സൂ­ക്ഷി­ച്ചാൽ ദു­ഃഖി­ക്കേ­ണ്ട...


പ്രദീപ് പുറവങ്കര

നാട്ടിലും പ്രവാസലോകത്തും ഒരു പോലെ വേനൽച്ചൂട് കടുക്കുകയാണ്.  വിയർത്ത് കുളിച്ചും ദാഹിച്ചും ഒരു പോലെ ജീവജാലങ്ങൾ തളർന്നുതുടങ്ങി. ദാഹവും ചൂടും ശരീരത്തെ തളർത്തുന്പോളാണ് മിക്കവരും ശീതള പാനീയങ്ങളിൽ അഭയം തേടുന്നത്. ദാഹശമനിയുടെ തണുപ്പിൽ ഒരൽപ്പം ആശ്വാസം എന്ന ലക്ഷ്യത്തോടെ ഇവ കുടിക്കുന്പോൾ ഒരു വിശ്വാസമുണ്ട്. ആരോഗ്യത്തിന് അവ ഹാനികരമല്ലെന്ന വിശ്വാസം. ഇന്ന് കേരളത്തിൽ നിന്ന് വന്ന ഒരു വാർത്ത അത്തരം വിശ്വാസങ്ങളെ ഇല്ലാതാക്കുന്നതാണ്. നമ്മുടെ നാട്ടിൽ പാനീയങ്ങൾക്ക് തണുപ്പ് പകരാൻ ഉപയോഗിക്കുന്ന ഐസുകളിൽ നിന്ന് ഗുരുതരമായ രോഗങ്ങൾ പകരാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മത്സ്യങ്ങൾ കേടാവാതിരിക്കാൻ‍ ഉപയോഗിക്കുന്ന അമോണിയ കലർന്ന ഐസാണ് ഇന്ന് നാട്ടിൽ വലിയൊരുവിഭാഗം പേർ ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പറയുന്നു. കുലുക്കി സർബത്ത് പോലുള്ള പാനിയങ്ങളിലും വഴിയോര ശീതളപ്പാനിയക്കടകളിലുമാണ് ഗുണനിലവാരമില്ലാത്ത ഐസുകൾ  ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങൾ ആണ് ഇതുണ്ടാക്കാൻ പോകുന്നത്. 

 മുന്‍പ് പാനീയങ്ങൾ തണുപ്പിക്കുന്നതിന് ശുദ്ധമായ ഐസ് ഫാക്ടറികളിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് ചെലവ് കൂടുതലായതിനാൽ ഭൂരിഭാഗം ഫാക്ടറികളിലും ഈ ഐസിന്റെ ഉൽ‍പ്പാദനം നിർ‍ത്തുകയായിരുന്നു. ഇതോടെയാണ് പല ശീതളപാനീയ കടകളിലും മത്സ്യസംസ്‌കരണ മേഖലയിൽ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ഐസ് ഉപയോഗിക്കാൻ തുടങ്ങിയത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്നത് കണ്ടറിയണം. ഇത്തരം ഐസിന്റെ ഉപയോഗം ഉദര വ്യവസ്ഥയെയും ദഹനത്തെയും ബാധിക്കും. കൂടാതെ ആമാശയത്തിൽ വ്രണങ്ങളും ഉണ്ടാകും. ദഹനക്കേട്, ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്. ഒപ്പം  അർബുദത്തിനുവരെ വഴിയൊരുക്കാനും സാദ്ധ്യതയുണ്ടെന്ന് ഡോക്ടർ‍മാർ പറയുന്നു. നമ്മുടെ നാട്ടിൽ തെർമോകോൾ‍ ബോക്‌സിനുള്ളിൽ‍ ഐസ് സൂക്ഷിക്കുന്നതും നിയമപ്രകാരം നിരോധിച്ചിതാണെങ്കിലും ഇന്നും  ചെറുകിടക്കാരുടെ കടകളിൽ ഇപ്പോഴും തെർ‍മോകോൾ പെട്ടികൾ ഫ്രിഡ്ജായി തന്നെ ഉപയോഗിക്കുന്നു.

വരാനിരിക്കുന്നത് അവധി കാലമാണ്. പ്രവാസികളായ നിരവധി പേർ ടിക്കറ്റും ബുക്ക് ചെയ്ത് നാടിനെ സ്വപ്നം കാണുവാൻ ആരംഭിച്ചിട്ടുണ്ടാകും.  അവിടെയെത്തി ആവേശത്തിൽ ആരോഗ്യത്തിനെ വിഷമിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണമോ, ശീതള പാനീയങ്ങളോ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക് ഇത്തരം ദോഷകരമായ സാധനങ്ങൾ വാങ്ങി കൊടുക്കാതെ ശ്രദ്ധിക്കുക. അല്ലെങ്കിൽ വീണു കിട്ടുന്ന അവധിദിനങ്ങളിൽ രോഗം പിടിച്ച് അവശത അനുഭവിക്കേണ്ട ഗതികേട് ഉണ്ടാകും. ജാഗ്രത പാലിക്കണമെന്നോർപ്പിച്ചു കൊണ്ട്...

You might also like

  • Lulu Exchange
  • Straight Forward

Most Viewed