“പു­തി­യ നി­യമം” വരു­ന്പോൾ...


പ്രദീപ് പുറവങ്കര

പുതിയൊരു നിയമം കൂടി നമ്മുടെ നാട്ടിൽ വരികയാണ്. കുട്ടികളെ തുടർച്ചയായി ലൈംഗിക പീഢനത്തിന് ഇരയാക്കുന്നതിൽ ഉള്ള പ്രതിക്ഷേധങ്ങൾ കണക്കിലെടുത്താണ് കേന്ദ്രസർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവന്നതും, രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇപ്പോൾ അതിന് അംഗീകരം നൽകിയതും. 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനാണ് ഈ ഓർഡിനൻസിലൂടെ തീരുമാനിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2016ലെ കണക്ക് പ്രകാരം കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്ന സംഭവങ്ങളിൽ അതിന് തൊട്ടു മുന്പത്തെ വർഷത്തെക്കാൾ 82 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ധാരാളം അഭിപ്രായങ്ങൾ ഇപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പുറത്ത് വരുന്നുണ്ട്. അതിൽ ശ്രദ്ധേയമായി തോന്നിയ ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുന്പോൾ ചിലപ്പോൾ കുട്ടികളുടെ പീഢനവുമായി ബന്ധപ്പെട്ട് പരാതികൾ കുറയാൻ സാധ്യത കാണുന്നു എന്ന നിരീക്ഷണമാണ്. ഇതിന് കാരണമായി പറയുന്നത് ഇത്തരം പീഢന കേസുകളിൽ 94.6 ശതമാനവും കുറ്റം ചെയ്യുന്നത് കുട്ടിയുടെ ബന്ധുക്കളോ അടുപ്പമുള്ള പരിചയക്കാരോ ആണെന്നതാണ്. സ്ത്രീകളും കുട്ടികളും ഇരകളായ ബലാത്സംഗ കേസുകൾ മൊത്തത്തിൽ എടുത്താൽ 2016ൽ 94 ശതമാനത്തിലും (36,657 കേസുകളിൽ 34,650 കേസുകൾ‍) ഇരയ്ക്ക് അറിയാവുന്ന ആളുകളാണ് കുറ്റാരോപിതരായത്. ഇവർക്ക് തൂക്കുകയർ പോലെ കഠിനമായ ശിക്ഷ ലഭിക്കുമെന്ന അവസ്ഥ വരുന്പോൾ പരാതി കൊടുക്കാതിരിക്കാൻ ഇരകളുടെയും അവരുടെ രക്ഷിതാക്കളുടെയും മുകളിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ സമ്മർദ്ധമുണ്ടാകാനുള്ള സാധ്യതയാണ് ഉണ്ടാവുക എന്നാണ് ചിലരുടെ വാദം. 

ഇനി വരുന്ന ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർ‍ച്ചകൾ നമ്മുടെ നാട്ടിൽ സജീവമായേക്കാം. 2102 ഡിസംബറിൽ ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തിന് ശേഷം 2013ൽ ഇതുപോലെയൊരു ക്രിമിനൽ നിയമം ഭേദഗതി ചെയ്തിരുന്നതും ഈ നേരത്ത് ഓർക്കാം. അതു പോലെ 2016ൽ രാജ്യത്ത് 64,138 ബാല ബലാത്സംഗകേസുകൾ  കോടതിക്ക് മുന്നിൽ വന്നിരുന്നു. എന്നാൽ ഇതിൽ കേവലം  1869 കേസുകളിൽ  അതാത്  മൂന്ന് ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് ശിക്ഷനടപടികൾ ഉണ്ടായത്.  

ഇത്തരമൊരു സാഹചര്യത്തിൽ യത്ഥാർത്ഥത്തിൽ ഇന്ത്യക്ക് ഇനി ആവശ്യം കൂടുതൽ നിയമങ്ങളാണോ എന്നതും ഈ നേരത്ത് ചിന്തനീയമായ കാര്യമാണ്.  കുറ്റക്കാർ്‍‍ക്ക് കടുത്ത ശിക്ഷ നൽകുന്നതിന് ആവശ്യമായ വകുപ്പുകൾ ഇന്ത്യൻ നിയമത്തിൽ നിലവിലുണ്ട്. നമ്മുടെ നിയമ വ്യവസ്ഥിതിയുടെ പോരായ്മകളും പാളിച്ചകളും പരിഹരിച്ച് ഈ നിയമങ്ങൾ ശക്തമായി നടപ്പിലാക്കി മുന്നോട്ട് പോവുകയല്ലെ നീതിപീഠവും, ഭരണകൂടവും ചെയ്യേണ്ടത് എന്ന് സാധാരണക്കാരായ ആരുടെയും മനസിൽ ഉയർന്ന് വരാവുന്ന ഒരു ചോദ്യമാണ്.  നിയമസംവിധാനങ്ങളുടെ മെല്ലെപ്പോക്ക് ഒരു രാജ്യത്തിന്റെ ക്രിയാത്മകതയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യമാണ്. അതിവേഗ കോടതികളിൽ പോലും തീരുമാനങ്ങളും വിധിയും വരാൻ എടുക്കുന്ന കാലതാമസം എത്രയോ പേർക്ക് നീതിനിക്ഷേധിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. പുതിയ ഓർഡിനൻസ് വരുന്പോൾ ഇത്തരം കാര്യങ്ങളിൽ കൂടി ഭരണപക്ഷവും പ്രതിപക്ഷവും ചർച്ച ചെയ്യുമെന്ന പ്രതീക്ഷയോടെ... 

You might also like

Most Viewed