ഭയം ഒരു­ സാംക്രമി­ക രോ­ഗമാ­ണ്...


പ്രദീപ് പുറവങ്കര

 

ജീവിതത്തെ വേണ്ടതുപോലെ അറിഞ്ഞ്, അതിനെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാതെ പോവുന്പോഴാണ് ഒരാൾക്ക് ഭയം തോന്നുന്നത്. സംഭവിച്ചതിനെക്കുറിച്ചല്ല, ഇനിയെന്തു സംഭവിക്കും എന്നോർത്താണ് മിക്കവരും ഭയപ്പെടുന്നത്. അതായത് നിലവിൽ ഇല്ലാത്ത ഒന്നിനെയാണ് ഭയപ്പാടുള്ളവർ എന്നും ഭയപ്പെട്ടിരിക്കുക എന്ന് സാരം. അങ്ങനെയുള്ള ഭയങ്ങളെ ചിത്തഭ്രമം എന്നാണ് വിളിക്കുക. മനുഷ്യരിൽ മിക്കവരും ഈ ഒരു തരത്തിൽ ചിത്തഭ്രമമുള്ളവരാണെന്ന് മനസിലാക്കാം. സാങ്കൽപികമായ പലതരം ഭയങ്ങളാണ് ഓരോരുത്തരും അവരുടെ ജീവിതത്തിൽ തങ്ങളുടെ മനസിൽ കൊണ്ട് നടക്കുന്നത്. മനുഷ്യൻ ജീവിക്കുന്നത് അവന്റെ മനസിലാണെന്ന് പറയാറുണ്ട്. മനസ്സ് എന്നാൽ അതിന്റെ‍‍ ഒരു ഭാഗം ഓർ‍മ്മയും മറു ഭാഗം ഭാവനയുമാണ്. ഓർമ്മ എന്നത് കഴിഞ്ഞു പോയ കാര്യമാണ്. ഓർമ്മകൾ നൽകിയ അനുഭവത്തിൽ നിന്നുള്ള സങ്കൽപ്പങ്ങളാണ് ഭാവന സൃഷ്ടിക്കുന്നത്. ഇവ രണ്ടും നിലവിലുള്ളതല്ല. ഈ നിമിഷം എന്ന യാത്ഥാർത്ഥ്യത്തിൽ ആണ് നമ്മൾ ശ്രദ്ധ പതിപ്പിക്കുന്നതെങ്കിൽ ഭയം നമ്മെ തീണ്ടുകയേയില്ല. 

ജീവിതത്തിൽ അതിരുകളും, മതിലുകളും കെട്ടിപ്പൊക്കുന്നതും ഇതേ ഭയം കൊണ്ടാണ്. ആ അതിരുകൾക്കുള്ളിൽ‍ ഒതുങ്ങിയിരുന്നാൽ സുരക്ഷിതരായിരിക്കും എന്ന്‍ കരുതുന്നു. ഇങ്ങിനെ സ്വയം കെട്ടിപൊക്കിയ വേലിക്കകത്ത് മനസിനെ കുരുക്കിയിടുന്പോൾ യഥാർത്ഥ ജീവിതം വേലിക്ക് പുറത്തായി പോകും. ജീവിതത്തെ അനുഭവിച്ചറിയണമെങ്കിൽ മനസ് ജീവിതത്തിനൊപ്പം സഞ്ചരിക്കണം. അതല്ലെങ്കിൽ ജീവിതത്തെ അതിന്റെ നിറവോടെ അനുഭവിക്കാനാവില്ല. എന്തിനെയും ഭയപ്പെടുന്പോൾ ജീവിതത്തിന്റെ ആസ്വാദ്യത നക്ഷ്ടപ്പെടുന്നു. അങ്ങനെ ജീവിതത്തെ അനുഭവിക്കാനുള്ള കഴിവും നഷ്ടമാകുന്നു. ഈ ഒരു അവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നത് മാനസികമായ അസ്വാസ്ഥ്യങ്ങളിലാണ്. യാത്ഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകന്ന് മനസ് കൽപ്പിക്കുന്നതും, സങ്കൽപ്പിക്കുന്നതുമായ കാര്യങ്ങളിൽ വിശ്വസിച്ച് അബദ്ധജഡിലമായി തീരും ഇത്തരം ഹതഭാഗ്യരുടെ ഓരോ ജീവിത നിമിഷങ്ങളും. ജീവിതത്തിലെ സന്തോഷങ്ങളും ഉത്സാഹങ്ങളും ഒക്കെ ഇവർ അറിയാതെ പോകുന്നു. ആഹ്ലാദിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു പോകുന്നു. മതി മറന്ന് പാട്ടു പാടാനോ, നൃത്തം ചെയ്യാനോ സാധിക്കുകയില്ല. മനസ്സ് തുറന്നൊന്നു ചിരിക്കാനോ കരയാനോ പോലും ആവില്ല. ഇങ്ങിനെ ജീവിതത്തിലെ സ്വാഭാവികമായ ഒരു സംഗതിയും നിർവഹിക്കാവാനാത്ത ദുരവസ്ഥയിലേയ്ക്ക് അവർ എത്തിചേരും. ഒരു മൂലയിൽ തനിച്ചിരുന്ന്‍ ജീവിതത്തെക്കുറിച്ചും, അതിലെ ഭയങ്ങളെ കുറിച്ചും ഓർത്ത് നിരന്തരം വിലപിക്കുക എന്ന അവസ്ഥയിലേയ്ക്ക് ഇവരെത്തി ചേരും. ഇതിനെ മറികടക്കാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരിക എന്ന വഴി മാത്രമേയൂള്ളൂ. ചിന്തകൾ വർത്തമാനകാലത്തിൽ ഉറച്ച് നിൽക്കുന്പോൾ അവിടെ ഭയത്തിന് സ്ഥാനമുണ്ടാകില്ല. ഒരു മനുഷ്യനായി ജനിച്ചവന് ഭാവിയിൽ ഉറപ്പിക്കാൻ സാധിക്കുന്ന ഒരു കാര്യം മാത്രമേയുള്ളൂ. അത് ഒരു ദിവസം മരിക്കും എന്നത് മാത്രമാണ്. അതേസമയം എനിക്ക് ഇപ്പോഴൊന്നും മരണമില്ല എന്നാണ് ഓരോരുത്തരും വിശ്വസിക്കുന്നത്. മാന്യമായി സ്വന്തം ജീവിതം ജീവിക്കാൻ സാധിച്ച വ്യക്തിക്ക് തന്റെ മരണവും മാന്യതയോടെ വരിക്കാം. അങ്ങനെയല്ലാത്തവരെ സംബന്ധിച്ചടത്തോളം ജീവിതവും മരണവും ഒരുപോലെ ദുരന്തമായിരിക്കും. മരിച്ചുകൊണ്ട് ജീവിക്കണോ അതോ ജീവിച്ചുകൊണ്ട് മരിക്കണോ എന്ന ഒരു ചിന്ത പങ്ക് വെച്ച് കൊണ്ട്.. 

You might also like

Most Viewed