മുന്നറിയിപ്പും കൂടാതെ, മതിയായ കാരണങ്ങൾ ഒന്നും നിരത്താതെ, പരന്പരാഗതമായി തുടർന്നുപോന്നിരുന്ന ചടങ്ങിൽ മാറ്റം വരുത്തിയത് ചലച്ചിത്ര കലാകാരന്മാരെ ദുഖിതരാക്കിയെന്നത് ആർക്കും മനസിലാക്കാവുന്നതേയുള്ളു. അതുകൊണ്ടുതന്നെയാണ് ചടങ്ങിൽ നിന്നും വിട്ടുനിൽക്കാനുള്ള മലയാളികളടക്കം എഴുപതോളം കലാകാരന്മാരുടെയും കലാകാരികളുടെയും തീരുമാനം ശ്രദ്ധേയമാകുന്നത്.
ലോകത്ത് ഏറ്റവുമധികം ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതുമായ രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്ര കലാകാരന്മാരാർക്ക് നേരിടേണ്ടി വന്ന ഈ വേദനയ്ക്ക് മറുപടി പറയാൻ ഉത്തരവാദിത്വപ്പെട്ടവർ ബാധ്യസ്ഥരാണെന്ന് മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്...