നാട്ടിലേയ്ക്ക് പണമൊഴുകുന്പോൾ..
പ്രദീപ് പുറവങ്കര
പ്രവാസി പണമൊഴുക്കിൽ ഇന്ത്യ ആഗോള തലത്തിൽ വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി എന്ന വാർത്ത വന്നിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 69 ബില്യൺ ഡോളർ (4.58 ലക്ഷം കോടി രൂപ) ആണ് പ്രവാസികൾ സ്വദേശത്തേയ്ക്ക് അയച്ചത്. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തേതിൽ നിന്നും 9.9 ശതമാനത്തിന്റെ വർദ്‍ധനയാണ് പണമൊഴുക്കിൽ രേഖപ്പെടുത്തിയത്. 2016ൽ 62.70 ബില്യൺ ഡോളറായിരുന്നു ഇന്ത്യയിലേയ്ക്ക് പ്രവാസികൾ അയച്ചത്. അതേസമയം 2014ൽ രേഖപ്പെടുത്തിയ 70.40 ബില്യൺ ഡോളറിന്റെ ഒപ്പമെത്താൻ കഴിഞ്ഞവർഷവും സാധിച്ചിട്ടില്ല. 2015ൽ 68.90 ബില്യൺ ഡോളറായിരുന്നു ഇന്ത്യയിലേയ്ക്ക് എത്തിയത്. 64 ബില്യൺ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഫിലിപ്പീൻസ് (33 ബില്യൺ), മെക്‌സിക്കോ (31 ബില്യൺ), നൈജീരിയ (22 ബില്യൺ), ഈജിപ്ത് (20 ബില്യൺ) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.
ഏകദേശം 200 ദശലക്ഷംവരുന്ന പ്രവാസികൾ 2017ൽ 613 ബില്യൺ ഡോളർ സ്വന്തം നാടുകളിലേയ്ക്ക് അയച്ചുവെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷത്തെ 573 ബില്യൺ ഡോളറിൽ നിന്നും ഏഴ് ശതമാനം വർദ്‍ധനയാണിത്. ഇതിൽ 80 ശതമാനവും പണവും 23 രാജ്യങ്ങളിലേക്കാണ് ഒഴുകുന്നത്. 2016ൽ പ്രവാസി പണമയക്കലിൽ മുൻവർഷത്തേതിൽ നിന്ന് ഒന്പത്് ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. എണ്ണവില കുറഞ്ഞതായിരുന്നു ഇതിന് പ്രധാന കാരണം. ഗൾഫ് രാഷ്ട്രങ്ങളുടെ സ്വദേശിവത്കരണവും ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കലിനെ ബാധിച്ചിരുന്നു. എന്നാൽ 2017ൽ ഇതിന് മാറ്റം വന്നിട്ടുണ്ടെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎഇയിൽ നിന്ന് വിദേശത്തേയ്ക്ക് പണമയയ്ക്കുന്നതിൽ 35.2 ശതമാനവും ഇന്ത്യയിലേയ്ക്കാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാനമായ അവസ്ഥ നിലനിൽക്കുന്നു.
2018ൽ പണമയയ്ക്കുന്നതിൽ 4.1 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നും ലോകബാങ്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം സൗദിയിൽ തൊഴിൽ രംഗത്തെ സ്വദേശിവത്കരണം ഗൾഫിൽ നിന്നുള്ള ധനവിനിമയ വളർച്ചയെ ബാധിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സബ്‌സിഡികൾ വെട്ടിക്കുറച്ചതും വിവിധ ഫീസുകളിലെ വർദ്ധനവും പല ഗൾഫ് രാജ്യങ്ങളും മൂല്യവർദ്ധിത നികുതി കൊണ്ടുവന്നതും പ്രവാസി തൊഴിലാളികളുടെ ജീവിത ചെലവ് കൂട്ടിയിട്ടുണ്ട്്. പ്രവാസലോകത്ത് ജീവിക്കുന്ന മിക്ക വിദേശ തൊഴിലാളികളും കണ്ണും നട്ട് കാത്തിരിക്കുന്ന ഒരു കാര്യമാണ് വിനിമയനിരക്കിലെ വ്യതിയാനങ്ങൾ. ഡോളറിന് വിലയിടിയുന്നതിന് അനുസരിച്ച് ഹൃദയമിടിപ്പ് വർദ്ധിക്കുകയും, കുറയുകയും ചെയ്യുന്നവരാണ് മിക്കവരും. മുന്പ് അയച്ചതിനെക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ നാട്ടിലേയ്ക്ക് അയക്കണമെന്ന ആഗ്രഹമാണ് ഓരോരുത്തരെയും എക്സ്ചേഞ്ച് ശാഖകളിൽ എത്തിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ നല്ല നിരക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സന്തോഷത്തിലാണ് ഗൾഫ് പ്രവാസികൾ. അതേ സമയം ഈത്തപഴം പഴുക്കുന്പോൾ കാക്കയ്ക്ക് വായപുണ്ണ് എന്ന തരത്തിൽ നിരക്ക് വർദ്ധിക്കുന്പോൾ പണമയക്കാൻ കൈയിൽ ഒന്നുമില്ലാത്തവരും ധാരാളം. ഇങ്ങിനെയൊക്കെയാണെങ്കിലും വരുംകാലങ്ങളിൽ കൂടുതൽ വിദേശനാണ്യം നമ്മുടെ നാട്ടിൽ പ്രവാസികളിലൂടെ എത്തട്ടെ എന്നാഗ്രഹം ബാക്കിവെച്ചുകൊണ്ട്...