സ്വാതന്ത്ര്യം അസഹിഷ്ണുതയുടെ മറുപുറമാണ്...
പ്രദീപ് പുറവങ്കര
“എഴുത്തൊക്കെ ഒന്ന് ശ്രദ്ധിച്ചേക്കണം... തിരിച്ച് നാട്ടിൽ പോകേണ്ടതാ.. എപ്പോഴാ എന്താ എന്ന് പറയാൻ പറ്റില്ല...” പതിവ് ഭീഷണിയുമായി കഴിഞ്ഞദിവസവും ഒരു സുഹൃത്ത് ഫോൺ വിളിക്കുന്പോഴാണ് പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ നില വീണ്ടും താഴോട്ടു പോകുന്നു എന്ന വാർത്ത മുന്പിൽ വന്നത്. ആഗോളതലത്തിൽ പത്രസ്വാതന്ത്ര്യം സംബന്ധിച്ച് 180 രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തിയപ്പോൾ ഇന്ത്യയുടെ സ്ഥാനം ഇത്തവണ 138− ആണ്. കഴിഞ്ഞ വർഷം 136 ആയിരുന്നു. റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ് (അതിരുകളില്ലാത്ത റിപ്പോർട്ടർമാർ− ആർഎസ്എഫ്) എന്ന സ്വതന്ത്ര മാധ്യമപ്രവർത്തക സംഘടനയാണ് ആഗോളതലത്തിൽ പഠനം നടത്തി പട്ടിക തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളിൽ മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു പഠിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനായി അഹോരാത്രം പൊരുതുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ആർഎസ്എഫ്. അതുകൊണ്ടുതന്നെ ഈ സംഘടനയുടെ പഠനങ്ങളും നിഗമനങ്ങളും ലോകം ആധികാരികമായി കരുതുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് അഭിമാനിക്കുന്ന ഇന്ത്യയിൽ ജൂഡീഷറിയും, മാധ്യമങ്ങളും ഭരണ വ്യവസ്ഥയുടെ മൂന്നൂം നാലും തൂണുകളായിട്ടാണ് അറിയപ്പെടുന്നതെങ്കിലും, വർത്തമാന കാലത്ത് ഇവ രണ്ടും പ്രതിസന്ധികൾ ഏറെ അഭിമുഖീകരിക്കുന്നുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്വമാണ് ഇവ രണ്ടിനും ഉള്ളത്. സർക്കാരോ നിയമനിർമ്മാണസഭയോ വഴിതെറ്റി നീങ്ങിയാൽ ആ നീക്കത്തിനു ജുഡീഷറി തടയിടണമെന്നും, ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും നമ്മൾ കരുതുന്നു. അതേസമയം വ്യവസ്ഥാപിത സംരക്ഷണമൊന്നുമില്ലാതെ, സാധാരണ പൗരന്‍റെ അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ ബലത്തിലാണ് ഇന്ത്യയിൽ ഏത് കാലവും മാധ്യമസ്വാതന്ത്ര്യം നിലനിന്നുപോരുന്നത്.
നവമാധ്യമങ്ങളുടെ വരവ് പരന്പരാഗത മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വിശ്വാസ്യതയിൽ പരന്പരാഗത മാധ്യമങ്ങൾക്ക് തന്നെയാണ് മുൻതൂക്കമുള്ളത്. അതു കൊണ്ട് തന്നെ പരന്പരാഗത മാധ്യമങ്ങളിലുള്ളവർ നേരിടുന്ന ഭീഷണികൾ ഏറെയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇരുപത്തഞ്ചോളം പരന്പരാഗത മാധ്യമപ്രവർത്തകരാണ് നമ്മുടെ രാജ്യത്തു കൊലചെയ്യപ്പെട്ടത്. കർണാടകയിലെ ഗൗരി ലങ്കേഷിന്‍റെ വധം രാജ്യത്തെ മാധ്യമപ്രവർത്തകർ നേരിടുന്ന സുരക്ഷാഭീഷണിയെ അന്താരാഷ്‌ട്ര ശ്രദ്ധയിൽ കൊണ്ടുവന്നു. അതിന് ശേഷവും ഏതാനും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഭിന്ദിൽ പ്രാദേശിക മാധ്യമപ്രവർത്തകൻ സന്ദീപ് ശർമ്മയും, ബിഹാറിലെ ആരയിൽ ഹിന്ദി പത്രപ്രവർത്തകൻ നവീൻ നിശ്ചലും കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ മാസമാണ്.
നമ്മുടെ നാട്ടിൽ പത്രസ്വാതന്ത്ര്യത്തെപ്പറ്റി വാതോരോതെ പ്രസംഗിക്കുന്ന ഭരണാധികാരികൾ പോലും സ്വന്തം കാര്യം വരുന്പോൾ അസഹിഷ്ണുത നിലപാട് സ്വീകരിക്കുന്നവാണെന്നതാണ് വസ്തുത. മാധ്യമങ്ങൾക്കെതിരേ നിയമനിർമ്മാണം കൊണ്ടുവരാനും ഇവർ ഇടയ്ക്കിടെ ശ്രമിക്കും. അതേസമയം മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നതും പെയ്ഡ് ന്യൂസുമൊക്കെ സമകാലിക യാഥാർഥ്യങ്ങൾ തന്നെയാണെന്ന കാര്യവും മറച്ച് വെയ്ക്കുന്നില്ല. നമ്മുടെ രാജ്യത്തുള്ളതിനേക്കാൾ ഗുരുതരമാണ് പല രാജ്യങ്ങളിലെയും പത്രസ്വാതന്ത്ര്യത്തിന്റെ സ്ഥിതി എന്നതും മറക്കുന്നില്ല. 180 രാജ്യങ്ങളുടെ പട്ടികയിൽ 175−ാം സ്ഥാനത്തുള്ള ചൈന ഇതിന് ഉദാഹരണമാണ്. എവിടെയായാലും അസഹിഷ്ണുതയാണ് സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്. അസഹിഷ്ണുതയ്ക്കു മുകളിൽ സ്വാതന്ത്ര്യത്തെ കൊണ്ടുവരുന്പോൾ മാത്രമേ എവിടെയും ജനാധിപത്യം സുരക്ഷിതമാകൂ എന്നോർമ്മിപ്പിച്ചുകൊണ്ട്..