ലോ­കം ആഗ്രഹി­ച്ച കാ­ഴ്ച്ച...


പ്രദീപ് പുറവങ്കര

പരസ്പരം പുഞ്ചിരിച്ചു കൊണ്ട് ഒരു ഹസ്തദാനമോ ആലിംഗനമോ നടത്തിയാൽ തീരാവുന്നതേയൂള്ളൂ ലോകത്തെ മിക്കവാറും പ്രശ്നങ്ങളെന്ന് ഒരിക്കൽ കൂടി വിളിച്ചുപറയുന്ന മനോഹരമായ ഒരു ദൃശ്യമാണ്  ഇന്നലെ ലോകമെന്പാടുമുള്ള സമാധാന പ്രേമികളായ മനുഷ്യരെ ഏറെ ആശ്വസിപ്പിച്ചത്. ആറ് പതിറ്റാണ്ടോളമായി കീരിയും പാന്പുമായി കഴിഞ്ഞിരുന്ന ഉത്തര− ദക്ഷിണ കൊറിയൻ നേതാക്കളുടെ ഉച്ചകോടി ഉപഭൂഖണ്ഡത്തിനും ലോകത്തിനും തന്നെ വൻ പ്രതീക്ഷയാണ് നൽകുന്നത്. മൂന്നാം ലോക മഹായുദ്ധം പ്രവചിക്കപ്പെട്ട ഇടത്തിൽ നിന്നാണ് സമാധാനത്തിന്റെ കാഹളം മുഴങ്ങിയിരിക്കുന്നത്. ഇത് ഇരു രാജ്യങ്ങളിലും ആണവ നിരായുധീകരണത്തിലേക്കും സമാധാന ഉടന്പപടിയിലേക്കും സൈനിക പരസ്പര വിശ്വാസം പുനസ്ഥാപിക്കുന്നതിലേക്കും നയിക്കുമെന്ന സൂചനയാണ് നൽ‍കുന്നത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉനും ദക്ഷിണകൊറിയൻ നേതാവ് മുൺ ജേ ഇനുമായി നടന്ന കൂടിക്കാഴ്ച കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള സൊറ പറച്ചിലോ ചായകുടി സൽക്കാരങ്ങളോ അല്ലായിരുന്നു. മറിച്ച് രണ്ടായി പോയ ഒരു ജനസമൂഹത്തിന്റെ മനസിൽ തെളിഞ്ഞ ആശ്വസത്തിന്റെ തിരിനാളം കൂടിയാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വിദ്വേഷഭരിതമായ പ്രചാരണ പ്രവർ‍ത്തനങ്ങൾക്ക് വിരാമമിടുമെന്നും ബന്ധങ്ങൾ‍ സാധാരണ നിലയിൽ പുനഃസ്ഥാപിക്കുമെന്നുമാണ് അവർ ഒപ്പുവച്ച പ്രഖ്യാപനം വ്യക്തമാക്കുന്നത്. 

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ‍ സാമ്രാജ്യത്വത്തിന്റെ ക്രൂരതകൾക്ക് ഒരുപോലെ ഇരയായ ജനതകളാണ് ദക്ഷിണ ഉത്തര കൊറിയകളുടേത്. കൊറിയൻ രാഷ്ട്രവും ജനതയും വിഭജിക്കപ്പെട്ടതുതന്നെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തഫലമാണ്. അതിന് ശേഷം കഴിഞ്ഞ ഏഴു പതിറ്റാണ്ടിലധികമായി ദക്ഷിണകൊറിയയിൽ യു.എസ് സൈനികസാന്നിദ്ധ്യം നിലനിൽക്കുന്നുണ്ട്. ഇത് മേഖലയെയാകെ യുദ്ധത്തിന്റെ കരിനിഴലിൽ നിർത്തികൊണ്ടിരുന്ന ഒരു കാര്യമാണ്.  സ്വതന്ത്രമായ ഒരു നിലപാട് സ്വീകരിക്കാൻ ദക്ഷിണകൊറിയയെ അമേരിക്ക നാളിതുവരെ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ നടന്ന ഉച്ചകോടി അമേരിക്കയുടെ കൈപ്പിടിയിൽ നിന്ന് ദക്ഷിണകൊറിയൻ ജനതയ്ക്ക് ലഭിച്ച വിമോചനത്തിന്റെ പ്രഖ്യാപനമായും കാണാവുന്നതാണ്. ഇതേ രീതി പശ്ചിമേഷ്യയിൽ കൂടി തുടരുകയാണെങ്കിൽ പതിറ്റാണ്ടുകളായി അമേരിക്കയും സഖ്യകക്ഷികളും സംഘർഷമേഖലകളിൽ പതിവായി ഉണ്ടാക്കി വരുന്ന ലാഭകച്ചവടം അവതാളത്തിലാകും. യുദ്ധഭീതി നിലനിൽക്കുന്ന  പശ്ചിമേഷ്യയിൽ അവിടെയുള്ള രാജ്യങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്താൽ അതിശയകരമായ മാറ്റങ്ങൾ ഉണ്ടാകും എന്നുറപ്പാണ്. അതോടൊപ്പം ലോക ജനസംഖ്യയുടെ വലിയൊരു ഭാഗം താമസിക്കുന്ന ഇന്ത്യയും ചൈനയും തമ്മിൽ ബന്ധങ്ങൾ ശക്തപ്പെടുത്തുന്നതും സമാധാന പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. 

കൊറിയൻ രാജ്യങ്ങൾ നടത്തിയ അപ്രതീക്ഷിത നീക്കം ഉപഭൂഖണ്ഡത്തിൽ അമേരിക്കയുടെയും ട്രംപിന്റെയും ആഗ്രഹങ്ങൾക്ക് അനൽപ്പമായ ക്ഷതം ഏൽ‍പ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലോകത്തെവിടെയും യുദ്ധം തുടർ‍ന്നുകൊണ്ടുപോവുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ആയുധവിൽപ്പനക്കാരുടെ പ്രധാന ലക്ഷ്യം. യുദ്ധത്തിന്റെയും സംഘർഷത്തിന്റേയും അന്തരീക്ഷത്തിൽ മാത്രമേ  ഇവർക്ക് ലാഭം കൊയ്യാൻ സാധിക്കൂ. ഇനി ആ പരിപ്പ് ഏറെ കാലം വേവരുത് എന്ന ആഗ്രഹത്തോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed