പറക്കാൻ പറ്റാത്ത പക്ഷികൾ....
പ്രദീപ് പുറവങ്കര
ഇന്ന് മെയ് 3, അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര ദിനമാണ്. ജനാധിപത്യത്തിന്റെ കാവൽ നായ എന്ന സങ്കൽപ്പമാണ് നമ്മുടേത് പോലുള്ള രാജ്യത്ത് മാധ്യമങ്ങൾക്ക് കൽപ്പിച്ചുകൊടുത്തിരിക്കുന്ന വിശേഷണം. എന്നാൽ അനീതികൾക്കും അക്രമങ്ങൾക്കും എതിരെ ശബ്ദിക്കുന്നതിന് പകരം അത്തരം കാര്യങ്ങൾ ചെയ്യുന്ന ആളുകളുടെ കാൽ നക്കുന്ന അവസ്ഥയിലാണ് പല മാധ്യമങ്ങളും എന്ന് പറയാതെ വയ്യ. അധികാര വർഗ്ഗത്തിന്റെ നിക്ഷിപ്ത താൽപ്പര്യങ്ങളുടെയും കോർപറേറ്റ് ലാഭ ഗോപുരങ്ങളുടെയും കാവൽ ചുമതലകളാണ് ഒരുവിഭാഗം മാധ്യമങ്ങൾ നിർവ്വഹിക്കുന്നതെന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം വികസിക്കുകയല്ല ചുരുങ്ങുകയാണ് എന്ന് ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്‘ എന്ന സംഘടന ഈയിടെ പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നു. ലോകത്തിലെ 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്രത്തിന്റെ അവസ്ഥയാണ് സംഘടന പരിശോധിച്ചത്. അതിൽ ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യ 136−ാമതാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് മൂന്ന് സ്ഥാനങ്ങൾ പുറകോട്ടാണ് നാം സഞ്ചരിച്ചത്. അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളും മാധ്യമ സ്വാതന്ത്രം അനുവദിക്കുന്നതിൽ പുറകോട്ട് തന്നെയാണ് സഞ്ചരിക്കുന്നത്.
നമ്മുടെ മിക്ക വാർത്താ വിതരണ ഏജൻസികളും വൻ കോർപറേറ്റുകളുടെ സന്പൂർണ്ണ നിയന്ത്രണത്തിലാണ് എന്നതും സത്യമാണ്. പരന്പരാഗത മാധ്യമങ്ങളുടെ കണ്ടന്റുകളിൽ എൺപത് ശതമാനവും ഒരുപോലെ വരുന്നതിന്റെ കാരണം ഈ ഏജൻസികൾ നൽകുന്ന വാർത്തകളാണ്. പേജ് നിറക്കാനും, ടൈം സ്ലോട്ട് തീർക്കാനും ഈ കണ്ടന്റ് കിട്ടിയേ തീരൂ. ഇത്തരം ഏജൻസികൾ വിചാരിച്ചാൽ അതുകൊണ്ട് തന്നെ ഏത് വാർത്തയെയും അൽപ്പകാലത്തെങ്കിലും ഇരുട്ടിൽ നിർത്താൻ കഴിയും എന്നതും ഇന്നിന്റെ യാത്ഥാർത്ഥ്യമാണ്. എത്രയേറെ പ്രസക്തമാണെങ്കിലും പരസ്യം തരുന്ന ഉടമയ്‌ക്കെതിരെ വാർത്ത കൊടുക്കാനും മാധ്യമങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടുണ്ട്. സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ പരന്പരാഗത മാധ്യമ പ്രവർത്തനം എന്നത് ഒരു വെല്ലുവിളിയായി മാറുന്ന സാഹചര്യമുണ്ട്. സോഷ്യൽ മീഡിയയിലൂടെ എന്തും വിളിച്ചുപറയാമെന്ന് ചിന്തിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ടെങ്കിൽ പോലും അവർ പോലുമറിയാതെ റെപ്യൂട്ടേഷൻ മാനേജ്മെന്റ് എന്നൊരു സംഗതി ഈ മേഖലയിൽ വളരെ സജീവമാണെന്നതാണ് സത്യം. തങ്ങളെ കുറിച്ച് എന്ത് തന്നെ മോശമായി സോഷ്യൽ മീഡിയയിലോ, ഇന്റർനെറ്റിലോ വന്നുപോയാൽ അതുടനെ മായ്ച്ച് കളയാനുള്ള സാങ്കേതിക വിദ്യയാണ് റെപ്യൂട്ടേഷൻ മാനേജ്മെന്റിലൂടെ നടക്കുന്നത്. അതുപോലെ വാട്സാപ് ഗ്രൂപ്പുകളിൽ പോലും ആളുകളെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകളോ, ചിന്തകളോ പോസ്റ്റ് ചെയ്താൽ അവർക്കെതിരെയും നടപടികൾ ഇന്നത്തെ കാലത്ത് ഉറപ്പാണ്.
മാധ്യമരംഗം ഇത്രയേറെ പ്രശ്‌ന കലുഷിതമാണെങ്കിലും ജനാധിപത്യത്തിന്റെ നാലാം തൂണായ ഈ സംവിധാനത്തെ സംരക്ഷിച്ചുകൊണ്ടേ മനുഷ്യ സമൂഹത്തിന് മൂന്നേറാൻ കഴിയൂ എന്നത് മറ്റൊരു സത്യമാണ്. അതിനുള്ള സമർപ്പിതവും സംഘടിതവുമായ പ്രവർത്തനങ്ങൾക്കുളള ആഹ്വാനമാണ് മാധ്യമ സ്വാതന്ത്ര ദിനം സമൂഹത്തിന് നൽകുന്നത്. ഒപ്പം മനുഷ്യാവകാശത്തെ സംരക്ഷിക്കാനുള്ള കടമയുടെ ഭാഗമാണ് പത്ര സ്വാതന്ത്ര്യമെന്ന് കൂടി ഈ നേരത്ത് ഓർമ്മിപ്പിക്കട്ടെ...!!