സർവരാജ്യ മനുഷ്യരുടെ ദിനം...
പ്രദീപ് പുറവങ്കര
നമ്മൾ മനുഷ്യർക്കിടയിൽ ഒരു തൊഴിലാളിയും മുതലാളിയുമുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അങ്ങിനെ ഒരു സർവ്വരാജ്യ തൊഴിലാളി ദിനം കൂടി കടന്നുവരുന്നു. മുതലാളി എന്നും ചൂഷകനും, തൊഴിലാളി ആ ചൂഷണത്തിന് വിധേയനാവേണ്ട ആളായിട്ടുമാണ് സമൂഹം കരുതി പോരുന്നത്. അടിമ വ്യാപാരം നിലനിന്നിരുന്ന കാലത്ത് മനുഷ്യരെ കന്നുകാലികളെ വാങ്ങുന്നത് പോലെ വാങ്ങി, അവന്റെ ആയുസ് തീർക്കുവാൻ സാധിച്ചിരുന്ന ഒരു കറുത്ത കാലം മനുഷ്യചരിത്രത്തിന്റെ ഭാഗമായിരുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗത്തും ഇതേ അവസ്ഥ നിലനിൽക്കുന്നു എന്നതും സത്യമാണ്. അതേസമയം ഓരോ മെയ് ദിനവും കഴിയുന്പോൾ അടിമകളാകുന്ന മനുഷ്യരുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയാണ് നമ്മളിൽ ബാക്കി വെയ്ക്കുന്നത്.
ലോകത്തുള്ള മിക്ക രാജ്യങ്ങളിലും കർശനമായ തൊഴിൽ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. അതിന്റെ ബോധവത്കരണവും ഏറെ വർദ്ധിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോൾ ഗതികേട് കൊണ്ട് പലർക്കും ചൂഷണങ്ങൾക്ക് വിധേയരാവേണ്ടി വരാറുണ്ട്. നമ്മുടെ നാട്ടിൽ തൊഴിൽ വിപണി ഇന്ന് നിയന്ത്രിക്കുന്നത് മുതലാളിമാർ മാത്രമല്ല. മറിച്ച് ഒരു പണിയുമെടുക്കാത്ത ചില തൊഴിലാളി യൂണിയൻ നേതാക്കൾ കൂടിയാണ്. ഏത് വലിയ തൊഴിലിടങ്ങളും പൂട്ടിക്കാൻ നിമിഷ നേരം മതി ഇവർക്ക്. അത്തരം പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളായി എത്രയോ സ്ഥാപനങ്ങൾ അസ്ഥികൂടങ്ങളായി ഇന്നും നാട്ടിൽ നിലനിൽക്കുന്നു. വലിയ മുതലാളിമാരെ തൊടാൻ ഭയക്കുന്ന ഇവരുടെ ഇരകൾ കൈയിലുള്ള മിച്ചം കാശുമായി എന്തെങ്കിലും ഒരു ബിസിനസ് ആരംഭിക്കുന്ന ചെറുമീനുകൾ മാത്രമാണ്. ഇത്തരം ചെറു മുതലാളിമാർ മിക്കവരും വലവേൽപ്പ് സിനിമയിലെ ഗൾഫ് മോട്ടേർസ് ഉടമ മുരളീധരന്റെ അതേ അവസ്ഥയിൽ സഞ്ചരിക്കുന്നവരാണ്. മുതൽ ഇട്ടതിന്റെ പൊങ്ങച്ചം കാണിക്കാൻ വേണ്ടി ഇടയ്ക്ക് മുതലാളി കുപ്പായമിടുന്ന ഇവർ ബാക്കി സമയം കൂടെയുള്ളവർക്ക് കൂലി കൊടുക്കാൻ കഷ്ടപ്പെടുന്ന വലിയ തൊഴിലാളിയാകും.
പ്രവാസലോകത്ത് ചൂഷണങ്ങളുടെ എണ്ണം സമീപകാലങ്ങളിൽ ഏറെ കുറഞ്ഞിട്ടുണ്ടെങ്കിലും പാസ്പോർട്ട് പിടിച്ചു വെക്കൽ മുതൽ ദേഹോപദ്രവം വരെ ചിലയിടങ്ങളിൽ ഇപ്പോഴും അരങ്ങേറുന്നുണ്ട്. പക്ഷെ നാടുമായുള്ള ഒരു വ്യത്യാസം ഇവിടെ ഇത്തരം തൊഴിൽ കേസുകൾക്ക് പെട്ടന്ന് പരിഹാരങ്ങൾ ലഭിക്കുന്നു എന്നതാണ്. അതിന് കാരണം തൊഴിലാളി യൂണിയനെക്കാൾ മികച്ച പ്രവർത്തനം ഇവിടെയുള്ള തൊഴിൽമന്ത്രാലയവും ഇവിടെയുള്ള സാമൂഹിക പ്രവർത്തകരും ചെയ്യുന്നു എന്നതാണ്. ബഹ്റൈനിലാണെങ്കിൽ ഇവിടെയുള്ള എൽ.എം.ആർ.എ ചെയ്യുന്ന സേവനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. ഒരു തൊഴിലെടുക്കേണ്ടയാൾ അനുഷ്ഠിക്കേണ്ട അച്ചടക്കവും, സമയനിഷ്ഠയും കേവലം തൊഴിലാളികൾ മാത്രമല്ല ഇവിടെ നിർവ്വഹിക്കുന്നത്. മറിച്ച് മിക്ക മുതലാളിമാരും അവരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ ഒരു അവസ്ഥയാണ് ലോകമെങ്ങും ഉണ്ടാകേണ്ടത്. സർവരാജ്യതൊഴിലാളികൾക്ക് പകരം സർവരാജ്യ മനുഷ്യർ എന്ന് കൈക്കോർത്ത് പിടിച്ച് മുദ്രാവാക്യം വിളിക്കാൻ പറ്റുന്ന ഒരു സുന്ദര ലോകമായിരിക്കണം മാറുന്ന കാലത്ത് മെയ്ദിനത്തിന്റെ സന്ദേശമായി വികസിക്കേണ്ടത്. ആ യൂണിയനിൽ തൊഴിലാളിയും മുതലാളിയും അംഗമാകണമെന്ന ആഗ്രഹത്തോടെ ഏവർക്കും മെയ് ദിനാശംസകൾ നേരട്ടെ...