ഭൂമി കുലുങ്ങിയാലും...


പ്രദീപ് പുറവങ്കര

കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളുടെ ദുരപയോഗത്തെ പറ്റി തന്നെ എഴുതിവരികയാണ്. മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടും, അത്ര മാത്രം അസഹനീയം ആയത് കൊണ്ടുമാണ് ജനോപകരപ്രദമായി മാറേണ്ട ഒരിടത്തെ ഇത്രമാത്രം മനസിനെ സംഘർഷഭരിതമാക്കുവാൻ ഉപയോഗിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടി വരുന്നത്. അനാവശ്യവുമായ ചിന്തകൾ വാരികോരിയൊഴിച്ച് മനുഷ്യമനസിനെ മലീമസപ്പെടുത്തുകയാണ് നമ്മുടെ ഇടയിൽ ചിലരുടെ പ്രധാന ജോലി എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ കൂടിയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാത്രിയും പകലും എന്നില്ലാതെ ഇടവടവില്ലാതെ ആ വിഷം ഇങ്ങിനെ വമിപ്പിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ബഹ്റൈനിൽ ഒരു വാർത്ത പരന്നത്. അത് ഇറാനിലുണ്ടായ ഭൂകന്പവും, അതിനെ തുടർന്ന് ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ അനുഭവിച്ച പ്രകന്പനവുമായിരുന്നു. മുന്പൊക്കെ ആയിരുന്നുവെങ്കിൽ ഇങ്ങിനെയൊരു സംഭവം നടന്നാൽ അത് സോഷ്യൽ ഗ്രൂപ്പിലൊക്കെ ഷെയർ ചെയ്യുകയും പരസ്പരം സുരക്ഷിതരായിരിക്കേണ്ടതിനെ പറ്റി ഓർമ്മിപ്പിക്കലുമാണ് നടന്നിരുന്നത്. എന്നാൽ ഇന്ന് ഇത്തരമൊരു ആപത്തിനെ പറ്റി വാർത്തകൾ ഔദ്യോഗികമായി വന്നിട്ട് പോലും നമ്മുടെ ഇടയിലെ ഗ്രൂപ്പുകൾ ജാതിമതരാഷ്ട്രീയ ചർച്ചകൾ അനസ്യൂതം തുടർന്നുകൊണ്ടേയിരുന്നു. പരസ്പരം വെല്ലുവിളിച്ച് ഇവിടെ സംഘർഷഭരിതമാക്കിയപ്പോൾ തങ്ങൾ നിൽക്കുന്ന ഇടം തന്നെ കുലുങ്ങി എന്നത് പോലും അവർക്ക് തിരിച്ചറിയാൻ സാധിച്ചില്ല.  

നമ്മളിൽ പലർക്കും തിമിരം ബാധിച്ചിരിക്കുന്നു എന്നത് പകൽ പോലെ സത്യമായി കൊണ്ടിരിക്കുന്ന കാര്യമാണ് എന്ന് ഓർമ്മപ്പെടുത്തുന്നു ഈ പ്രവർത്തി.  നീ മനുഷ്യനാണോ എന്ന് ചോദിക്കുന്പോൾ സ്വന്തം മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പേരിൽ അറിയപ്പെടാനാണ് താത്പര്യമെന്ന് ചിലരെങ്കിലും പറഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രവാസലോകം ഏറെ ഭയപ്പെടേണ്ട കാര്യമാണിത്. ഇവിടെയുള്ള ഭരണാധികാരികൾ നന്മനിറ‍ഞ്ഞവരും, നമ്മോട് കാരുണ്യമുള്ളവരും ഇന്ത്യ എന്ന രാജ്യത്തോട് ഏറെ ആദരവ് വെച്ചു പുലർത്തുന്നവരുമാണ്. അവർ നമ്മളെ ബഹുമാനത്തോടെ നോക്കുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം നമ്മൾ ഇന്ത്യ എന്ന വലിയൊരു രാജ്യത്തിന്റെ പൗരൻ ആയതിനാലാണ്.  സ്വന്തം മക്കളെയും, ബന്ധുക്കളെയും ഒക്കെ ഉപരിപഠനത്തിന് വേണ്ടി  ഇന്ത്യയിലേയ്ക്ക് പഠിക്കാൻ വിടുന്നത് ആ സംസ്കാരത്തെ ശരിയായ അർത്ഥത്തിൽ അവർ മനസിലാക്കിയത് കൊണ്ടാണ്.  അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ ഏത് ഭരണാധികാരി വന്നാലും കൈ നീട്ടി ഗാഢാലിംഗനം ചെയ്ത് അവരെ ഇവിടെയുള്ള നേതാക്കൻമാർ സ്വീകരിക്കുന്നത്. ഈ മഹാമനസ്കത ഇന്ത്യക്കാരായ നമ്മളിൽ പലർക്കും ഇല്ലാതെ പോകുന്നത് ഏറ്റവും വേദനിപ്പിക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട രണ്ട് പേരിൽ നിന്ന് രണ്ട് വാട്സാപ്പ് സന്ദേശം കിട്ടി. ഒരാൾ ഹൈന്ദവതയുടെ അപ്പോസ്തലനായിട്ടാണ് വന്നതെങ്കിൽ മറ്റെയാൾ ഇസ്ലാമിന്റെ പ്രചാരകനായിരുന്നു. രണ്ട് പേരും അയച്ചുതന്നത് അവരവരുടെ മാർക്കറ്റിങ്ങ് നോട്ടീസായിരുന്നു. സഹികെട്ട് രണ്ടുേപരോടും തിരിച്ച് നൽകിയ മറുപടി ഒന്നായിരുന്നു. “നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം, അതു കൊണ്ട് തന്നെ ദയവ് ചെയ്ത് ഇനി ഇത്തരം സന്ദേശങ്ങൾ അയക്കരുത്. അയക്കുവാൻ തന്നെയാണ് തീരുമാനമെങ്കിൽ ബ്ലോക്ക് ചെയ്ത് ഞാൻ മാറി പോയിക്കോളാം..” ഈ തീരുമാനം പല വാട്സാപ്പ് ഗ്രൂപ്പുകളിലും എടുക്കാൻ നേരമായി എന്ന് തന്നെയാണ് ഇപ്പോൾ തോന്നുന്നത്്....

You might also like

  • Lulu Exchange
  • Straight Forward

Most Viewed