മറന്നുപോകുന്ന ഉണ്ണിയാർച്ചകൾ
പ്രദീപ് പുറവങ്കര
വേതനമുള്ള തൊഴിലാളികളെയാണ് മെയ് ദിനത്തിൽ സാധാരണ രീതിയിൽ എല്ലാവരും ആശംസിക്കാറുള്ളത്. യാതൊരു കൂലിയുമില്ലാത്ത ഒരു തൊഴിലിനെ കുറിച്ചു കൂടി സംസാരിക്കാൻ ഈ ദിനം മാറ്റേണ്ടതുണ്ട്. ഓരോ തൊഴിലാളി ദിനവും കടന്നപോകുന്പോൾ ഓർക്കാതെ പോകുന്ന അത്തരമൊരു തൊഴിലാളി വർഗ്ഗമാണ് വീട്ടമ്മമാരെന്ന ഓമനപ്പേരുള്ള കുടുംബത്തിനകത്തെ സ്ത്രീകൾ. പ്രത്യേകിച്ച് ഒഴിവോ നിശ്ചിത സമയക്രമമോ ഇല്ലാതെ വർഷങ്ങളോളം കുടുംബത്തിനകത്ത് അവർ ചെയ്ത് പോരുന്ന അധ്വാനം പരിഗണിക്കേണ്ടതോ അംഗീകരിക്കേണ്ടതോ ആയ ഒന്നാണ് എന്ന് നമ്മുടെ സമൂഹം കരുതാറില്ല. ജന്മനാ തന്നെ ഈ ജോലികളൊക്കെ ചെയ്യാൻ ബാധ്യതപ്പെട്ടവരാണ് സ്ത്രീകൾ എന്നും അതിൽ അസ്വാഭാവികതയും കാണേണ്ട കാര്യമില്ലെന്നുമുള്ള ഒരു പൊതുബോധം ഓരോ തൊഴിലാളി ദിനം കഴിഞ്ഞുപോകുന്പോഴും ഇവിടെ ബാക്കിയാകുന്നു.
ഇന്നത്തെ കാലത്ത് വീട്ടിനകത്ത് ഒതുങ്ങുന്ന വീട്ടമ്മാർ ഏറെ കുറവാണ്. പുരുഷനെ പോലെ തന്നെ ജോലി ചെയ്തുകൊണ്ട് അതിനൊപ്പം വീട്ടുപണിയും എടുക്കേണ്ടിവരുന്നവരാണ് മിക്ക ന്യൂജൻ സ്ത്രീകളും. ഈ ജോലിക്ക് വേതനം പോയിട്ട് പലപ്പോഴും മനസ് നിറയ്ക്കുന്ന അംഗീകാരം പോലും ഇവർക്ക് ലഭിക്കാറുമില്ല. സ്നേഹം, കടപ്പാട്, കടമ, ബാധ്യത തുടങ്ങി കുറേയേറെ പഞ്ചാര വാക്കുകൾ ഇവരുടെ തൊഴിലിന്റെ മുകളിൽ പൊതുസമൂഹം ചാർത്തിനൽകി അവരെ സമാധാനിപ്പിക്കുക മാത്രം ചെയ്യും. ഇന്നത്തെ കാലത്ത് ഈ ഒരു അവസ്ഥ തുടരുന്നതിന് പ്രധാനകാരണം സ്ത്രീകൾ തന്നെയാണ് എന്നും പറയാതെ വയ്യ. പല സ്ത്രീകളും അവരുടെ ആൺമക്കളെ താത്പര്യമുണ്ടെങ്കിൽ പോലും ചെറുപ്പം മുതൽ വീട്ടുജോലികൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നവരാണ്. അതൊക്കെ പെൺഉടലുകളുടെ ചുമതലയും ബാധ്യതയുമാണെന്ന പ്രതീതി അങ്ങിനെ വളരെ ചെറുപ്പത്തിൽ തന്നെ പുരുഷപ്രജകൾക്ക് ലഭിച്ചുപോരുന്നു. ഈ ഒരു ധാരണയ്ക്കാണ് മാറ്റം ഉണ്ടാകേണ്ടത്. വീടിനകത്തെ ജോലികൾ സ്ത്രീയുടേത് മാത്രം കടമയാണെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചിന്തയോടാണ് പൊതുസമൂഹം വരുംകാലങ്ങളിൽ കലഹിക്കേണ്ടത്. സാധാരണ രീതിയിൽ ഒരിടത്തരം കുടുംബത്തിലെ പ്രധാന ജോലി എന്നത് വസ്ത്രം കഴുകുക, പാചകം ചെയ്യുക, വീട് വൃത്തിയാക്കുക, കുട്ടികളുടെ കാര്യങ്ങൾ നോക്കുക തുടങ്ങിയവയാണ്. അണുകുടുംബ സാഹചര്യങ്ങളിൽ ഈ ജോലികൾ പരസ്പരം പങ്കിട്ടെടുത്താൽ വീട്ടുജോലികൾ ഏറെ നിസാരമായി മാറുമെന്നതാണ് സത്യം. കുടുംബത്തിനകത്തെ മറ്റ് അംഗങ്ങൾ അഥവാ പുരുഷൻ സ്ത്രീയെ സഹായിക്കുക എന്നതിനപ്പുറത്ത് കൃത്യമായ ഒരു തൊഴിൽ വിഭജനമാണ് വേണ്ടത്. സ്ത്രീയുടെ മാത്രം കടമയോ ബാധ്യതയോ അല്ല വീട് നടത്തികൊണ്ട് പോകുക എന്നും തിരിച്ചറിയണം.
പ്രവാസലോകത്തും ഇതേ അവസ്ഥ പല വീടുകളിലും നിലനിൽക്കുന്നുണ്ട്. പുലർച്ചെ മുതൽ അർദ്ധരാത്രി വരെ വീടും, ജോലിയും ഒരു പോലെ മാനേജ് ചെയ്ത് കളരിപയറ്റ് നടത്തുന്ന ഉണ്ണിയാർച്ചകൾ ധാരാളം. അവർക്കൊക്കെ ഹൃദയപൂർവം നന്ദി പറയാനുള്ള അവസരം കൂടിയാണ് തൊഴിലാളി ദിനങ്ങൾ പോലെയുള്ള അവസരങ്ങൾ. അതോടൊപ്പം കാലം പഠിപ്പിച്ച് വെച്ച ആൺ കടമകളെ കുറിച്ചുള്ള പാഠങ്ങളും മാറ്റാറായി. കുടുംബത്തിന്റെ സംരക്ഷകൻ എന്ന വേതനരഹിത ജോലിയിൽ നിന്നും പുരുഷൻമാർക്കും പുതിയ കാലത്ത് ഒരു മോചനം ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...