എണ്ണയ്ക്ക് തീ­ പി­ടി­ക്കു­ന്പോൾ..


പ്രദീപ് പുറവങ്കര

ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഉയർന്നുപോകുന്പോൾ പ്രവാസിക്കുണ്ടാക്കുന്ന ആശ്വാസത്തിന്റെ നേർ വിപരീതമായ വികാരമാണ് ഓരോ തവണയും നമ്മുടെ നാട്ടിൽ പെട്രോൾ ഡീസൽ വില വർദ്ധിക്കുന്പോൾ അവിടെയുള്ളവർക്കുണ്ടാകുന്നത്. സബ്കാ സമ്മാൻ സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി മുന്പോട്ട് പോകുന്ന കേന്ദ്ര സർക്കാറിനോ, എല്ലാം ശരിയാക്കാൻ വന്നിരിക്കുന്ന സംസ്ഥാന സർക്കാറിനോ കുതിച്ചുയരുന്ന പെട്രോൾ−ഡീസൽ വിലയ്ക്കു കടിഞ്ഞാണിടാൻ  വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കാത്തത് ഏറ്റവും കടുത്ത ജനദ്രോഹമായി മാത്രമേ കാണാൻ സാധിക്കൂ. പരസ്പരം പഴിചാരുന്ന അവർ സ്വന്തം ഖജനാവിലേക്കു വരുമാനം വർദ്ധിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു എന്നതും ഏറെ ഖേദകരമാണ്. 

സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണവും, അതോടൊപ്പം ആഗോളവിപണിയിൽ എണ്ണവില കൂടുന്നതുമൊക്കെയാണ് ഇവിടത്തെ വിലവർധനയ്ക്കു കാരണമെന്ന് പറഞ്ഞ് സാന്പത്തിക വിദഗ്ദ്ധരും മുഖത്തോട് മുഖം നോക്കിയിരിപ്പാണ്. യഥാർത്ഥത്തിൽ ഇന്ത്യയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയുടെ നല്ലൊരു ശതമാനം നികുതിയാണ് എന്നതാണ് സത്യം.  കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഈ നികുതി ഈടാക്കുന്നു. ഇതിൽ കുറവുണ്ടാകാൻ രണ്ട് പേരും ആഗ്രഹിക്കുന്നില്ല. ബിവറേജസ് കോർപറേഷനിലൂടെ നടത്തുന്ന മദ്യക്കച്ചവടത്തിൽനിന്നുള്ള നികുതിയും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയുമാണ് കേരളസർക്കാരിന്‍റെ പ്രധാന വരുമാനമാർഗങ്ങൾ.

സന്പദ്‌ഘടനയും പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗവും തമ്മിൽ വലിയ ബന്ധമുണ്ട്. ഡീസൽ വില വർദ്ധിച്ചിരിക്കുന്നതിനാൽ റെയിൽവേ, റോഡ് ചരക്കുകൂലികൾ അധികം വൈകാതെ വർദ്ധിച്ചേക്കാം. കേരളത്തിലെ നിത്യോപയോഗസാധനങ്ങൾ ഒട്ടുമിക്കതും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതായതിനാൽ ചരക്കുകൂലി വർദ്ധനവ് എന്നത് നിത്യോപയോഗ വസ്തുക്കളുടെ വിലവർദ്ധനയിൽ എത്തും. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് പെട്രോൾ, ഡീസൽ വിലകൾ പ്രതിദിന നിലവാരമനുസരിച്ചു മാറ്റാൻ തുടങ്ങിയത്. അന്ന് 63.09 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന്‍റെ വില. ഡീസൽ വില 53.33 രൂപയും. ഒരു വർഷം എത്തുംമുന്പു വർദ്ധന 32 ശതമാനത്തിലേറെയായിരിക്കുന്നു. ദിനംപ്രതിയെന്നോണമാണ് ഇപ്പോൾ ഈ വില ഉയരുന്നത്. നിയന്ത്രണമില്ലാത്ത ഈ വിലവർധനയുടെ പ്രത്യാഘാതം എല്ലാ മേഖലകളിലുമുണ്ടാകും. അതു ജനജീവിതം ദുസ്സഹമാക്കുമെന്നതുറപ്പാണ്.  ഇതിന്‍റെ ദുരിതത്തിൽനിന്നു സാമാന്യജനങ്ങളെ രക്ഷിക്കാൻ ഗവൺമെന്‍റ് ഇടപെടണം. 

ആഗോള വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചപ്പോൾ അതനുസരിച്ച് നമ്മുടെ നാട്ടിൽ പെട്രോൾ −ഡീസൽ വില മുന്പ് കൂടിയിരുന്നു. പക്ഷേ, ക്രൂഡ് വില കുറഞ്ഞപ്പോഴാകട്ടെ, ഇവിടെ ഇന്ധന വില കുറയുകയല്ല, മറിച്ച് ഉയരുകയാണു ചെയ്തത്. ഈ പ്രതിഭാസത്തിനാണ് ഇനിയെങ്കിലും മാറ്റം വരേണ്ടത്. അതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തന്നെ വിചാരിക്കണം. സർക്കാർ നികുതി ഇളവു ചെയ്തേ തീരൂ. അല്ലാതെ കിട്ടുന്ന അവസരം പാവം ജനങ്ങളെ പിഴിയാനുള്ള മാർഗമാക്കാം എന്ന സാന്പത്തികശാസ്ത്രം ഒരു ജനാധിപത്യ സമൂഹത്തിൽ വലിയ തെറ്റാണെന്ന ചിന്ത പങ്ക് വെച്ചു കൊണ്ട്... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed