“ഡോഗ് ഫാദർ” വിടവാങ്ങുന്പോൾ...
പ്രദീപ് പുറവങ്കര
പട്ടികളോടുള്ള മനുഷ്യന്റെ മനോഭാവം മാറിയതാണോ, അതോ പട്ടികൾക്ക് മനുഷ്യനെ കടിക്കേണ്ട എന്ന് തോന്നിയിട്ടാണോ എന്നറിയില്ല നമ്മുടെ നാട്ടിൽ നിന്ന് തെരുവ് പട്ടികളുടെ ആക്രമണങ്ങളെ പറ്റിയുള്ള വാർത്തകൾ ഇപ്പോൾ ഏറെ കുറഞ്ഞിട്ടുണ്ട്. ഒരു വർഷം മുന്പ് ഏകദേശം എല്ലാദിവസവും ആരെയെങ്കിലും ഒരു പട്ടികടിച്ച വാർത്തകളിൽ മുങ്ങിപോയിരുന്നു കേരളം. ആന്റി കേരള ലോബി ഇതിനെ ഏറ്റെടുക്കയും, പട്ടിശല്യം കാരണം കേരളത്തിൽ പോകുന്നതേ അപകടമാണെന്നുമെക്കെ അന്ന് പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റേത് വാർത്തകൾ പോലെയും ഇതും കെട്ടടങ്ങി.
ഗൾഫ് നാടുകളിൽ തെരുവ് നായകളെ പറ്റിയുള്ള വിവാദങ്ങൾ പൊതുവേ കുറവാണ്. മൃഗങ്ങളോടുള്ള കരുണ നിറഞ്ഞ സമീപനവും, അവയെ വളരെ ഉത്തരവാദിത്വത്തോടെ പരിപാലിക്കാനുള്ള മനസ്ഥിതിയും കാരണം ഇവിടെ വളർത്തുമൃഗങ്ങൾ പൊതുവെ സുരക്ഷിതരാണ്, ഒപ്പം മനുഷ്യരും. എന്നാൽ സമീപകാലങ്ങളിൽ ബഹ്റൈനിൽ തെരുവ് നായ ശല്യം കുറച്ച് രൂക്ഷമായിരുന്നു. ഇത് ഏറ്റവുമധികം വർദ്ധിച്ച് വന്നത് തൊഴിലാളികൾ തിങ്ങി പാർക്കുന്ന ലേബർ ക്യാന്പുകളുടെ സമീപത്തായിരുന്നു. അതിന്റെ ഒരു കാരണം ഇവിടെയുള്ള സെക്യൂരിറ്റി ജീവനക്കാർ അവരുടെ സുരക്ഷക്ക് വേണ്ടിയും, ക്യാന്പിന്റെ സുരക്ഷയ്ക്ക് വേണ്ടിയും പട്ടിവളർത്തൽ ആരംഭിച്ചതാണ്. അനധികൃതമായ രീതിയിൽ വാക്സിനേഷൻ ഒന്നും കൊടുക്കാതെ ഇങ്ങിനെ പട്ടിവളർത്തൽ ഊർജിതമായതോടെ ഇവയുടെ എണ്ണവും പെരുകി വന്നു. പതിയെ പതിയെ ഇവ അവിടെയുള്ള മനുഷ്യരെ ആക്രമിക്കുന്ന അവസ്ഥയിലേയ്ക്കും എത്തിചേർന്നു. ഇവിടെയുള്ള വാർത്താപത്രങ്ങളിലും പട്ടികടിയും, തെരുവ് നായ ശല്യവും വാർത്തകളായി. അത്തരം വാർത്തകളിൽ നിന്നാണ് പട്ടികളെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്നവരെ പറ്റിയും ഒപ്പം ആ ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോഗ് ഫാദറിനെ പറ്റിയും അറിയുന്നത്. പട്ടിയുടെ മകൻ എന്നത് നമ്മുടെ നാട്ടിൽ വലിയൊരു തെറിവിളിയാണ്. ഇവിടെ പട്ടിയുടെ അച്ഛൻ എന്ന് സ്വയം വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾ ഉണ്ടെന്ന് മനസിലാക്കിയപ്പോൾ ഏറെ കൗതുകവും ബഹുമാനവുമാണ് തോന്നിയത്. ടോണി വാടേഴ്സ് എന്ന ആ ഇംഗ്ലണ്ടുകാരൻ 1985ലാണ് ബഹ്റൈനിലെത്തിയത്. മ−ൃഗസ്നേഹിയായ ഇദ്ദേഹം 1998 മുതൽക്കാണ് തന്റെ ഈ സ്നേഹത്തെ ഗൗരവമായി എടുക്കുന്നത്. ഇതേത്തുടർന്ന് അദ്ദേഹം സാർ എന്ന സ്ഥലത്ത് മൃഗങ്ങൾക്കായി ഒരു റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങുകയായിരുന്നു. മൃഗങ്ങളോട് അദ്ദേഹത്തിനുള്ള അളവറ്റ സ്നേഹവും കരുതലുമായിരുന്നു ആ കേന്ദ്രത്തെ വികസിപ്പിച്ചതും, അതിനെ വിജയിപ്പിച്ചതും. ബഹ്റൈനിലെ മൃഗസ്നേഹികൾക്ക് എന്നും കൈയെത്തും ദൂരത്തായിരുന്നു ഡോഗ് ഫാദർ എന്ന ടോണി വാട്ടേഴ്സ്. കഴിഞ്ഞയാഴ്ച്ച ഫോർ പിഎമ്മിന്റെ സഹോദര പത്രമായ വീക്കെൻഡർ മൃഗസംരക്ഷണത്തെ പറ്റി ഒരു പരിപാടി സംഘടിപ്പിച്ചപ്പോൾ അതിൽ വളരെ സജീവമായി പങ്കെടുത്ത ഇദ്ദേഹം കഴിഞ്ഞ ദിവസം രാത്രി കാൻസർ രോഗം കാരണം മരണപ്പെടുകയുണ്ടായി. അദ്ദേഹത്തെ ഏറെ സ്നേഹത്തോടെ ഓർക്കുകയും ആ വിടവാങ്ങലിൽ വേദന രേഖപ്പെടുത്തുകയും ചെയ്യുന്നു.