ഭയപ്പെ­ടു­ത്തേ­ണ്ട പടപ്പു­റപ്പാ­ട്...


പ്രദീപ് പുറവങ്കര

റഷ്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഒരു ടെലിവിഷൻ ചാനലാണ് റോസിയ 24. കഴിഞ്ഞ ദിവസം മൂന്നാം ലോകമഹായുദ്ധത്തിന് തയ്യാറായിരിക്കാൻ പ്രേക്ഷകരോട് ഈ ചാനലിൽ വന്ന ആവശ്യം  ഏറെ ആശങ്കപ്പെടുത്തുന്നതാണ്. സിറിയയിലെ നിലവിലെ പ്രതിസന്ധിയാണ് ഇത്തരമൊരു വലിയ യുദ്ധത്തിന് കാരണമാകാൻ പോകുന്നതെന്ന് ചാനൽ പറയുന്നു.  ജീവിക്കാൻ വേണ്ട അവശ്യവസ്തുക്കളെക്കുറിച്ച് ചാനൽ പ്രേക്ഷകർക്ക് നിർദേശങ്ങളും നൽകി കഴിഞ്ഞു. ബോംബ് ഷെൽട്ടറുകളിൽ കഴിയുന്പോൾ‍ റേഡിയേഷനിൽ നിന്ന് രക്ഷപ്പെടുന്നതിനായി അയോഡിൻ പാക്ക് കൂടെ കരുതണമെന്നും വെള്ളവും അരിയും സൂക്ഷിച്ച് വെക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയുമൊക്കെ ചാനൽ അതിന്റെ പ്രേക്ഷകർക്ക് ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തു. അതേസമയം ന്യൂയോർക്കിൽ നിന്ന് ഐക്യരാഷ്ട്രാസഭ സെക്രട്ടറി ജനറൽ തന്നെ ശീതയുദ്ധം തിരിച്ചുവന്നിരിക്കുന്നു എന്നും പറയുന്നു.  ശീതയുദ്ധമെന്നാണ് അദ്ദേഹം ഇതിനെ വിളിച്ചതെങ്കിലും മനുഷ്യരെ ചുട്ടുപൊള്ളിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് കുറച്ച് ദിവസങ്ങളായി പശ്ചിമേഷ്യൻ ഭൂപ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ.  

രാസായുധ ആക്രമണത്തിന് ശേഷം യുഎസ്, യുകെ, ഫ്രഞ്ച് യുദ്ധവിമാനങ്ങളും മിസൈലുകളും സിറിയൻ ഭരണകൂടത്തെ ലക്ഷ്യം വച്ച് ഇതിനകം ആക്രമണം തുടങ്ങി കഴിഞ്ഞു. സിറിയയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭൂരിഭാഗവും അസദ് ഗവണ്‍മെന്റിന്‍റെ ഔദ്യോഗിക സിറിയൻ സൈന്യത്തിന്റേയും ഇവരെ സഹായിക്കാനായി രംഗത്തുള്ള റഷ്യൻ, ഇറാൻ സേനകളുടേയും നിയന്ത്രണത്തിലാണ്. ഇവിടേക്കാണ് യുഎസ്, യുകെ, ഫ്രഞ്ച് സൈന്യം ആക്രമണം തുടങ്ങിയിരിക്കുന്നത്. ഇങ്ങിനെ വൻ ശക്തികൾ നേർക്ക് നേർ വരുന്ന തരത്തിൽ ആരംഭിച്ചിരിക്കുന്ന സംഘർഷം ഒരു ലോകമഹായുദ്ധത്തിലേയ്ക്ക് എത്തില്ല എന്നും പറയാൻ സാധിക്കില്ല. അതോടൊപ്പം ഇനി ഒരു ലോകയുദ്ധമുണ്ടാവുകയാണെങ്കിൽ അത് ഒരു കേവല ഭൂമിശാസ്ത്രപരമായ പ്രശ്നമായി മാത്രം ഒതുങ്ങില്ല എന്നാണ് നിരീക്ഷകർ പറയുന്നത്.

ഇത്തരത്തിലൊരു ആഗോള പ്രതിസന്ധിയ്ക്ക് ഇപ്പോൾ കാരണമായിരിക്കുന്നത് സിറിയയുടെ നിലപാടും നമ്മുടെ ലോക നേതാക്കളുടെ മാനസികനിലയുമാണ്. പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ്് ട്രംപിന്റെ. സിറിയയിൽ അസദിനെ റഷ്യ നിലയ്ക്ക് നിർത്തുന്നില്ലെന്നതാണ്് ട്രംപിന്റെ നിലപാട്. വാഷിംഗ്ടണും മോസ്‌കോയും തമ്മിലുള്ള ആശയവിനിമയം ചരിത്രത്തിലെ തന്നെ ഏറ്റവും ചുരുങ്ങിയ നിലയ്ക്കാണുള്ളത്. മറ്റ് പല പാശ്ചാത്യ രാജ്യങ്ങളുമായി ഇറാൻ പോലുള്ള രാജ്യത്തിന്റെ  ആശയവിനിമയത്തിന്റെയും അവസ്ഥയും സമാനമാണ്.  പരസ്പരം വ്യക്തിപരമായി പോലും അധിക്ഷേപകരമായ തരത്തിൽ സംസാരിക്കുന്നതാണ് ഈ രാജ്യങ്ങളിലെ നേതാക്കളുടെ ഇപ്പോഴത്തെ രീതി. പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനെതിരായ അന്വേഷണം ഊർജ്ജിതമാകുന്പോഴാണ് വ്‌ളാദിമിർ പുടിനുമായുള്ള ഭിന്നത രൂക്ഷമാക്കുന്നത്. ഇതും സൂചിപ്പിക്കുന്നത് രണ്ട് പേർ തമ്മിലുള്ള വ്യക്തിപരമായ ശത്രുത വർദ്ധിക്കുന്നു എന്നാണ്.   ഇത്തരത്തിൽ ലോകസമാധാനത്തിന് തന്നെ ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഇപ്പോൾ വൻ ശക്തികൾ മുന്നേറുന്നത്. സമവായത്തിന്റെ സഹവർത്തിത്വത്തിന്റെയും പാതയിലേയ്ക്ക് ഇവർ തിരിച്ച് വന്നിലെങ്കിൽ മനുഷ്യരാശി നേരിടാൻ പോകുന്ന വലിയ വിനാശമായിരിക്കുമെന്ന് ഉറപ്പ്!!

You might also like

  • Lulu Exchange
  • Straight Forward

Most Viewed