ഇരു­ട്ട് നി­റയ്ക്കു­ന്ന ഗ്രൂ­പ്പു­കൾ...


പ്രദീപ് പുറവങ്കര

ലോകത്ത് തന്നെ ഏറ്റവുമധികം ബന്ദും ഹർത്താലും നടന്ന സ്ഥലം നമ്മുെട കേരളം തന്നെയായിരിക്കും. ഈർക്കിൽ പാർട്ടികളും, ആളില്ലാ പ്രസ്ഥാനങ്ങളും പ്രഖ്യാപ്പിച്ച ഹർത്താൽ പോലും വൻ വിജയമാക്കിയവരാണ് നാം മലയാളികൾ. എന്നാൽ ഈ ഹർത്താലുകളിൽ നിന്നൊക്കെ വ്യത്യസ്തമായി നടന്ന നാഥനില്ലാത്ത ഹർത്താലായിരുന്നു കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ നടന്നത്. ആര് പ്രഖ്യാപിച്ചെന്ന് ആർക്കുമറിയാത്ത ഒരു ഹർത്താൽ. ജമ്മു കശ്മീരിലെ കഠ്‌വയിലെ ദാരുണ സംഭവത്തെ തുടർന്ന് നമ്മുടെ നാട്ടിൽ അരങ്ങേറിയ ഈ ഹർത്താൽ വിപ്ലവം തികച്ചും അപലപനീയമാണെന്ന് പറയാതെ വയ്യ. 

ആഗോളതലത്തിൽ തന്നെ വൻ പ്രതിക്ഷേധങ്ങൾക്ക് ഇടവരുത്തുകയും നമ്മുടെ രാജ്യത്തിന്റെ പ്രതിഛായയ്ക്കുതന്നെ തീരാക്കളങ്കമേൽ‍‍പ്പിക്കുകയും ചെയ്ത സംഭവത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠം പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. രാജ്യത്ത് തന്നെ കേരളത്തിലാണ് കക്ഷിരാഷ്ട്രീയമതഭേദമന്യേ ഏറ്റവുമധികം പേർ ഈ സംഭവത്തെ അപലപിച്ചത്. എന്നിട്ടും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് ഹർത്താലിന് ആഹ്വാനം നൽ‍കുകയും അതിന്റെ പേരിൽ അക്രമം അഴിച്ചുവിടുകയും ചെയ്ത ശക്തികളുടെ ലക്ഷ്യം മനുഷ്യത്വഹീനമായ സംഭവത്തോടുള്ള പ്രതിഷേധമായി വിലയിരുത്താനോ ഒതുക്കിവെക്കാനോ സാധ്യമല്ല. മലയാള സമൂഹത്തിൽ വർ‍ഗ്ഗീയ ചേരിതിരിവും കലാപവും കുത്തിപ്പൊക്കാനുള്ള ആസൂത്രിത ശ്രമമായി മാത്രമേ അതിനെ കാണാനാവൂ. ക്രൂരമായ ഒരു സംഭവത്തോടുള്ള സ്വാഭാവിക പ്രതികരണം എന്നതിലുപരി രാജ്യത്ത് വളർ‍ന്നുവരുന്ന വർഗ്ഗീയ വൈരത്തിന്റെ അന്തരീക്ഷം കൂടുതൽ വഷളാക്കാനും, അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കാനും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു സമരാഹ്വാനമായിരുന്നു അത്. അതേസമയം ഇരുട്ടിന്റെ മറവിലിരുന്ന് ഈ പണിയെടുക്കുന്നവർ വിചാരിച്ചത് പോലെ അക്രമങ്ങൾ പടർ‍ന്ന് പിടിക്കാതെ നിയന്ത്രണ വിധേയമാക്കാൻ കേരളത്തിലെ പോലീസ് സേനയ്ക്ക് സാധിച്ചു എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. 

സാമൂഹ്യ മാധ്യമങ്ങളുടെ‍‍ ഇടപ്പെടൽ ക്രിയാത്മകവും സമാധാനപരവുമായ പല മുന്നേറ്റങ്ങൾ‍ക്കും സഹായകരമായിട്ടുണ്ട്. ഇതിലൂടെ ഉണ്ടാകുന്ന കൂട്ടായ്മകൾ ജനോപകരപ്രദമായ പലതും ചെയ്യുന്നുണ്ട്. അതേസമയം വർഗ്‍ഗീയതയും അക്രമങ്ങളും പ്രചരിപ്പിക്കുന്നതിനും വിധ്വംസക പ്രവർത്തനങ്ങൾക്കും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും ഇതേ ഇടം തന്നെയാണ്. രാഷ്ട്രീയ അട്ടിമറികൾക്ക് പോലും ഈ മാധ്യമങ്ങളെ അറിഞ്ഞോ അറിയാതെയോ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ലോകം ചർച്ച ചെയ്യുന്ന ഒരു കാലം കൂടിയാണിത്. ഇതിനെതിരെ സമൂഹം ജാഗരൂകരായി നിന്നില്ലെങ്കിൽ വലിയ വിപത്തുകളാണ് ഉണ്ടാകാനിരിക്കുന്നത്. പ്രവാസലോകത്തും ഇതിന്റെ മാറ്റൊലികൾ ഉണ്ടായികൊണ്ടിരിക്കുന്നു. സാമൂഹ്യപ്രവർത്തനത്തിന് വേണ്ടിയുണ്ടാക്കിയ ഗ്രൂപ്പുകളിൽ നിന്ന് പോലും അനാവശ്യ വിദ്വേഷ പ്രചരണത്തിന്റെ പേരിൽ ആളുകൾ കൊഴിഞ്ഞുപോകുന്നത് ആരംഭിച്ചിരിക്കുന്നു. ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത് തന്നെ ഇത്തരം ഗൂഢ ലക്ഷ്യങ്ങളോടെയാണോ എന്ന് പോലും സംശയിക്കേണ്ട അവസ്ഥയും സംജാതമാകുന്നുണ്ട്. ഒന്നോ രണ്ടോ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം രാഷ്ടീയവും മതവും ഒക്കെ കൂട്ടികലർത്തി ചർച്ച ചെയ്ത് പരസ്പരം വിദ്വേഷവും, മസ്തിഷ്ക പ്രക്ഷാളനവും നടത്തുന്ന ഈ ഒരു സാഹചര്യത്തെ തിരിച്ചറിയേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഓർമ്മിപ്പിക്കട്ടെ.

You might also like

Most Viewed