നാട് കാ­ണാൻ വരു­ന്നവരെ­ സംരക്ഷി­ക്കണം...


പ്രദീപ് പുറവങ്കര

തിരുവല്ലത്ത് ചെന്തിലാക്കരിയ്ക്കടുത്തുള്ള കണ്ടൽക്കാട്ടിൽ നിന്നും ലഭിച്ച മൃതദേഹം കോവളത്ത് കാണാതായ അയർലൻഡ്് സ്വദേശി ലിഗ സ്‌ക്രോമേന്റേത് തന്നെയാണെന്ന് വ്യക്തമായിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വന്ന ഇവർ മരണപ്പെട്ടത് കേരളമെന്ന വിനോദസഞ്ചാര ഇടത്തിന് തന്നെ ഏറെ നാണക്കേടാണ് വരുത്തിവെച്ചിരിക്കുന്നത്. ടൂറിസം പ്രധാന വരുമാന മാർഗമായ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ നിർണായകമാണ്. ഇവിടെ വരുന്ന ടൂറിസ്റ്റുകൾക്കു സുരക്ഷിതമായി യാത്ര ചെയ്യാനും താമസിക്കാനും സാധിക്കുന്ന സ്ഥലം എന്ന ഉറപ്പു നൽകേണ്ടതു സംസ്ഥാന സർക്കാരിന്‍റെ കടമയാണ്. ഇക്കാര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും പോലീസിനും പ്രത്യേക ഉത്തരവാദിത്വമുണ്ട്. 

അയർലൻഡിൽ നിന്ന് വന്ന ലിത്വാനിയൻ പൗരത്വമുള്ള ലിഗ സ്ക്രോമാൻ ചികിത്സയ്ക്കുവേണ്ടിയാണ് കേരളത്തിൽ എത്തിയത്. അവിടെ നിന്ന് മാർച്ച് 14നാണ് ഇവരെ കാണാതാകുന്നത്. കേരളത്തിൽ തന്നെയുണ്ടായിരുന്ന ലിഗയുടെ സഹോദരിയും ബന്ധുക്കളും പലയിടത്തും അന്വേഷിച്ചു. കാണാതായ ദിവസംതന്നെ കോവളത്തെയും പോത്തൻകോട്ടെയും പോലീസ് േസ്റ്റഷനുകളിൽ പരാതിയും നൽകിയിരുന്നു. ലിഗയുടെ ഫോട്ടോയുള്ള പോസ്റ്ററുകൾ പലയിടത്തും ഒട്ടിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ കൈമാറി. ഇതിനെല്ലാം നാട്ടിലെ ചില നല്ല മനുഷ്യരുടെ സഹായം അവർക്കു ലഭിച്ചു. അങ്ങിനെ ഏറെ ശ്രമങ്ങൾക്ക് ഒടുവിലാണ് കോവളം ബീച്ചിനു സമീപം കുറ്റിക്കാട്ടിൽ ലിഗയുടെ മൃതദേഹം കണ്ടെത്തിയതും അത് അവരുടേത് തന്നെയാണെന്ന് സ്ഥിരീകരണം വന്നതും. ഈ മരണത്തിന് പിന്നിൽ എന്ത് തന്നെ ദുരൂഹതയുണ്ടെങ്കിലും അത് കണ്ടത്തേണ്ട ബാധ്യത കേരള പോലീസിനുണ്ട്. സമീപകാലത്ത് നടിയുടെ പീഢന കേസടക്കം സങ്കീർണ്ണമായ പല കേസുകളിലും വേഗത്തിൽ കുരുക്കഴിച്ചിട്ടുള്ള കേരള പോലീസിന് ഒരു വിദേശവനിതയുടെ തിരോധാനത്തെക്കുറിച്ച് ഒരു മാസത്തോളം ഒരു തുന്പും കിട്ടാതെപോയി എന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

ദൈവത്തിന്‍റെ സ്വന്തം നാടെന്ന മനോഹരമായ മുദ്രാവാക്യമുയർത്തിയാണു കേരളം ലോകമെന്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിസൗന്ദര്യവും മറ്റനവധി പ്രത്യേകതകളും കണക്കിലെടുക്കുന്പോൾ ഈ വിശേഷണം കേരളത്തിനു യോജിച്ചതുതന്നെയാണ്. പക്ഷേ നാട് കാണാൻ വരുന്ന സഞ്ചാരികളോടുള്ള നമ്മുടെ പെരുമാറ്റവും അധികൃതരുടെ ഇടപെടലുകളും അവർക്കിവിടെ അനുഭവപ്പെടാവുന്ന അരക്ഷിതത്വബോധവും പലപ്പോഴും വാർത്തകളാകുന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യം കൂടിയാണ്. സുരക്ഷിതത്വരാഹിത്യം, പരിസരമാലിന്യം എന്നിവയൊക്കെ നമ്മുടെ വിനോദസഞ്ചാരം നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. ചിലപ്പോൾ കേരളത്തിനെതിരെ വാർത്തകൾ ഉണ്ടാക്കുവാനും പ്രചരിപ്പിക്കുവാനും ടൂറിസം മേഖലയിൽ തന്നെ വലിയ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുമുണ്ടാകാം. അവർക്ക് അടിക്കാനായി ഒരു വടി കൊടുക്കുന്നത് പോലെയാണ് ഇത്തരം സംഭവങ്ങൾ. പ്രകൃതി എത്ര സുന്ദരമാണെങ്കിലും സ്ഥലം സുരക്ഷിതമല്ലെങ്കിൽ അവിടേക്കെത്താൻ ആരും തയ്യാറാവില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാശ്മീർ. അവിടെ വെടിയൊച്ചകൾ നിലയ്ക്കുന്നത് വരേയ്ക്കും ടൂറിസം മേഖല വളരാൻ സാധ്യത ഏറെ കുറവാണ്. സമാനമായ ഒരു ദുരവസ്ഥ കേരളത്തിനുണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട്...!!

You might also like

Most Viewed